തൃക്കരിപ്പൂർ: വിനോദസഞ്ചാരികൾക്കായി കവ്വായി കായലിൽ സംസ്ഥാന ജലഗതാഗതവകുപ്പിന്റെ സീ കവ്വായി ബോട്ട് ഒരുങ്ങുന്നു. പുതുവർഷത്തിൽ ബോട്ട് യാത്രക്കായി തയ്യാറാക്കുന്ന പ്രവൃത്തിയിലാണ് അധികൃതർ.

ജലഗതാഗതവകുപ്പ് നേരത്തേ സർവീസ് നടത്തിയ ബോട്ടിൽ രൂപമാറ്റം വരുത്തിയാണ് സ്റ്റീൽ ബോട്ട് സഞ്ചാരികൾക്കായി ഒരുക്കുന്നത്. കവ്വായി കായൽ കാഴ്ചകൾ ആസ്വദിക്കാനും ഒപ്പം പ്രധാന വിനോദകേന്ദ്രങ്ങളിൽ ഇറങ്ങി പ്രകൃതിസൗന്ദര്യം ആസ്വദിക്കാവുന്ന തരത്തിലാണ് ബോട്ടുയാത്ര ഒരുക്കുന്നത്.

സ്വകാര്യ യാർഡിൽ പണി തീർത്ത് ആയിറ്റിയിലെ ജലഗതാഗത കാര്യാലയത്തിലെത്തിച്ചു. ബോട്ടിനകത്തെ ഇരിപ്പിടങ്ങൾ ആകർഷകമാക്കാനുള്ള പ്രവൃത്തി ബാക്കിയുണ്ട്. 75 പേർക്ക് യാത്രചെയ്യാവുന്ന ബോട്ടിൽ സഞ്ചാരികൾക്ക് ലഘു ഭക്ഷണ-പാനീയം വിതരണം ചെയ്യുന്ന കൗണ്ടറും സംഗീതാസ്വാദനത്തിനുള്ള സൗകര്യങ്ങളുമുണ്ടാവും. ശൗചാലയവും ഒരുക്കിയിട്ടുണ്ട്.

ഏഴിമലയുടെ താഴ്‌വാരവും കായലിനോട് ചേർന്നുള്ള വിവിധ പ്രദേശങ്ങളും ചുറ്റിവരുന്നതിന് ഏതാണ്ട് മൂന്നുമണിക്കൂർ യാത്രയാണ് കണക്കാക്കുന്നത്. അഞ്ച് ജീവനക്കാർ ഓരോ ഷെഡ്യൂളിലുമുണ്ടാവും. സുരക്ഷാസംവിധാനവുമുണ്ടാവും. ജലഗതാഗത വകുപ്പിന്റെ ഒരു ബോട്ട് മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ടൂറിസ്റ്റ്‌ ബോട്ട്‌ കൂടി വരുന്നത് ഈ മേഖലയ്ക്ക് ഗുണംചെയ്യും. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് സ്വകാര്യമേഖലയിൽ നിരവധി പുരവഞ്ചികൾ കവ്വായിക്കായലിൽ ഓടുന്നുണ്ട്. വിനോദയാത്രക്കാരുടെ എണ്ണത്തിലും ഗണ്യമായ വർധന ഉണ്ടായിട്ടുണ്ട്. സീ കവ്വായി ബോട്ട് പ്രാദേശികമായുള്ള യാത്രക്കാർക്കും അനുഗ്രഹമാകും.

Content Highlights: kerala water transport department, kavvayi lake boat service, kavvayi island travel