ജൈവവൈവിധ്യ ടൂറിസം സർക്യൂട്ടിലെ ഇടങ്ങളിലൊന്നായ മൺറോ തുരുത്ത് | ഫോട്ടോ: സജിത്ത് ഫോട്ടോട്രീ | മാതൃഭൂമി
കൊല്ലം: കഴിഞ്ഞ സംസ്ഥാന ബജറ്റ് ജില്ലയിലെ ടൂറിസം മേഖലയ്ക്കു നൽകിയത് വലിയ പ്രതീക്ഷയായിരുന്നു. പക്ഷേ കോവിഡ് പ്രതിസന്ധിയിലും സാങ്കേതികത്വത്തിലും തട്ടി പദ്ധതികളെല്ലാം പ്രഖ്യാപനത്തിലൊതുങ്ങി. അഷ്ടമുടി-അച്ചൻകോവിൽ ജൈവവൈവിധ്യ ടൂറിസം സർക്യൂട്ടിന് 25 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്.
അഷ്ടമുടിക്കായൽ, മൺറോത്തുരുത്ത്, കൊട്ടാരക്കര മീൻപിടിപ്പാറ, മലമേൽപ്പാറ, മുട്ടറ മരുതിമല, ജടായുപ്പാറ, തെന്മല, അച്ചൻകോവിൽ എന്നിവിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള വിശാലമായ പദ്ധതിയാണ് ബജറ്റിൽ നിർദേശിച്ചിരുന്നത്.
വലിയ പദ്ധതിയായതിനാൽ വിശദമായ പദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറാക്കാൻ ടൂറിസം വകുപ്പിന് കഴിയാത്ത സ്ഥിതിയുണ്ട്. ചില സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കുന്നതിനു ശ്രമം നടത്തിയെങ്കിലും വിശദമായ പദ്ധതിരേഖ ഇനിയും തയ്യാറായിട്ടില്ല.
തങ്കശ്ശേരിയിൽ പൈതൃക മ്യൂസിയം സ്ഥാപിക്കാൻ 10 കോടി രൂപ ബജറ്റിൽ നീക്കിവെച്ചിരുന്നു. അതും യാഥാർഥ്യമായില്ല. ഇവിടെ വിശദ പദ്ധതിരേഖ തയ്യാറാക്കാൻ ‘വാസ്തുശില്പാലയ’ എന്ന സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പ്രവർത്തനങ്ങൾ പ്രാരംഭഘട്ടത്തിൽ നിൽക്കുകയാണ്. പഴയ പോസ്റ്റ് ഓഫീസ് കെട്ടിടം പഴമ നിലനിർത്തി മ്യൂസിയമാക്കി മാറ്റാനായിരുന്നു പരിപാടി. പോർച്ചുഗീസ് ശ്മശാനം, തങ്കശ്ശേരിയിലെ കവാടം എന്നിവ നവീകരിക്കാനും ബജറ്റിൽ തുക നീക്കിവെച്ചിരുന്നു. വിനോദസഞ്ചാരവകുപ്പ്, വിശദ പദ്ധതിരേഖയും അപേക്ഷയും നൽകിയാൽ ഭൂമി കൈമാറാമെന്ന നിലപാടിലാണ് റവന്യൂവകുപ്പ്. എന്നാൽ ഡി.പി.ആർ. തയ്യാറായിട്ടില്ലാത്തതിനാൽ ഭൂമി കൈമാറ്റം നടന്നില്ല.
ജലാശയങ്ങളിലും കരയിലും സഞ്ചരിക്കുന്ന ആംഫീബിയൻ വാഹനസൗകര്യം സംസ്ഥാനത്ത് ആദ്യഘട്ടമായി കൊല്ലത്ത് പരീക്ഷിക്കുമെന്ന പ്രഖ്യാപനവും പാഴ്വാക്കായി.
കായലും കടലും ഭംഗിയുള്ള തോടുകളും തുരുത്തുകളും കണ്ടൽക്കാടുകളും മലയോരവും തേയിലത്തോട്ടവുമെല്ലാം ചേർത്തുള്ള പദ്ധതി നടപ്പായിരുന്നെങ്കിൽ വിനോദസഞ്ചാരമേഖലയ്ക്ക് കരുത്താകുമായിരുന്നു.
കണ്ടൽക്കാടുകളിലൂടെയുള്ള ജലയാത്ര, മലകയറ്റം, തെന്മല, അച്ചൻകോവിൽ വനമേഖലയിലൂടെയുള്ള സഞ്ചാരം എന്നിവയെല്ലാം ടൂറിസം സർക്യൂട്ടിൽ ഉൾപ്പെടുമെന്നായിരുന്നു പ്രഖ്യാപനം. ഇവിടങ്ങളിലെല്ലാം താമസസൗകര്യമടക്കം ക്രമീകരിക്കാനാണ് ഉദ്ദേശിച്ചിരുന്നത്.
Content Highlights: Bio Diversity Tourism Circuit, Kollam Tourism,Travel News Latest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..