കോതമംഗലം: കാട് കണ്ടുള്ള യാത്ര ജനപ്രിയമാകുന്നു. കോതമംഗലം ഡിപ്പോയിൽ നിന്ന് കുട്ടംപുഴ, മാമലക്കണ്ടം മാങ്കുളം, ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറിലേക്ക് ഞായറാഴ്ച മാത്രം തുടങ്ങിയ കെ.എസ്.ആർ.ടി.സി. ജങ്കിൾ സഫാരി ജനം ഏറ്റെടുത്തുകഴിഞ്ഞു. സഞ്ചാരികൾ കൂടിയതോടെ ബസുകളുടെ എണ്ണവും കൂട്ടി. ഒരു ബസിൽ തുടങ്ങിയ സഫാരി ബുക്കിങ് കൂടിയതോടെ ദിവസവുമാക്കി. കോതമംഗലത്തിന് പുറമേ പെരുമ്പാവൂർ ഡിപ്പോയിൽ നിന്നും കാടകത്തേക്ക് സർവീസ് തുടങ്ങിയിട്ടുണ്ട്.

എന്നാൽ ഈ യാത്രയ്ക്കിടെവേണ്ട സുരക്ഷ ഒരുക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. കോതമംഗലത്തുനിന്ന് കഴിഞ്ഞ ഞായറാഴ്ച അഞ്ച് ബസുകളാണ് കാടുകാണാൻ പുറപ്പെട്ടത്. 250-ഓളം യാത്രക്കാരും ഉണ്ടായിരുന്നു. ബസ് പോകുന്ന വഴിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ ഇല്ല. കാടും വെള്ളച്ചാട്ടവും കാണുമ്പോൾ ഒന്നുംനോക്കാതെ ചാടിയിറങ്ങുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നതാണ്. കഴിഞ്ഞദിവസം പെരുമ്പൻകുത്ത് വെള്ളച്ചാട്ടംകണ്ട് ഓടിയിറങ്ങിയ മൂവാറ്റുപുഴ സ്വദേശിയായ 11കാരൻ ഒഴുക്കിൽപ്പെട്ടു.

Perumbankuthu Waterfall
പെരുമ്പൻകുത്ത് വെള്ളച്ചാട്ടം കാണാനിറങ്ങിയവർ

കുട്ടിയെ രക്ഷിക്കാൻ ചാടിയ യുവതിയും അപകടത്തിലായി. സംഭവം കണ്ട കെ.എസ്.ആർ.ടി.സി. ഡ്രൈവർ കിഷോർ തോപ്പിലിന്റെ സമയോചിത ഇടപെടലാണ് രണ്ടുപേരെയും രക്ഷപ്പെടുത്തിയത്. മൂവാറ്റുപുഴയിലെ വ്യാപാരികളുടെ കുടുംബങ്ങളാണ് ബസിൽ എത്തിയത്. കുട്ടി ഒഴുകിയും ചുഴിയിൽപ്പെട്ടും വെള്ളച്ചാട്ടത്തിന് നാലടി അരികെ എത്തിയിരുന്നു. സഹയാത്രികരും മറ്റുള്ളവരും നോക്കിനിൽക്കെയാണ് കിഷോർ രക്ഷാപ്രവർത്തനം നടത്തിയത്.

Content Highlights: ksrtc jungle safari, kothamangalam to munnar trip, ksrtc tourism packages