ബിനാലെ
ഡിസംബര്‍ 12-ന് തുടങ്ങുന്ന കൊച്ചി മുസരിസ് ബിനാലെയ്ക്ക് അരങ്ങൊരുങ്ങി. ആറുലക്ഷത്തിലധികം പേര് കണ്ട ബിനാലെയുടെ നാലാം പതിപ്പില്‍നിന്ന് ഭിന്നമായി ലോകമെമ്പാടും നിന്ന് ഇത്തവണ കൂടുതല്‍ കാഴചക്കാരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പന്ത്രണ്ടിന് ആരംഭിക്കുന്ന ബിനാലെ ഏപ്രില്‍ പത്ത് വരെ നീണ്ടുനില്‍ക്കും. സിംഗപ്പൂരില്‍നിന്നുള്ള ആര്‍ട്ടിസ്റ്റ് ഷുബിഗി റാവു ക്യുറേറ്ററായ ബിനാലെയുടെ അഞ്ചാം പതിപ്പ് 12ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
നമ്മുടെ സിരകളില്‍ ഒഴുകുന്നത് മഷിയും തീയും എന്നതാണ് ബിനാെല അഞ്ചാം പതിപ്പിന്റെ പ്രമേയം. വിവിധ രാജ്യങ്ങളില്‍നിന്നുള്ള തൊണ്ണൂറോളം കലാകാരന്മാരുടെ സൃഷ്ടികളാണ് ബിനാലെയില്‍ ഉണ്ടാവുക. പതിനാലുവേദികളിലായി നാലുമാസക്കാലം നീണ്ടുനില്‍ക്കുന്ന ബിനാലെയിലേക്ക് രാവിലെ പത്ത് രാത്രി ഏഴ് വരെ പ്രവേശനമുണ്ടാകും.
ഇതിന്റെ മുന്നൊരുക്കങ്ങള്‍ക്കായി മേയര്‍ എം. അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. കെ.ജെ. മാക്സി എം.എല്‍.എ., ജില്ലാ കളക്ടര്‍ രേണു രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ ശേഷം നടക്കുന്ന ബിനാലെ ടൂറിസം രംഗത്ത് ഉണര്‍വ് പകരുമെന്ന് യോഗം വിലയിരുത്തി. ബിനാലെ നടക്കുന്ന ഭാഗങ്ങളിലെ ശുചീകരണത്തിന് നഗരസഭ മുന്‍കൈ എടുക്കും. കടല്‍ത്തീരത്തെ പായല്‍ നീക്കിത്തുടങ്ങി. പ്രദേശത്ത് പ്രത്യേക ബയോ ടോയ്ലെറ്റുകളും സ്ഥാപിക്കും. ഫോര്‍ട്ട്കൊച്ചി സൗത്ത് ബീച്ച് ഭാഗത്തെ തകര്‍ന്ന ടൈലുകള്‍ പുനഃസ്ഥാപിക്കുന്നതിന് കൊച്ചി സ്മാര്‍ട്ട് മിഷന് ലിമിറ്റഡ് നടപടി സ്വീകരിക്കും.
റോ-റോ യുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മേയറും കളക്ടറും മന്ത്രിതലത്തില്‍ കെ.എസ്.ഐ.എന്‍.സി.യുമായി ചര്‍ച്ച നടത്തും. പാര്‍ക്കിങ്ങിന് സ്ഥലം കണ്ടെത്തുവാനുള്ള ചുമതല റവന്യൂ വകുപ്പിനെ ഏല്‍പ്പിച്ചു. പോലീസ് പട്രോളിങ് ശക്തിപ്പെടുത്തും. സൈന്‍ ബോര്‍ഡുകളും ഹെല്പ് ഡെസ്കുകളും സ്ഥാപിക്കും.
അടുത്ത ശനിയാഴ്ച ജനപ്രതിനിധികളും ആര്.ഡി.ഒ. ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് എം.എല്‍.എ. യുടെ നേതൃത്വത്തില്‍ യോഗം ചേരും. റസിഡന്റ്സ് അസോസിയേഷനുകളുടെയും ഹോംസ്റ്റേ ഓണേഴ്സ് അസോസിയേഷന്റെയും പ്രതിനിധികളെയും പങ്കെടുപ്പിക്കും.
ഞായറാഴ്ചത്തെ യോഗത്തില്‍ സി.എസ്.എം.എല്‍. സി.ഇ.ഒ. എസ്. ഷാനവാസ്, മട്ടാഞ്ചേരി എ.സി.പി. അരുണ്‍ കെ. പവിത്രന്, ബിനാലെ ഫൗണ്ടേഷന് പ്രതിനിധികളായ ബോസ് കൃഷ്ണമാചാരി, ബോണി തോമസ്, ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlights: Kochi-Muziris Biennale to be held from Dec 12 to April 10
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..