കൊല്ലത്തെ വിനോദസഞ്ചാരമേഖല ഉണരുന്നു... ആഭ്യന്തര വിനോദസഞ്ചാരികളുടെ സാന്നിധ്യംകൊണ്ട്


കോവിഡിനുമുൻപ്‌ തുടങ്ങിയെങ്കിലും കോവിഡ് കാരണം മന്ദഗതിയിലായിപ്പോയ പദ്ധതികൾക്കും ജീവൻവെച്ചിട്ടുണ്ട്.

പിച്ചവെക്കാമീ പച്ചത്തുരുത്തിൽ...കൊല്ലം അഷ്ടമുടിക്കായലിനു നടുവിലെ സാമ്പ്രാണിത്തുരുത്തിലെ കാഴ്ച | ഫോട്ടോ: മാതൃഭൂമി

കൊല്ലം : വിദേശസഞ്ചാരികളുടെ വരവില്ലെങ്കിലും കൊല്ലത്ത് ആഭ്യന്തര വിനോദസഞ്ചാരികളുടെ സാന്നിധ്യംകൊണ്ട് വിനോദസഞ്ചാരമേഖല വീണ്ടും ഉണരുന്നു. എട്ടുമാസത്തെ നഷ്ടം നികത്താനാകാത്തതാണെങ്കിലും പുതിയ പ്രതീക്ഷകളും പുത്തൻ പദ്ധതികളുമായി പച്ചപിടിക്കുകയാണ് വിനോദസഞ്ചാരം.

ചടയമംഗലത്തെ ജടായു ടൂറിസം പദ്ധതി, അഷ്ടമുടിക്കായലിൽ സാമ്പ്രാണിക്കോടിയിലും അഡ്വഞ്ചർ പാർക്കിലുമുള്ള ബോട്ടിങ്, പറവൂർ താന്നി, പൊഴിക്കര കടൽത്തീരം, കൊല്ലം ബീച്ച്, അഴീക്കൽ ബീച്ച് എന്നിവിടങ്ങളിലൊക്കെ സഞ്ചാരികൾ എത്തിത്തുടങ്ങിയതാണ് പ്രതീക്ഷ.

കോവിഡിനുമുൻപ്‌ തുടങ്ങിയെങ്കിലും കോവിഡ് കാരണം മന്ദഗതിയിലായിപ്പോയ പദ്ധതികൾക്കും ജീവൻവെച്ചിട്ടുണ്ട്. അഷ്ടമുടി വീരഭദ്രനടയ്ക്കുസമീപം വില്ലേജ് ക്രാഫ്റ്റ് മ്യൂസിയം ഉടനെ ആരംഭിക്കും. കൊട്ടാരക്കര മീൻപിടിപ്പാറ, മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്ത മലമേൽ ടൂറിസം, മുട്ടറ മരുതിമല എന്നിവിടങ്ങളിലേക്കും സഞ്ചാരികൾ എത്തിത്തുടങ്ങി. തങ്കശ്ശേരി തുറമുഖത്തിനുള്ളിൽ സൈക്കിൾ ട്രാക്ക്, ബോട്ട്‌ജെട്ടി, വ്യൂ ടവർ എന്നിവയും പൂർത്തിയാക്കിയിട്ടുണ്ട്.

തെന്മല, പാലരുവി, തങ്കശ്ശേരി, മൺറോത്തുരുത്ത്, ചിൽഡ്രൻസ് പാർക്ക് എന്നിവിടങ്ങളിലും സന്ദർശകർ എത്തിത്തുടങ്ങി. ഹൗസ്‌ബോട്ടുകളിലേക്കും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ക്രിസ്മസ്-പുതുവത്സരത്തോടുകൂടി ഹൗസ്‌ബോട്ടുകളും സജീവമാകുമെന്നാണ് ടൂറിസംരംഗത്തെ പ്രതീക്ഷ. കൊല്ലം-ആലപ്പുഴ ബോട്ട് സർവീസും ഇതുവരെ തുടങ്ങിയിട്ടില്ല. വിദേശ വിനോദസഞ്ചാരികളെ ഏറെ ആകർഷിച്ച ഈ സർവീസിലേക്ക്‌ ആഭ്യന്തര ടൂറിസ്റ്റുകളെ ആകർഷിച്ചാൽ സംസ്ഥാന ജലഗതാഗതവകുപ്പിനും നേട്ടമാകും.

ബീച്ചിൽ കോർപ്പറേഷന്റെ കീഴിലുള്ള മഹാത്മാഗാന്ധി പാർക്കും അക്വേറിയവുമാണ് ഇനി തുറക്കാനുള്ളത്. പാർക്ക് കാടുപിടിച്ചുകിടക്കുകയാണ്. അക്വേറിയത്തിലെ മീനുകൾ പലതും ചത്തുപോയി. വീണ്ടും ശരിയാക്കിയെടുക്കണം. ബീച്ചിൽ കഴിഞ്ഞദിവസം നല്ല തിരക്കായിരുന്നു. ജലകേളി പാർക്കിലും ധാരാളം ആളുകൾ എത്തുന്നുണ്ട്.

പുതിയ ടൂറിസം സർക്യൂട്ട്

കൊല്ലം-മുട്ടറ മരുതിമല-മീൻപിടിപ്പാറ-കടപുഴ-മൺറോത്തുരുത്ത് വില്ലേജ് ടൂർ-പെരുമൺ ജങ്കാർ വഴി കൊല്ലം ആണ് ഒരു സർക്യൂട്ട്. ഒരാൾക്ക് 1,000 രൂപപ്രകാരം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ഡി.ടി.പി.സി. സെക്രട്ടറി സി.സന്തോഷ്‌കുമാർ പറഞ്ഞു. കൊല്ലം-മുട്ടറ-മീൻപിടിപ്പാറ-മലമേൽ-ജടായുപ്പാറ വഴി കൊല്ലം ആണ് മറ്റൊരു റൂട്ട്. 1,200 രൂപയാണിതിന്. 150 കിലോമീറ്ററിനുള്ളിൽ ഒരുദിവസം വ്യത്യസ്തമായ കുറേ സ്ഥലങ്ങൾ കാണിക്കാനാണ് ഉദ്ദേശിക്കുന്നത്.

സാമ്പ്രാണിക്കോടിയിലെ ബോട്ടിങ് വീണ്ടും ഉഷാറാകുന്നു

പണ്ട് ചൈനീസ് വ്യാപാര കപ്പലുകൾ നങ്കൂരമിട്ടിരുന്ന സാമ്പ്രാണിക്കോടി ഇപ്പോൾ കണ്ടൽതുരുത്തും കായലോര ഭക്ഷണശാലയുംകൊണ്ട് വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. ഇവിടെ രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെ ചെറിയ വള്ളത്തിൽ കണ്ടൽതുരുത്തിലേക്ക് പോകാൻ ധാരാളം സഞ്ചാരികളാണ് എത്തുന്നത്. ഒഴിവുദിവസങ്ങളിലാണ് കൂടുതൽ പേരെത്തുന്നത്. തുരുത്തിൽ മുട്ടോളം വെള്ളത്തിൽ ഇറങ്ങിനടക്കാം. കായൽ കക്കകളെയും ചെറുമീനുകളെയും ശംഖുകളെയും കാണാം. കണ്ടൽച്ചെടികളെ പരിചയപ്പെടാം.

Sambranikkodi
സാമ്പ്രാണിക്കോടിയിലെ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ റെസ്റ്റോറന്റ് | ഫോട്ടോ: ബി. മുരളികൃഷ്ണൻ \ മാതൃഭൂമി

ഭ്രാന്തൻകണ്ടൽ, നക്ഷത്ര, മഞ്ഞ, ഉപ്പൂട്ടി, ചെറു ഉപ്പൂട്ടി എന്നിങ്ങനെ അഞ്ചുതരം കണ്ടലുകളാണ് ഈ രണ്ടര ഏക്കർ സ്ഥലത്തുള്ളത്. വിവാഹാനന്തരം കണ്ടൽ നടാനും ഫോട്ടോഷൂട്ടിനുമൊക്കെ ആളുകൾ എത്താറുണ്ടിവിടെ. മുരിങ്ങയും കല്ലുമ്മക്കായും ഞണ്ടും മറ്റും എടുക്കുന്നതും കാണാം. മുരിങ്ങ വിൽപ്പനകേന്ദ്രത്തിലും വേണമെങ്കിൽ വള്ളം അടുപ്പിക്കും. കായൽതീരം റെസ്റ്റോറന്റിൽ ഭക്ഷണവും ലഭിക്കും. കുടുംബസമേതം ചെലവഴിക്കാൻ പറ്റിയ സ്ഥലമാണ്. ബോട്ടിങ്ങിന് ഒരാൾക്ക് നികുതിയടക്കം 177 രൂപയാണ്.

Content Highlights: Kollam Tourism Destinations, Jatayuppara, Thenmala, Munroe Island, Palaruvi Waterfalls, Travel News

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented