തിരുവനന്തപുരം: 2025-ഓടെ വിനോദസഞ്ചാരികളുടെ വരവ് ഇരട്ടിപ്പിക്കുകയെന്നതാണ് ലക്ഷ്യമെന്നും 2022 കോവിഡ് മുക്ത ടൂറിസം വര്‍ഷമായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

ടൂറിസം മേഖലയിലുണ്ടായ തകര്‍ച്ചയില്‍നിന്നു കരകയറുന്നതിന് നിര്‍ദേശങ്ങള്‍ ക്ഷണിക്കാന്‍ വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

18-ഓളം സംഘടനകളാണ് മന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തത്. കോവിഡ് രണ്ടാം തരംഗം കഴിയുന്നമുറയ്ക്ക് പ്രത്യേക മാര്‍ക്കറ്റിങ് കാമ്പയിനുകള്‍ സംഘടിപ്പിക്കും. സംസ്ഥാനത്തിനകത്തെ വിനോദസഞ്ചാരവും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ വരവും ലക്ഷ്യമാക്കിയുള്ളതാകും അടിയന്തരമായ നടപടികള്‍. 

നിലവിലുള്ളവ പൂര്‍ത്തിയാക്കുന്നതു കൂടാതെ പൊന്നാനി, ആറന്മുള തുടങ്ങിയ പൈതൃക പദ്ധതികള്‍ക്കു ഉടനടി രൂപംനല്‍കും. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റോഡുകള്‍ വികസിപ്പിച്ച് വിവിധ കേന്ദ്രങ്ങള്‍ തമ്മില്‍ ബന്ധിപ്പിച്ച് കൂടുതല്‍ ടൂറിസം സര്‍ക്യൂട്ടുകള്‍ക്കു രൂപംനല്‍കി പ്രചാരണം നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

കോവിഡ് മഹാമാരി സംരംഭകരെയും തൊഴിലെടുക്കുന്നവരെയും എങ്ങനെയൊക്കെ ബാധിച്ചുവെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സംഘടനാപ്രതിനിധികള്‍ മന്ത്രിയോട് വിശദീകരിച്ചു.

ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണിജോര്‍ജ്, ടൂറിസം ഡയറക്ടര്‍ വി.ആര്‍. കൃഷ്ണതേജ തുടങ്ങിയവരും പങ്കെടുത്തു.

Content Highlights: Kerala tourism will attract more foreign travellers with new attractions, Kerala tourism