നിയന്ത്രണങ്ങളോടെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നുകൊടുത്തതോടെ മുസിരിസ് പൈതൃക പദ്ധതിയുടെ സഞ്ചാരപഥങ്ങളില്‍ ആളനക്കമായി. മാസങ്ങളോളം പൂട്ടിക്കിടന്നിരുന്ന ജലപാതകളില്‍ പുനരാരംഭിച്ച ഹോപ് ഓണ്‍ ഹോപ് ഓഫ് ബോട്ടുകളുടെ യാത്രയക്കും തിരക്കേറിത്തുടങ്ങി. പൈതൃകപദ്ധതി പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് ബോട്ടുയാത്ര. ഓണം അവധി ദിവസങ്ങളിലേക്ക് ഓണ്‍ലൈനിലൂടെ ബുക്കിങ്ങും നടക്കുന്നുണ്ട്

ജലയാത്ര കോവിഡ് നിയന്ത്രണങ്ങളോടെ

ജലയാത്രയില്‍ പറവൂര്‍ ജൂതപ്പള്ളി, ചെറായി സഹോദരന്‍ അയ്യപ്പന്‍സ്മാരക മ്യൂസിയം, പള്ളിപ്പുറം മഞ്ഞുമാതാപള്ളി, അഴീക്കോട് മാര്‍ത്തോമ്മ തീര്‍ഥകേന്ദ്രം, ചേന്ദമംഗലം സിനഗോഗ്, പാലിയം കൊട്ടാരം എന്നിവയെയാണ് ബന്ധിപ്പിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള രേഖകള്‍ ഹാജരാക്കുന്നവര്‍ക്ക് മാത്രമാണ് യാത്ര അനുവദിക്കുക.

ആറുവലിയ ബോട്ടുകളും അഞ്ചു വാട്ടര്‍ ടാക്സികളുമാണ് സര്‍വീസ് നടത്തുന്നത്. വിവിധ പാക്കേജുകളോടെയാണ് സര്‍വീസ് നടത്തുന്നതെങ്കിലും കോവിഡിന്റെ പശ്ചാത്തലത്തില്‍ പാക്കേജുകള്‍ക്കും യാത്രക്കാരുടെ എണ്ണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാവിലെ 10 മുതല്‍ അഞ്ച് വരെയാണ് സര്‍വീസ്. ഇതിനുപുറമേ കോട്ടപ്പുറം വാട്ടര്‍ഫ്രണ്ടില്‍നിന്ന് സണ്‍സൈറ്റ് ക്രൂയിസ് എന്ന പേരില്‍ മുനമ്പം അഴിമുഖത്തേക്ക് വൈകീട്ട് അഞ്ച് മുതല്‍ ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രയും ഒരുക്കിയിട്ടുണ്ട്.

മുസിരിസ് മ്യൂസിയങ്ങളും കോട്ടപ്പുറം കോട്ടയും തുറന്നു

മുസിരിസ് പൈതൃക പദ്ധതിയുടെ മറ്റു പ്രധാന കേന്ദ്രങ്ങളായ അഴീക്കോട് മുനയ്ക്കല്‍ മുസിരിസ് ബീച്ച്, കോട്ടപ്പുറം കോട്ട, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് സ്മാരക മ്യൂസിയം, ചെറായി സഹോദരന്‍ അയ്യപ്പന്‍ സ്മാരക മ്യൂസിയം, പാലിയം കൊട്ടാരം, ഗോതുരുത്ത് ആക്ടിവിറ്റി സെന്റര്‍, കേസരി ബാലകൃഷ്ണപിള്ള മ്യൂസിയം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെല്ലാം സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തിട്ടുണ്ട്. കോട്ടപ്പുറം കായലോരത്തെ ആംഫി തിയേറ്ററിലും നടപ്പാതകളിലുമെല്ലാം തിരക്ക് അനുഭവപ്പെടുന്നുണ്ട്.

Content highlights : Kodungallur muziris tourist destinations museums and forts reopen travellers rush