നെടുങ്കണ്ടം: സഞ്ചാരികളുടെ എണ്ണം കുറവാണെങ്കിലും കോവിഡ് പ്രതിസന്ധിയില്‍ തകര്‍ന്ന വിനോദസഞ്ചാരമേഖലയ്ക്ക് ഓണക്കാലം പ്രതീക്ഷയുടെ ജീവവായുവാണ്. രോഗവ്യാപനനിരക്ക് കുറയുന്നില്ലെങ്കിലും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ രാമക്കല്‍മെട്ടിലും ആമപ്പാറയിലും സഞ്ചാരികളുടെ സംഘങ്ങള്‍ എത്തിത്തുടങ്ങി. മാസങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് രാമക്കല്‍മെട്ട് വീണ്ടും സജീവമാകുന്നത്.

കൃത്യമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുന്നത്. സഞ്ചാരികള്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ആദ്യ ഡോസ് വാക്സിന്‍ എടുത്ത് രണ്ടാഴ്ച കഴിഞ്ഞതിന്റെ രേഖ, കോവിഡ് നെഗറ്റീവായി ഒരുമാസം കഴിഞ്ഞു എന്നതിന്റെ തെളിവ് എന്നിവയിലേതെങ്കിലും പ്രവേശനകവാടത്തില്‍ ഹാജരാക്കണം. നിശ്ചിത അകലംപാലിച്ച് മാത്രമേ സഞ്ചാരികളെ കടത്തിവിടൂ. കൃത്യമായ ഇടവേളകളില്‍ കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കുന്നതിനും എത്തുന്ന സഞ്ചാരികളുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനും പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

എപ്പോഴും വീശിയടിക്കുന്ന കാറ്റും തമിഴ്‌നാടിന്റെ വിദൂരദൃശ്യവുമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. കുറവന്‍- കുറത്തി പ്രതിമയും മഴമുഴക്കി വേഴാമ്പലിന്റെ രൂപത്തിലുള്ള വാച്ച്ടവറും കാണാനും നിരവധി പേര്‍ എത്തിയിരുന്നു.

സൗകര്യങ്ങളൊരുക്കി ഡി.ടി.പി.സി.

വിനോദസഞ്ചാരികള്‍ക്കായി ഡി.ടി.പി.സി.യുടെ നേതൃത്വത്തില്‍ നിരവധി സൗകര്യങ്ങളാണ് രാമക്കല്‍മെട്ടില്‍ ഒരുക്കിയിരിക്കുന്നത്. ലോക്ഡൗണിന് മുന്‍പുതന്നെ രാമക്കല്‍മെട്ടില്‍ കുട്ടികള്‍ക്കായുള്ള പാര്‍ക്ക് അടക്കമുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിരുന്നു. 1.38 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സഞ്ചാരികള്‍ക്ക് വാച്ച് ടവര്‍, നടപ്പാതകള്‍, വിശ്രമത്തിനുള്ള സൗകര്യം, പാര്‍ക്കിങ് സൗകര്യം, ശൗചാലയസമുച്ചയം, കുടിവെള്ളം, മാലിന്യസംസ്‌കരണത്തിനുള്ള സംവിധാനങ്ങള്‍, ആധുനികമായ ടിക്കറ്റ് കൗണ്ടര്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ആമപ്പാറയില്‍ സഞ്ചാരികള്‍ അപകടത്തില്‍പെടുന്നത് ഒഴിവാക്കാനായി സ്റ്റീലില്‍ സുരക്ഷാവേലിയുടെ നിര്‍മാണം പൂര്‍ത്തിയായിരുന്നു. ഇതുകൂടാതെ നിരവധി ഇരിപ്പിടങ്ങളും സഞ്ചാരികള്‍ക്കായി ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. മേഖലയിലെ അറുപത് ശതമാനത്തോളം ജനങ്ങളും ടൂറിസം, ഓഫ്‌റോഡ് സവാരി, കച്ചവടം എന്നിവയെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. എന്നാല്‍ കോവിഡിന്റെ വരവോടെ പ്രദേശം വിജനമായ അവസ്ഥയിലായിരുന്നു. ലോക്ഡൗണ്‍ മൂലം വേനലവധിക്കാലത്തെ ആഭ്യന്തര വിനോദസഞ്ചാരികളുടെ ഒഴുക്കും ഇല്ലാതായി.

പ്രളയം, തുടര്‍ന്നുവന്ന കോവിഡ് എന്നിവമൂലം ജില്ലയിലേക്കുള്ള വിദേശ വിനോദസഞ്ചാരികളുടെ വരവ് ഇല്ലാതായതോടെ രാമക്കല്‍മെട്ടും പ്രതിസന്ധിയിലായിരുന്നു. ഓണക്കാലത്ത് മൂന്നാറും തേക്കടിയും സജീവമായാല്‍ സഞ്ചാരികള്‍ കൂടുതലായി എത്തുമെന്നാണ് ടൂറിസം മേഖലയെ ആശ്രയിച്ച് കഴിയുന്നവരുടെ പ്രതീക്ഷ.

Content highlights : kerala toursim industry to be hope tourists arrival in onam festival