ബെംഗളൂരു: വിനോദസഞ്ചാര വികസനം ലക്ഷ്യമാക്കി കർണാടകത്തിലെ സനാപുരയിൽ തുംഗഭദ്ര അണക്കെട്ടിന്റെ ജലസംഭരണിയിലേക്ക് എടുത്തുചാടി കൊപ്പാൾ ഡെപ്യൂട്ടി കമ്മിഷണർ(ജില്ലാ കളക്ടർ) വികാസ് കിഷോർ സുരൽകർ. ഇദ്ദേഹം ജലസംഭരണിക്ക് മുകളിലുള്ള മലയിൽ കയറി വെള്ളത്തിലേക്ക് കരണം മറിഞ്ഞ് ചാടുന്നതിന്റെ വീഡിയോ ദൃശ്യം സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

വിനോദസഞ്ചാരകേന്ദ്രമായ ഹംപിയോട് ചേർന്നു നിൽക്കുന്ന സ്ഥലമാണ് സനാപുര. ഇവിടത്തെ ജലസംഭരണി വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാൻ സാധിക്കുന്നതുമാണ്. പക്ഷേ, ഇവിടം മരണക്കെണിയാണെന്ന് പറഞ്ഞ് പലരും ഇങ്ങോട്ട് വരാൻ മടിക്കുന്നു. ഈ ദുഷ്‌പേര് മാറ്റാൻ വേണ്ടിയാണ് ജില്ലാ കളക്ടർ തന്നെ ജലസംഭരണിയിലേക്ക് ചാടി ആളുകളെ ആകർഷിച്ചത്. ജില്ലാ പഞ്ചായത്ത് സി.ഇ.ഒ. ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

വിനോദസഞ്ചാരത്തിന് വലിയ സാധ്യതകളുണ്ടായിട്ടും കൊപ്പാൾ ജില്ല സംസ്ഥാനത്തെ പിന്നാക്ക ജില്ലകളിലൊന്നായി തുടരുകയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായുള്ള ശ്രമത്തിലാണ് ജില്ലാ ഭരണകൂടം. കുതിര സവാരി, മലകയറ്റം പോലുള്ള സാഹസിക വിനോദങ്ങളിൽ ഏർപ്പെടുന്നയാൾ കൂടിയാണ് വികാസ് കിഷോർ സുരൽകർ.

Content Highlights: Deputy Commissioner Of Karnataka District Dives Into Sanapura Reservoir, Koppal DC,