പഴനി: ക്രിസ്മസ് അവധിയെത്തുടർന്ന് കൊടൈക്കനാലിൽ സഞ്ചാരികളുടെ വൻ തിരക്ക്. സഞ്ചാരികളുടെ ഒഴുക്ക് കാരണം കൊടൈക്കനാലിലേക്കുള്ള റോഡുകളിലെ പല ഭാഗങ്ങളിലും വാഹനക്കുരുക്ക് അനുഭവപ്പെട്ടു. അപ്സർവേട്ടറി റോഡ്, ഏരി റോഡ്, പാമ്പാർ പുരം തുടങ്ങിയ ഭാഗങ്ങളിലാണ്‌ ശക്തമായ വാഹനക്കുരുക്ക് അനുഭവപ്പെട്ടത്. ഇതോടെ സഞ്ചാരികൾ വളരെയധികം ബുദ്ധിമുട്ടി.

സ്കൂളുകൾക്കും മറ്റ്‌ സ്ഥാപനങ്ങൾക്കും ക്രിസ്മസ് അവധിയായതിനാൽ കഴിഞ്ഞ മൂന്നുദിവസമായി കൊടൈക്കനാലിലേക്ക് കുടുംബസമേതം സഞ്ചാരികളുടെ ഒഴുക്കാണ്. വനംവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൈൻ ഫോറസ്റ്റ്, ഗുണാഗുഹ, മോയർ പോയന്റ്, പശുമൈ പള്ളത്താക്ക് തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചാരികളുടെ വൻ തിരക്ക് അനുഭവപ്പെട്ടു. ഇതുപോലെ കൊടൈക്കനാൽ നക്ഷത്ര ഏരിയക്ക്‌ ചുറ്റുമുള്ള ഭാഗങ്ങളിൽ കുതിരസവാരി, സൈക്കിൾ സവാരി, ബോട്ടിങ്‌ എന്നിവ നടക്കുന്ന ഇടങ്ങളിലും സഞ്ചാരികളുടെ തിരക്കനുഭവപ്പെട്ടു.

ഒരു സഞ്ചാരകേന്ദ്രത്തിൽനിന്ന്‌ മറ്റ്‌ സഞ്ചാരകേന്ദ്രത്തിലേക്ക് എത്താൻ യാത്രക്കാർ വളരെയധികം സമയമെടുത്തു. കൊടൈക്കനാലിൽ അനുഭവപ്പെട്ട സഞ്ചാരികളുടെ തിരക്കിനിടെ ലോഡ്ജുകളിലും ഹോട്ടലുകളിലും തുക കൂടുതലായി ഈടാക്കിയതായി പരാതി ഉയർന്നിട്ടുമുണ്ട്. ബന്ധപ്പെട്ട അധികാരികൾ ഹോട്ടലുകളിലും ലോഡ്ജുകളിലും വിലവിവര ബോർഡ് വെക്കുന്നതിനുവേണ്ട നടപടികൾ എടുക്കണമെന്നും സഞ്ചാരികൾ ആവശ്യപ്പെട്ടു.

Content Highlights: kodaikanal travel, kodaikanal rush, guna cave, pine forest