കൊല്ലം : സാഹസികതയ്ക്കൊപ്പം രുചിമേളവും ചേർത്ത് ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാൻ അഡ്വഞ്ചർ പാർക്കിൽ കൂടുതൽ റൈഡുകൾ. അഷ്ടമുടിക്കായലിൽ ചൂണ്ടയിട്ട്‌ മീൻ പിടിക്കാനും ചൂണ്ടയിൽക്കൊളുത്തിയ മീൻ അവിടെത്തന്നെ പാചകംചെയ്തു കഴിക്കാനുമുള്ള സൗകര്യവുമുണ്ട്.

കായിക ഇനമെന്ന നിലയ്ക്കാണ് മീൻപിടിത്തംകൂടി പുതുതായി ഉൾപ്പെടുത്തിയത്. പിടിക്കുന്ന മീൻ തത്സമയം പാചകംചെയ്തു കഴിക്കാനായി ഗ്രിൽ കൗണ്ടറും സജ്ജമാക്കി. ആശ്രാമത്തെ കലാകാരന്മാരുടെ കൂട്ടായ്മയിൽനിന്നുള്ളവർ ഇവിടെയെത്തുന്നവർക്കായി കരകൗശല ഉത്പന്നനിർമാണ പരിശീലനവും നൽകും.

കരയിലും സാഹസിക ഇനങ്ങൾ

പാർക്കിനോടുചേർന്നുള്ള അഷ്ടമുടിക്കായലിൽ നേരത്തേതന്നെ ജല കായികവിനോദങ്ങൾ ആരംഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി കരയിലും സാഹസിക ഇനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഉയരത്തിൽ നൂൽപ്പാലത്തിലൂടെ സൈക്കിൾ ചവിട്ടാനുള്ള റോപ് സൈക്ലിങ്‌, ശരീരത്തിന്റെ സന്തുലിതാവസ്ഥ പരിശോധിക്കാനും തൂക്കുപാലത്തിനു സമാനമായ ബീമിലൂടെ പതറാതെ നടക്കാനും ബീം ബാലൻസിങ്, മരങ്ങൾക്കിടയിൽ കപ്പിയിൽ തൂങ്ങി അതിവേഗം പോകാനായി സിപ് ലൈൻ, വലിച്ചുകെട്ടിയ നെറ്റിലൂടെ പിടിച്ചുകയറിപ്പോകാൻ കമാൻഡോ നെറ്റ് എന്നിവയാണ് പുതുതായി ആരംഭിച്ച സാഹസിക ഇനങ്ങൾ. 20 അടിയോളം ഉയരത്തിൽ ബേസ് ക്യാമ്പ് ഒരുക്കിയാണ് സാഹസിക ഇനങ്ങൾ നടത്തുന്നത്.

റൈഫിൾ ഷൂട്ടിങ്ങും അമ്പെയ്ത്തിനുള്ള സന്നാഹങ്ങളുമൊക്കെ പുതുമ നിറയ്ക്കുകയാണ്. സാഹസികതയ്ക്കൊപ്പം വ്യായാമപ്രധാനമായ അന്തരീക്ഷമാണ് സജ്ജമാക്കിയിട്ടുള്ളത്. കായലിലെ സാഹസിക ഇനങ്ങളായ ജെറ്റ് സ്കീയിങ്, പാരാസെയിലിങ്, കയാക്കിങ്, ചെറുവള്ള യാത്ര, ഫ്ളൈബോർഡ് തുടങ്ങിയവയുമുണ്ട്. കൂടുതൽ ഇനങ്ങൾ സ്വീകാര്യതയ്ക്ക് അനുസൃതമായി ഏർപ്പെടുത്തുമെന്ന് ഡി.ടി.പി.സി. സെക്രട്ടറി ഡോ. രമ്യ ആർ.കുമാർ അറിയിച്ചു.

റോപ് സൈക്ലിങ്, സിപ് ലൈൻ എന്നിവയ്ക്ക് 177 രൂപയും മറ്റ് ഇനങ്ങൾക്കെല്ലാം 118 രൂപയുമാണ് നിരക്ക്. അമ്പെയ്ത്തിൽ അഞ്ചെണ്ണം ലക്ഷ്യത്തിൽ കൊണ്ടാൽ ഈടാക്കിയ തുക തിരികെ നൽകും. ഇതേ മാനദണ്ഡപ്രകാരം എട്ട് ഗൺഷോട്ടുകൾ ലക്ഷ്യത്തിലെത്തിച്ചും തുക നേടാം. ജെറ്റ് സ്കീ, ബേസിക് സ്കീ, രണ്ടുപേർക്കുള്ള സ്പീഡ് ബോട്ട് എന്നിവയ്ക്ക് 590 രൂപ. കയാക്കിങ്‌, ബനാന ബോട്ട് ഡ്രൈവ് എന്നിവയ്ക്ക് 236 വീതവും. രണ്ടുപേർക്കുള്ള കയാക്കിങ്ങിന് 413 രൂപ. അഞ്ചുപേർക്കുള്ള സ്പീഡ് ബോട്ടിൽ മുക്കാൽ മണിക്കൂർ നീളുന്ന സാമ്പ്രാണിക്കോടിയാത്രയ്ക്ക് 3,540 രൂപ നൽകണം. ഇതേ നിരക്കിൽ ഫ്ളൈബോർഡും ഉപയോഗിക്കാം.

Content Highlights: kollam adventure park, new year celebrations, kollam dtpc