കൊല്ലം : കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ സാഹചര്യത്തില്‍ കൊല്ലം ബീച്ചില്‍ ധാരാളം സഞ്ചാരികളെത്തുന്നു. പക്ഷേ, സുരക്ഷാകാര്യത്തിലും ശുചിത്വകാര്യത്തിലും ഇപ്പോഴും അധിക്യതര്‍ക്ക് ഒഴുക്കന്‍ മട്ടാണ്. കേരളത്തിലെ ഏറ്റവും അപകടസാധ്യതയുള്ള ബീച്ചുകളിലൊന്നാണ് കൊല്ലം. തൊട്ടടുത്ത് കപ്പല്‍ച്ചാലായതിനാലും കരയില്‍നിന്ന് പെട്ടെന്ന് ആഴംകൂടുന്ന തരം ബീച്ചായതിനാലും കടലില്‍ വീഴുന്നവര്‍ അപകടത്തില്‍പ്പെടും. ലൈഫ്ഗാര്‍ഡുകള്‍ ഉള്ളതുകൊണ്ടുമാത്രമാണ് പലരുടെയും ജീവന്‍ ഇവിടെ കടലാഴങ്ങളിലേക്ക് പോകാതിരുന്നത്. നേരത്തേ ഒട്ടേറെപ്പേര്‍ ഇത്തരത്തില്‍ മരിച്ചിരുന്നു.

ഇപ്പോള്‍ പുതിയ റോഡുകളും അവിടെ പാര്‍ക്കിങ് സൗകര്യവുമായതോടെ ബീച്ചില്‍ സന്ദര്‍ശകര്‍ ഇറങ്ങുന്നയിടത്തിന്റെ ആഴം കൂടി. വടക്കേയറ്റത്തും തെക്കേയറ്റത്തും സന്ദര്‍ശകര്‍ കൂടുതലായി ഇറങ്ങാനും തുടങ്ങി. ലൈഫ്ഗാര്‍ഡുകളുടെ പരിധിക്കപ്പുറമായതിനാല്‍ ഇവിടെ ഇപ്പോള്‍ പലരും അപകടത്തില്‍പ്പെടുന്നുണ്ട്. പ്രാദേശികമായി കൂടുതല്‍ ലൈഫ്ഗാര്‍ഡുകളെ നിയോഗിച്ച് തിരക്കുള്ള ദിവസങ്ങളില്‍ ഇവിടെയും ലൈഫ്ഗാര്‍ഡുകളുടെ സേവനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. കൊല്ലം ബീച്ചിനു തെക്കുമാറി താന്നി ബീച്ചിലും ഇപ്പോള്‍ ധാരാളം സഞ്ചാരികളെത്തുന്നുണ്ട്. ഇവിടെയും ലൈഫ്ഗാര്‍ഡുകളില്ല. ധാരാളം സഞ്ചാരികളെത്തുന്ന അഴീക്കല്‍ ബീച്ചില്‍ ഒരു ലൈഫ്ഗാര്‍ഡ് മാത്രമാണുള്ളത്.

അപകടത്തില്‍പ്പെട്ടു കാണാതാകുമ്പോള്‍ തിരയാന്‍ വലിയ സന്നാഹമെത്തുമെങ്കിലും അപകടമുണ്ടാകാതിരിക്കാനും തടയാനുമുള്ള സംവിധാനമേര്‍പ്പെടുത്താന്‍ അധികൃതര്‍ക്ക് മടിയാണ്. തിരച്ചില്‍ സംവിധാനങ്ങളും കാലഹരണപ്പെട്ടതാണെന്ന ആക്ഷേപം തീരവാസികള്‍ ഉന്നയിക്കുന്നുണ്ട്. കൊല്ലം ബീച്ചിലെ മുന്നറിയിപ്പുകള്‍ വിളിച്ചുപറയാനുള്ള മെഗാഫോണ്‍ കേടായിട്ട് വര്‍ഷങ്ങളായി. വിസില്‍ മാത്രമാണ് ആകെയുള്ളത്. പോലീസുകാരും ബീച്ച് സുരക്ഷാരംഗത്ത് എത്താറില്ല. റോഡില്‍ ട്രാഫിക് നിയന്ത്രണത്തില്‍ തീരുന്നു ഇവരുടെ സേവനം.

വനിതാ പോലീസ് അടക്കം തിരക്കുള്ള സമയത്ത് പോലീസ് സേവനം ബീച്ചില്‍ വേണമെന്നതും സഞ്ചാരികളുടെ ആവശ്യമാണ്. പുലിമുട്ടിനകത്ത് കടല്‍ ശാന്തമായിടത്ത് വലകെട്ടി സഞ്ചാരികള്‍ക്ക് കുളിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയും പ്രധാന ബീച്ച് കാറ്റേറ്റിരിക്കാനും കാണാനും മാത്രമുള്ള ഇടമാക്കുകയും വേണമെന്ന നിര്‍ദേശവും നാട്ടുകാര്‍ ഉന്നയിച്ചിട്ടുണ്ട്.

ശുചിത്വകാര്യത്തിലും ബീച്ചിന്റെ അവസ്ഥ പരിതാപകരമാണ്. ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും വലിച്ചെറിയുന്ന ജനത്തിന്റെ ശീലവും മാലിന്യങ്ങള്‍ ഇടാനുള്ള സംവിധാനമില്ലായ്മയും മാലിന്യങ്ങള്‍ കൃത്യമായി പരിപാലിക്കാത്തവര്‍ക്കെതിരേ നടപടിയില്ലാത്തതുമാണ് ശുചിത്വം അവതാളത്തിലാക്കുന്നത്. ആറുമാസംമുന്‍പ് കാറ്റില്‍ തകര്‍ന്നുവീണ ക്‌ളോക്ക് ടവര്‍ അവിടെനിന്ന് എടുത്തുമാറ്റാന്‍പോലും കഴിഞ്ഞിട്ടില്ലെന്നോര്‍ക്കുക. ബീച്ചില്‍ വില്‍പ്പനയ്‌ക്കെത്തുന്ന ഉപ്പിലട്ടതുമുതല്‍ ഐസ്‌ക്രീമിന്റെവരെ ഗുണനിലവാരം പരിശോധിക്കപ്പെടുന്നില്ലെന്നതാണ് മറ്റൊരു പ്രധാന പ്രശ്‌നം. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് വിനോദസഞ്ചാരസൗഹൃദ ബീച്ചാക്കി മാറ്റാനുള്ള പദ്ധതികളാണ് കൊല്ലം ബീച്ചില്‍ ബീച്ചില്‍ ഇനിയുണ്ടാവേണ്ടത്.

Content Highlights: kollam beach lacks  security and cleanilness