കോഴിക്കോട്:  അടിമുടി മാറി ടൂറിസം ബജറ്റ് സര്‍വീസിലൂടെ കെ.എസ്.ആര്‍.ടി.സി വരുമാനം കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക്  തുടക്കം  കുറിക്കുമ്പോള്‍ മുമ്പേ നടന്ന് മാതൃകയാവുകയാണ് തൊട്ടില്‍പ്പാലം ഡിപ്പോയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ബോണ്ട് 2 സര്‍വീസ്. കഴിഞ്ഞ ഒരു വര്‍ഷമായി കോഴിക്കോട്ടേക്ക് യാത്ര ചെയ്തിരുന്ന സ്ഥിരം യാത്രക്കാര്‍ ഇന്ന് തങ്ങളുടെ ബസ്സിനെ സ്‌പെഷ്യല്‍ സര്‍വീസ് ആയി പ്രഖ്യാപിച്ച് യാത്ര നടത്തിയത് തുഷാരഗിരിയിലേക്കാണ്. ജനുവരി ഒന്നിന് ബോണ്ട് 2 സര്‍വീസ് ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഇതിന്റെ ആഘോഷമെന്ന രീതിയിലാണ് തുഷാരഗിരിക്ക് ഉല്ലാസ യാത്ര പോവാന്‍ യാത്രക്കാര്‍ തീരുമാനിച്ചത്. നാല്‍പതോളമുള്ള സ്ഥിരം യാത്രക്കാരാണ് ഒരു ദിവസം ജോലി തിരിക്കിനേയും മറ്റും മറന്ന് ഇന്ന് അതേ ബസ്സില്‍ തുഷാര ഗിരിയിലേക്ക് പോയത്.

വെറുമൊരു കെ.എസ്.ആര്‍.ടി.സി സര്‍വീസ് എന്നതിനപ്പുറം സൗഹൃദത്തിന്റെയും പരസ്പര സഹായത്തിന്റേയും കഥ കൂടിയുണ്ട് ബോണ്ട് 2 സര്‍വീസിലെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പറയാന്‍. കോവിഡ് കാലത്ത് പ്രഖ്യാപിച്ച ബോണ്ട് സര്‍വീസ് സംസ്ഥാനത്ത് പലയിടത്തും നിര്‍ത്തിയപ്പോള്‍ ഇന്നും നിറഞ്ഞ യാത്രക്കാരുമായി സര്‍വീസ് നടത്തുന്ന ചുരുക്കം ചില സര്‍വീസുകളില്‍ ഒന്നാണ് തൊട്ടില്‍പ്പാലം ഡിപ്പോയില്‍ നിന്ന് രാവിലെ 7.50 ന് തുടങ്ങുന്ന കോഴിക്കോട്ടേക്കുള്ള ബോണ്ട് ടു സര്‍വീസ്. നഗരത്തിലെ സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന നിരവധി പേരാണ് സ്ഥിരമായി ബസ്സിനെ ആശ്രയിക്കുന്നത്. ഇതിന് മുന്നേയും വയലട-കരിയാത്തും പാറ ഭാഗങ്ങളിലേക്ക് യാത്രക്കാര്‍ ബസ്സുമായി ഉല്ലാസ യാത്ര നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒന്നാം വാര്‍ഷിക ആഘോഷം ഇവര്‍ തുഷാരഗിരിയിലേക്ക് നടത്തുന്നത്.

KSRTC

സ്ഥിരം യാത്രയ്ക്കപ്പുറം പരസ്പര സഹായത്തിന്റെ കൈത്താങ്ങ്  കൂടി ഓരോ യാത്രക്കാരും മുന്നോട്ട് വെക്കുന്നുണ്ട്. ഇതിലെ സ്ഥിരം ഡ്രൈവര്‍ക്ക് കോവിഡ് പിടിപെട്ട് ഗുരുതരമായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അമ്പതിനായിരം  രുപയോളം യാത്രക്കാരില്‍ നിന്ന് പിരിച്ചെടുത്ത് കുടുംബത്തെ ചേര്‍ത്ത് നിര്‍ത്താനായത് യാത്രക്കാരേയും ജീവനക്കാരേയും സംബന്ധിച്ച് ഏറെ അഭിമാനകരമായ കാര്യമാണ്. പരസ്പരം വിശേഷങ്ങള്‍ പറഞ്ഞ്  സഹയാത്രക്കാരുടെ സന്തോഷത്തിലും ദുഖത്തിലും പങ്ക് ചേര്‍ന്ന് നടത്തുന്ന ബോണ്ട് ടു വിന്റെ സര്‍വീസ് കഴിഞ്ഞ ഒരുവര്‍ഷമായി  കെ.എസ്.ആര്‍.ടി.സിയെ  സംബന്ധിച്ചും ഏറെ ലാഭകരമാണ്. ബോണ്ട് ടു വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ യാത്രയുടെ സമയവും സ്റ്റോപ്പിലെത്തുന്ന സമയവുമെല്ലാം അപ്പപ്പോള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ യാത്രക്കാര്‍ക്ക്  ബസ് കിട്ടാതിരിക്കുന്ന പ്രശ്‌നമോ ജോലി സ്ഥലങ്ങളിലേക്ക് എത്താന്‍ വൈകുന്ന പ്രശ്‌നമോ ഇല്ലാത്തതിനാല്‍ ഏറെ താല്‍പര്യത്തോടെയാണ് ആളുകള്‍ ബോണ്ട് ബസ്സിനെ നേക്കി കാണുന്നത്.

Content Highlights: KSRTC Budjet Service Thusharagiri, ksrtc bond service