ഫോട്ടോ: സിദ്ദീഖുൽ അക്ബർ
കൊച്ചിയില്‍ തിങ്കളാഴ്ച തുറക്കുന്നത് കലയുടെ അത്ഭുത ലോകം. ഫോര്‍ട്ടുകൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും എറണാകുളത്തെയും വേദികളില്‍ ഇനി ബിനാലെ കാലമാണ്. ബിനാലെ ആരംഭിച്ചതിന്റെ പത്താം വാര്‍ഷികമാണിത്. കോവിഡ് പ്രതിസന്ധിമൂലം നടക്കാതെ പോയ 2020 ബിനാലെ പതിപ്പാണ് ഇക്കുറി സാക്ഷാത്കരിക്കുന്നത്.
മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, പി. രാജീവ്, വി.എന്‍. വാസവന്‍, പി.എ. മുഹമ്മദ് റിയാസ്, കെ. രാജന്‍, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, ഹൈബി ഈഡന്‍ എം.പി., എം.എല്‍.എ. മാരായ കെ.ജെ. മാക്‌സി, കെ.എന്‍. ഉണ്ണികൃഷ്ണന്‍, ടി.ജെ. വിനോദ്, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പേട്രണ്‍ എം.എ. യൂസഫലി, ഫൗണ്ടേഷന്‍ ഉപദേശകനും മുന്‍ മന്ത്രിയുമായ എം.എ. ബേബി എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.
ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയിലും
ബിനാലെ ടിക്കറ്റുകള്‍ കൗണ്ടറിനു പുറമെ ബുക്ക് മൈ ഷോ ആപ്പിലും ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് 50-ഉം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 100-ഉം മറ്റുള്ളവര്‍ക്ക് 150-ഉം രൂപ വീതമാണ് പ്രവേശന നിരക്ക്. ഒരാഴ്ചത്തെ ടിക്കറ്റിന് 1000 രൂപ. പ്രതിമാസ നിരക്ക് 4000 രൂപ.
എറണാകുളത്തും വേദി
ബിനാലെ 2022-ന് ഫോര്‍ട്ട്‌കൊച്ചിക്കും മട്ടാഞ്ചേരിക്കും പുറമെ എറണാകുളം നഗര മധ്യത്തിലും വേദിയുണ്ട്. ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ കേരളത്തിലെ 34 കലാകാരന്‍മാരുടെ നൂറ്റമ്പതോളം സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കും.
ലോകത്തെവിടെയും സമകാലിക കലയില്‍ അനുദിനം വന്നുചേരുന്ന മാറ്റങ്ങളുടെ പ്രതിഫലനം കേരളത്തിലും ഉണ്ടെന്നു വ്യക്തമാക്കുന്നതാണ് പ്രദര്‍ശനമെന്ന് ക്യൂറേറ്റര്‍മാരായ ജിജി സ്‌കറിയ, പി.എസ്. ജലജ, രാധ ഗോമതി എന്നിവര്‍ പറഞ്ഞു. പ്രതിഷ്ഠാപനം (ഇന്‍സ്റ്റലേഷന്‍) ഉള്‍പ്പെടെ സമകാല കലയുടെ വിവിധ സങ്കേതങ്ങള്‍ അവലംബിക്കുന്ന സൃഷ്ടികള്‍ ആസ്വാദനത്തിന് ഒരുക്കിയിട്ടുണ്ട്. മുന്‍ തവണത്തേതിലും കൂടുതല്‍ സൃഷ്ടികള്‍ ഉള്ളതിനാല്‍ ഗാലറിയുടെ ഒരു പുറംവശവും വേദിയുടെ ഭാഗമാണ്.
ഫോര്‍ട്ട്‌കൊച്ചി ആസ്പിന്‍വാള്‍ ഹൗസ്, പെപ്പര്‍ ഹൗസ്, ആനന്ദ് വെയര്‍ഹൗസ് എന്നീ പ്രധാന വേദികള്‍ക്കു പുറമെ കബ്രാള്‍ യാര്‍ഡ്, ടി.കെ.എം. വെയര്‍ഹൗസ്, ഡച്ച് വെയര്‍ഹൗസ്, കാശി ടൗണ്‍ഹൗസ്, ഡേവിഡ് ഹാള്‍, കാശി ആര്‍ട്ട് കഫെ എന്നിവിടങ്ങളിലുമാണ് പശ്ചിമ കൊച്ചിയില്‍ പ്രദര്‍ശനം. ഷുബിഗി റാവു ക്യൂറേറ്റ് ചെയ്ത 90 കലാകാരന്മാരുടെ ഇരുനൂറോളം സൃഷ്ടികള്‍ പ്രധാന വേദികളില്‍ പ്രദര്‍ശിപ്പിക്കും.
മുസിരിസിന്റെ ചരിത്ര പെരുമയിലേക്കുള്ള യാത്രയാകും കാശി ആര്‍ട്ട് കഫേയിലെയും ഡച്ച് വെയര്‍ഹൗസിലെയും പ്രദര്‍ശനം. കബ്രാള്‍ യാര്‍ഡില്‍ പാഴ്വസ്തുക്കള്‍ ഉപയോഗിച്ചൊരുക്കിയ താത്കാലിക പവിലിയനിലാണ് സെമിനാറുകളും ചര്‍ച്ചകളും കലാവതരണങ്ങളും. ഇവിടെ 150 പേര്‍ക്ക് ഇരിപ്പിടമുണ്ട്.
60 കലാപഠന സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ രചനകള്‍ ഉള്‍പ്പെടുത്തിയ സ്റ്റുഡന്റ്സ് ബിനാലെക്കായി അര്‍മാന്‍ ബില്‍ഡിങ്, വി.കെ.എല്‍. വെയര്‍ഹൗസ്, കെ.വി.എന്‍. ആര്‍ക്കേഡ്, ട്രിവാന്‍ഡ്രം വെയര്‍ഹൗസ് എന്നീ വേദികളുണ്ട്. കുട്ടികളുടെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ വേദിയുമുണ്ട്.
Content Highlights: Kochi-Muziris Biennale 2022 inauguration
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..