കൊച്ചി: ചായകുടിക്കാൻ മൂന്നാറിലേക്ക് ബൈക്ക് ട്രിപ്പ് നടത്തിയിരുന്ന ഫ്രീക്കന്മാരെയടക്കം മൂന്നാറിലെത്തിക്കാൻ ആനവണ്ടി റെഡിയാകുന്നു. എറണാകുളം കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ നിന്ന്‌ മൂന്നാറിലേക്കും തിരിച്ചുമുള്ള യാത്രാ പാക്കേജാണ് ആരംഭിക്കുന്നത്. യാത്രയിൽ ഈ റൂട്ടിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടി സന്ദർശിച്ച് മടങ്ങാനുള്ള സൗകര്യം ഉണ്ടാകും.

ടോപ്പ്സ്റ്റേഷൻ, ഇക്കോ പോയിന്റ്, മ്യൂസിയം, തേയിലഫാക്ടറി, കുണ്ടള തടാകം, മാട്ടുപ്പെട്ടി അണക്കെട്ട് തുടങ്ങി എല്ലാ പ്രധാന കേന്ദ്രങ്ങളും കാണാനുള്ള സൗകര്യമൊരുക്കിയാണ് സർവീസുകൾ ക്രമീകരിക്കുക. ആദ്യഘട്ടം വിജയമായാൽ മറ്റ് സഞ്ചാരകേന്ദ്രങ്ങളിലേക്കും സർവീസ് തുടങ്ങും.

വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി കെ.എസ്.ആർ.ടി.സി. സ്പെഷ്യൽ സർവീസുകൾ നടന്നുണ്ട്. ഇതിന്റെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ് എറണാകുളം ഡിപ്പോ. കെ.എസ്.ആർ.ടി.സി.യുടെ മറ്റു ഡിപ്പോകളിൽ ആരംഭിച്ച ടൂറിസം സർവീസുകൾക്ക് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.

ഇപ്പോൾ നോൺ എ.സി. ഫാസ്റ്റ് / സൂപ്പർഫാസ്റ്റ് ബസുകളാണ്‌ ടൂറിസം സർവീസിന് അയയ്ക്കുന്നത്. യാത്രക്കാരുടെ ആവശ്യമനുസരിച്ച് എ.സി. ബസുകളും സർവീസിൽ ഉൾപ്പെടുത്തും.

മൂന്നാറിലേക്ക് മലപ്പുറത്തുനിന്ന് ബസ് സർവീസുണ്ട്. ബസ് നിരക്ക് മാത്രം ഉൾപ്പെട്ട പാക്കേജാണിത്. കൂടാതെ, വിവിധ ഡിപ്പോകളിൽ നിന്ന് അരിപ്പ, മലക്കപ്പാറ, ഗവി തുടങ്ങിയ ഭാഗങ്ങളിലേക്കും ടൂറിസ്റ്റ് സർവീസുകളുണ്ട്. ഇതിൽ മലക്കപ്പാറ സർവീസുകളാണ്‌ കെ.എസ്.ആർ.ടി.സി.യുടെ ഹിറ്റ്‌ലിസ്റ്റിൽ ഇടം നേടിയിരിക്കുന്നത്.

മഴമാറിയാൽ ഉടനെ സർവീസ് ആരംഭിക്കാനാണ്‌ തീരുമാനം. പൊതു അവധിയായ ഞായറാഴ്ചകളിലാണ്‌ ട്രിപ്പുകൾ ഉണ്ടാവുക. ഞായറാഴ്ച രാവിലെ പുറപ്പെട്ട് രാത്രിയിൽ തിരിച്ചെത്തും. ഓരോ വിനോദസഞ്ചാര കേന്ദ്രത്തിലും പ്രത്യേക സമയം നിശ്ചയിച്ചാണ്‌ സ്റ്റോപ്പ് അനുവദിക്കുക. സർവീസിൽ യാത്രാച്ചെലവ് മാത്രമാണ് ഉൾപ്പെടുക.

ഭക്ഷണം, പ്രവേശനപ്പാസുകൾ എന്നിവയുടെ ചെലവ് യാത്രക്കാർ നൽകണം. ഒരുമിച്ച് എത്ര ടിക്കറ്റ് വേണമെങ്കിലും ബുക്ക് ചെയ്യാനാകും. ബുക്കിങ് അനുസരിച്ചാണ് സർവീസുകൾ ക്രമീകരിക്കുന്നത്.

മഴമാറിയാൽ ആദ്യ ട്രിപ്പ്

‘‘കാലാവസ്ഥയും മഴയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രൂക്ഷമായി നിൽക്കുന്നതിനാൽ കുറച്ചുദിവസങ്ങൾ കൂടി കാത്തിരുന്നിട്ട് സർവീസ് തുടങ്ങും. ജില്ലയിൽ വിവിധ ടൂറിസം കേന്ദ്രങ്ങളുണ്ടെങ്കിലും മൂന്നാറിനാണ് പ്രഥമ പരിഗണന നൽകുന്നത്. സഞ്ചാരികളുടെ ആവശ്യം മുന്നിൽക്കണ്ടുള്ള പാക്കേജുകളാണ് രൂപവത്‌കരിക്കുക. മറ്റ് ഡിപ്പോകളിൽനിന്ന്‌ വ്യത്യസ്തമായുള്ള ടൂർ പാക്കേജാണ് എറണാകുളത്ത് ആലോചിക്കുന്നത്.’’

- വി.എം. താജുദ്ദീൻ, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ

കുമ്പളങ്ങിയും ട്രിപ്പിലുണ്ടേ...

കൊച്ചിയിൽനിന്ന് ഇല്ലെങ്കിലും കെ.എസ്.ആർ.ടി.സി.യുടെ ടൂറിസം പാക്കേജിലെ സ്റ്റാറായി മാറിയിരിക്കുകയാണ് നമ്മളുടെ കുമ്പളങ്ങി. ചങ്ങനാശ്ശേരി ഡിപ്പോയിൽ നിന്നാണ് കുമ്പളങ്ങി ടൂറിസം വില്ലേജിലേക്ക് ബസ് സർവീസ് ഉള്ളത്. ചങ്ങനാശ്ശേരി, കുമരകം, അർത്തുങ്കൽ, കുമ്പളങ്ങി, ചെല്ലാനം, അന്ധകാരനഴി, ഓമനപ്പുഴ, ചമ്പക്കുളം എന്നിങ്ങനെയാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കായലിന്റെയും കടലിന്റെയും സൗന്ദര്യം ആസ്വദിച്ച് യാത്രചെയ്യുന്നതിനായി ആളുകളെ ആകർഷിക്കുകയാണ് ബസ് സർവീസിന്റെ ലക്ഷ്യം.

Content Highlights: kochi to munnar ksrtc trip, ksrtc tourism packages, ksrtc ernakulam