കൂത്തുപറമ്പ്: കൂത്തുപറമ്പ് മാറോളി ഘട്ട് ടൗണ്‍ സ്‌ക്വയര്‍ പുതുമോടിയിലേക്ക്. നഗര സൗന്ദര്യവത്കരണത്തിന് മാറ്റേകാന്‍ ലക്ഷ്യമിട്ടുള്ള ടൗണ്‍ സ്‌ക്വയര്‍ നവീകരണ പ്രവൃത്തികള്‍ അന്തിമഘട്ടത്തില്‍ കടന്നു. 15 ലക്ഷം രൂപ ചെലവിട്ടാണ് നവീകരണം.

വേദിക്ക് ചുറ്റുമുള്ള ഗ്രനൈറ്റ് ഇരിപ്പിടങ്ങളോട് ചേര്‍ന്ന് മെക്‌സിക്കന്‍ പുല്ല് വെച്ചുപിടിപ്പിക്കുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. ദിവസങ്ങള്‍ക്കകം നവീകരണം പൂര്‍ത്തിയാക്കി ടൗണ്‍ സ്‌ക്വയര്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. കൂത്തുപറമ്പ് നഗരത്തിന്റെ ശ്രദ്ധാകേന്ദ്രമാണ് മാറോളിഘട്ട് ടൗണ്‍ സ്‌ക്വയര്‍.

വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും മറ്റ് സംഘടനകളുടെയും പൊതുയോഗങ്ങളും സാംസ്‌കാരിക സമ്മേളനങ്ങളും ഉള്‍പ്പെടെ നിരവധി പരിപാടികള്‍ ഇവിടെ നടക്കാറുണ്ട്. ഇതിനുപുറമേ വിവിധ പ്രദേശങ്ങളില്‍നിന്നായി നഗരത്തിലെത്തുന്നവര്‍ ഒഴിവുസമയം ചെലവിടാന്‍ ഇവിടെ എത്താറുമുണ്ട്.

12 വര്‍ഷം മുന്‍പ് സംസ്ഥാന ടൂറിസം വികസന വകുപ്പിന്റെ കീഴിലാണ് ടൗണ്‍സ്‌ക്വയര്‍ നിര്‍മിച്ചത്. ഒരു കോടിയോളം രൂപ ചെലവഴിച്ചായിരുന്നു പുതിയ മാതൃകയിലുള്ള നിര്‍മാണം. പഴയ മാറോളിഘട്ട് നവീകരിക്കുന്നതോടൊപ്പം സ്റ്റേജും ഓപ്പണ്‍ ഓഡിറ്റോറിയവും ടൗണ്‍ സ്‌ക്വയറില്‍ പുതുതായി നിര്‍മിച്ചിരുന്നു.

സൗന്ദര്യവത്കരണത്തിന്റെ ഭാഗമായായി വിളക്കുകാലുകളും, വിലകൂടിയ ഓസ്‌ട്രേലിയന്‍ പുല്ലും നട്ടുപിടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പരിചരണമില്ലാത്തതിനെ തുടര്‍ന്ന് ടൗണ്‍ സ്‌ക്വയര്‍ കാട് മൂടിയ നിലയിലാവുകയായിരുന്നു.

നിരവധിപേരാണ് സായാഹ്നങ്ങളില്‍ ടൗണ്‍ സ്‌ക്വയറില്‍ എത്തിക്കൊണ്ടിരുന്നത്. എന്നാല്‍ കാടുപിടിച്ച് ഇഴജന്തുക്കളുടെയും വളര്‍ത്തുമൃഗങ്ങളുടെയും സാന്നിധ്യം കൂടിയതോടെ ടൗണ്‍സ്‌ക്വയറിനെ സന്ദര്‍ശകര്‍ കൈയൊഴിഞ്ഞു. ടൗണ്‍ സ്‌ക്വയറിന് വേണ്ടത്ര സംരക്ഷണം ലഭിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് നഗരസഭ നവീകരണത്തിന് തുക അനുവദിച്ചത്.

ജൂലായ് അവസാനത്തോടെയാണ് പ്രവൃത്തി തുടങ്ങിയത്. ഗ്രനൈറ്റ് പാകിയ ഇരിപ്പിടങ്ങള്‍ പലയിടങ്ങളിലായി തകര്‍ന്നിരുന്നു. ഇവ മാറ്റിസ്ഥാപിച്ചു. ഇരിപ്പിടത്തോട് ചേര്‍ന്ന് മെക്‌സിക്കന്‍ പുല്ലുകള്‍ വച്ചുപിടിപ്പിക്കുന്ന ജോലി പുരോഗമിക്കുകയാണ്. പുല്ല് സെറ്റാകുന്നതുവരെ നല്ല സംരക്ഷണം വേണം. രാവിലെയും വൈകീട്ടുമായി വെള്ളം നനയ്ക്കണം. അതിഥി തൊഴിലാളികളാണ് പ്രവൃത്തി നടത്തുന്നത്.

തകര്‍ന്ന ഇരിപ്പിങ്ങളും ടോയ്ലെറ്റും അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്. വിളക്കുകളും നേരത്തെ സ്ഥാപിച്ചിരുന്നു. വിള്ളല്‍ വീണ കുളപ്പടവും പുനര്‍നിര്‍മിച്ചു. ഇനി നടപ്പാതയുടെയും ഇന്റര്‍ലോക്ക് സ്ഥാപിക്കലും വാട്ടര്‍ ടാങ്ക്, പെയിന്റിങ് ജോലികളും മാത്രമാണ് അവശേഷിക്കുന്നത്.പ്രവൃത്തി പൂര്‍ത്തിയായാല്‍ കൂത്തുപറമ്പില്‍ സായാഹ്നങ്ങളില്‍ എത്തുന്നവര്‍ക്ക് ഒത്തുചേരാന്‍ നല്ലൊരിടം ലഭിക്കും.

Content Highlights: koothuparampu maoli ghat renovation under progress