കൊല്ലം ബീച്ച് | ഫോട്ടോ: സി.ആർ ഗിരീഷ് കുമാർ
കൊല്ലം ബീച്ചിലെ അപകടം കുറയ്ക്കാന്‍ 10 കോടിയുടെ പദ്ധതി തയ്യാറാകുന്നു. തീരത്തുനിന്ന് 200 മീറ്റര്‍ മാറി, ബീച്ചിനു സമാന്തരമായി കടലിലെ ആഴംകുറഞ്ഞ ഭാഗത്ത് ജിയോ ട്യൂബുകള്‍ സ്ഥാപിക്കും. 200 മീറ്റര്‍ നീളത്തില്‍ ഇടയില്‍ 100 മീറ്റര്‍ സ്ഥലം ഒഴിച്ചിട്ടുകൊണ്ട് മൂന്നു ജിയോ ട്യൂബുകളാണ് സ്ഥാപിക്കുക. രണ്ടറ്റങ്ങളിലായി ചെറിയ പുലിമുട്ടുകളും ഉണ്ടാകും. ഇവിടെ തിരമാലകളുടെ ശക്തികുറച്ച് അപകടം ഒഴിവാക്കുകയാണ് ലക്ഷ്യം. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ ബീച്ചിന്റെ നീളം ഒരുകിലോമീറ്റര്‍കൂടി വര്‍ധിക്കും.
10 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ (കെ.എന്‍.സി.എ.ഡി.സി.) ചെന്നൈ ഐ.ഐ.ടി.യുമായി ചേര്‍ന്നു തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് കൊല്ലം ബീച്ചിനെ സുരക്ഷിതമായി വികസിപ്പിക്കാനുള്ള പദ്ധതി നിര്‍ദേശിച്ചത്. പഠന റിപ്പോര്‍ട്ട് വെള്ളിയാഴ്ച കോര്‍പ്പറേഷനു സമര്‍പ്പിച്ചു. പദ്ധതിയുടെ വിശദമായ പഠനത്തിനും ഡി.പി.ആര്‍. തയ്യാറാക്കാനും തീരദേശ വികസന കോര്‍പ്പറേഷനെ ചുമതലപ്പെടുത്തി.
അപകടസാധ്യത കുറയും
കൊല്ലം ബീച്ചിന് കേരളത്തിലെ മറ്റു ബീച്ചുകളെക്കാള്‍ ആഴം കൂടുതലാണ്. ജിയോ ട്യൂബുകള്‍ സ്ഥാപിക്കുന്നതോടെ വലിയ തിരമാലകള്‍ അതിലടിക്കുകയും ശക്തി കുറയുകയും ചെയ്യും. തീരത്തേക്ക് തിരമാലകള്‍ ശക്തിയില്ലാതെ എത്തുന്നതോടെ അപകടസാധ്യത വലിയ അളവില്‍ കുറയുമെന്നാണ് പ്രതീക്ഷ.
പദ്ധതി നടപ്പാക്കുന്ന ഒരുവര്‍ഷംകൊണ്ടു ബീച്ചിന്റെ കുത്തനെയുള്ള ചെരിവ് കുറച്ചുകൊണ്ടുവരും. അപകടസാധ്യത ഇല്ലാതാക്കാന്‍ സാധിച്ചാല്‍ വിനോദസഞ്ചാരമേഖലയില്‍ വലിയ നേട്ടമാകും. ജലകായികവിനോദങ്ങളും തുടങ്ങാന്‍ പദ്ധതിയുണ്ട്.
ഏഴുവര്‍ഷം; കടല്‍ കവര്‍ന്നത് 57 ജീവനുകള്‍
കൊല്ലം ബീച്ചില്‍ ഏഴുവര്‍ഷത്തിനിടെ 57 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 16 വിനോദസഞ്ചാരികളടക്കം നൂറുകണക്കിനുപേര്‍ തിരയില്‍പ്പെട്ടു. ബീച്ചിലെ ലൈഫ് ഗാര്‍ഡുകളാണ് ഇവരെ അപകടത്തില്‍നിന്നു രക്ഷപ്പെടുത്തിയത്. കടലിലേക്ക് ഇറങ്ങാതിരിക്കാനും കുളിക്കാതിരിക്കാനും വടംകെട്ടിത്തിരിച്ചിട്ടുണ്ടെങ്കിലും വകവയ്ക്കാതെ ഇറങ്ങുന്നതിലധികവും യുവതലമുറയാണ്. പാഞ്ഞുവരുന്ന തിരമാലയ്ക്കുമുന്നില്‍ സെല്‍ഫിയെടുക്കുമ്പോഴും കാലുകള്‍ നനയ്ക്കുന്നതിനുവേണ്ടി കടലിലേക്ക് ഇറങ്ങുമ്പോഴുമാണ് ഏറെയും അപകടം.
സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം
കൊല്ലം ബീച്ചിന് സംസ്ഥാനത്തെ മറ്റു ബീച്ചുകളെക്കാള്‍ ആഴം കൂടുതലാണ്. അപകടസാധ്യതയും കൂടുതലാണ്. ബീച്ചില്‍ വരുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ടി പഠനം നടത്തുന്നതിന് കൊല്ലം കോര്‍പ്പറേഷന്‍ മുന്‍കൈയെടുത്ത് 15 ലക്ഷം രൂപ തീരദേശവികസന കോര്‍പ്പറേഷനു നല്‍കി. വിശദമായ പദ്ധതിരേഖ തയ്യാറാക്കി സര്‍ക്കാര്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്.
പ്രസന്ന ഏണസ്റ്റ്, മേയര്‍
Content Highlights: kollam beach
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..