ഒരിക്കൻപാറ വെള്ളച്ചാട്ടം
മല്ലപ്പള്ളി: മലയും പുഴയും ദൃശ്യഭംഗിയൊരുക്കുന്ന കോട്ടാങ്ങല്‍ ഗ്രാമം വിനോദ സഞ്ചാരഭൂപടത്തിലെത്താന്‍ വൈകുന്നു. കേട്ടറിഞ്ഞ് ഇവിടെയെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടും ഔദ്യോഗികപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നീക്കമില്ല. കോട്ടാങ്ങല്‍ ഗ്രാമപ്പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ റാന്നി വലിയകാവ് റിസര്‍വ് വനത്തോട് ചേര്‍ന്നാണ് നിര്‍മ്മലപുരം നാഗപ്പാറ. വിശാലമായ പാറപ്പുറവും ചെറിയ അരുവികളും ശലഭങ്ങളുടെയും വിവിധ പക്ഷികളുടെ സാന്നിധ്യവും നാഗപ്പാറയെ മനോഹരമാക്കുന്നു. ഔഷധസസ്യങ്ങളെ പരിചയപ്പെടാനും സൂര്യാസ്തമയം കാണാനും ഇവിടെ സൗകര്യമുണ്ട്. പാറകളും പുല്‍പ്പരപ്പുകളും വിശ്രമത്തിന് ഇടം നല്‍കുകയും ചെയ്യും.
തീര്‍ഥാടനയാത്രകള്‍
28 പടയണിയുടെ കേന്ദ്രമായ കോട്ടാങ്ങല്‍ ദേവീക്ഷേത്രം, പ്രത്യക്ഷരക്ഷാദൈവസഭ സ്ഥാപകന്‍ പൊയ്കയില്‍ കുമാരഗുരുവിന്റെ തീര്‍ഥാടനകേന്ദ്രം, സമുദ്രനിരപ്പില്‍നിന്ന് 1200 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കരുവള്ളിക്കാട്ട് സെന്റ് തോമസ് കുരിശുമല തീര്‍ഥാടനകേന്ദ്രം, കരിയംപ്ലാവ് കണ്‍വെന്‍ഷന്‍ നഗര്‍, ഒരിക്കന്‍പാറ വെള്ളച്ചാട്ടം, മണിമലയാറിനു കുറുകെ നിര്‍മിച്ചിരിക്കുന്ന തേലപ്പുഴക്കടവ്, നൂലുവേലി തൂക്കുപാലങ്ങള്‍ എന്നിവ ശ്രദ്ധേയമാണ്. നിര്‍ദിഷ്ട ചെറുവള്ളി വിമാനത്താവളത്തിലേക്ക് നാഗപ്പാറയില്‍നിന്നു അഞ്ച് കിലോമീറ്റര്‍ ദൂരമേയുള്ളൂ.
വിനോദസഞ്ചാരം
നാഗപ്പാറയോടുചേര്‍ന്ന് വനത്തിലുടെ ഒഴുകുന്ന വലിയ തോട്ടില്‍ ചെക്ക്ഡാം, ബോട്ടിങ്, റോപ്പ് വേ, ഏറുമാടങ്ങള്‍ എന്നിവ ഒരുക്കുന്നത് ആകര്‍ഷകമാകും. കൃഷിക്കും കുടിവെള്ളം ലഭ്യമാക്കുന്നതിനുമുള്ള പദ്ധതികള്‍ക്കും അനുയോജ്യമാണ്.
യാത്രാമാര്‍ഗം
ചുങ്കപ്പാറ-ചാലാപ്പള്ളി റോഡില്‍ മാരങ്കുളത്തുനിന്നും രണ്ട് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നാഗപ്പാറയില്‍ എത്താം. കോട്ടയത്തുനിന്നു പാമ്പാടി- ആലാമ്പള്ളി-മാന്തുരുത്തി-നെടുംകുന്നം-കുളത്തൂര്‍മുഴി-മാരങ്കുളം- നിര്‍മ്മലപുരം-മണ്ണാറത്തറ-റാന്നിക്കുള്ള ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞതും ഗതാഗതപ്രശ്‌നങ്ങള്‍ ഇല്ലാത്തതുമായ റൂട്ടാണിത്. ശബരിമല അടക്കമുള്ള തീര്‍ഥാടകര്‍ക്ക് പ്രയോജനപ്പെടും.
28 പടയണിക്ക് പ്രസിദ്ധമാണ് കോട്ടാങ്ങല്‍ ശ്രീമഹാ ഭദ്രകാളി ക്ഷേത്രം. മണ്ഡലകാലത്തും എല്ലാ ഭരണി നാളിലും കളമെഴുതിപ്പാട്ട് നടത്തുന്നുമുണ്ട്. തീര്‍ഥാടന ടൂറിസത്തിന് പരിഗണിക്കപ്പെടണം.
-സുനില്‍ വെള്ളിക്കര, കോട്ടാങ്ങല്‍.
അര്‍ഹമായ അംഗീകാരം
വൈവിധ്യമായ സംസ്‌കാരങ്ങളുടെ കേന്ദ്രമായ കോട്ടാങ്ങലിന് അര്‍ഹമായ അംഗീകാരം നല്‍കാന്‍ അടിയന്തര നടപടി വേണം. യാത്രാസൗകര്യങ്ങളും മെച്ചപ്പെടുത്തണം.
- സുശീലന്‍ പാലക്കല്‍, പുത്തന്‍പുരക്കല്‍, വായ്പൂര്.
അപേക്ഷിച്ചിട്ടുണ്ട്
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനും ടൂറിസം മേഖലയായി ഉയര്‍ത്തുന്നതിനുള്ള വിശദമായ അപേക്ഷകളും റിപ്പോര്‍ട്ടുകളും നല്‍കിയിട്ടുണ്ട്.
- ജോസി ഇലഞ്ഞിപ്പുറം, പഞ്ചായത്തംഗം, കോട്ടാങ്ങല്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..