കരമനയാറിന്റെ തീരവും, കൂവക്കുടിപ്പാലവും പരിസരത്തെ പച്ചത്തുരുത്തുകളും | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ
നെടുമങ്ങാട് അരുവിക്കര ഡാമിന്റെ വൃഷ്ടിപ്രദേശമായ കൂവക്കുടിയുടെ തീരപ്രദേശങ്ങളെ ഉൾപ്പെടുത്തി പുതിയ ടൂറിസം പദ്ധതികൾക്ക് സാധ്യതയേറുന്നു. കരമനയാറിന്റെ തീരവും അതിന്റെ ഹരിതാഭയും കൂവക്കുടിയിലെ പച്ചത്തുരുത്തുകളും സജീവമാക്കിക്കൊണ്ടാണ് ടൂറിസം പ്രൊമോഷൻ കൗൺസിൽ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നത്.
അരുവിക്കര, വെള്ളനാട് പഞ്ചായത്തുകളും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും ഇക്കാര്യത്തിൽ സംയുക്തപദ്ധതികൾ തയ്യാറാക്കേണ്ടതുണ്ട്. രണ്ടാം ഇടതുമന്ത്രിസഭയുടെ ടൂറിസം വികസന പദ്ധതികളിൽ തലസ്ഥാന ജില്ലയുടെ ടൂറിസം സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനാണ് നിർദ്ദേശം. ഇക്കൂട്ടത്തിൽ പുഴയോര ടൂറിസം പദ്ധതിക്ക് ജില്ലയിൽ ഏറ്റവും അഭികാമ്യമായ ഇടമായി കണ്ടെത്തിയിട്ടുള്ളതും അരുവിക്കരയെയാണ്.
കരമനയാറിനു കുറുകേയുള്ള കൂവക്കുടിയിലെ പഴയതും പുതിയതുമായ പാലങ്ങൾ ടൂറിസം സാധ്യതകൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ബ്രിട്ടീഷുകാർ നിർമിച്ച നൂറ്റാണ്ട് പഴക്കമുള്ള പഴയപാലത്തെ സംരക്ഷിച്ച് സന്ദർശകരെ എത്തിക്കാം. പാലത്തിൽ നിന്നാൽ കാണാവുന്ന പച്ചത്തുരുത്തുകളിൽ എത്തുന്നതിന് പെഡൽബോട്ടുകൾ, മുളവള്ളങ്ങൾ എന്നിവയും ഉപയോഗിക്കാം.
പച്ചപ്പാർന്ന തുരുത്തുകളിൽ ഇളനീർപന്തലുകളും കോഫീ ഷോപ്പുകളും നിർമിക്കുകയാണെങ്കിൽ വിദേശികളെ ഉൾപ്പെടെ ഇവിടേയ്ക്ക് ആകർഷിക്കാനാകും. വിനോദത്തോടൊപ്പം നിരവധി യുവതീ, യുവാക്കൾക്ക് തൊഴിൽമേഖലകൂടി തുറക്കുന്ന പദ്ധതിക്ക് ടൂറിസം വകുപ്പിന്റെ പിന്തുണയുമുണ്ട്.
കൂടാതെ അരുവിക്കര ഡാമിന്റെ കരകളിലെ ചെറിയ തുരുത്തുകളിൽ തണ്ണീർപ്പന്തലുകൾ, കോഫീ ഷോപ്പുകൾ, ഇളനീർ പാർലറുകൾ എന്നിവ സജ്ജമാക്കിയാൽ കരമനയാറിനെ മലിനമാക്കാതെതന്നെ പദ്ധതി യാഥാർത്ഥ്യമാക്കാം.
പ്രധാനമായും അരുവിക്കര ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളായ കാളിയാർമൂഴി, വാളിയറ തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുത്തി വിനോദസഞ്ചാരത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താം.
വിവിധയിനം പക്ഷികളുടെ താവളംകൂടിയാണ് കാളിയാർമൂഴി. അതിനാൽ രാപകലില്ലാതെ ഇവിടെ കിളിയൊച്ച കേൾക്കാം.
വട്ടക്കണ്ണമൂല, കളത്തറ എന്നിവിടങ്ങളിൽ നിന്നും രണ്ടു കിലോമീറ്റർ ദൂരമുള്ള ദ്വീപിലേക്ക് തോണിയാത്രയും ബോട്ടിങ്ങും നടത്താവുന്നതാണ്. ദ്വീപിലെ പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുതന്നെ കുട്ടികളുടെ പാർക്കിനും സാധ്യതയേറെയാണ്. പരിസ്ഥിതി സൗഹൃദ കുടിലുകളൊരുക്കി സഞ്ചാരികളെ ഇവിടേക്ക് എത്തിച്ചാൽ സർക്കാരിനും തദ്ദേശവാസികൾക്കും ഒരുപോലെ വരുമാനമുണ്ടാക്കാം.
Content Highlights: Koovakkudi tourism developments, Aruvikkara Dam, Trivandrum DTPC, Latest Travel News
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..