
ഉത്തരവാദിത്വ ടൂറിസം മിഷന്റെ ഭാഗമായി ഗ്രാമീണാനുഭവയാത്രയിൽ ആയിരംകൊല്ലി നന്ദൻകവലയിലെ ഗോവിന്ദന്റെ അടുത്ത് അമ്പെയ്ത്ത് പരിശീലിക്കാനെത്തിയ വിദേശ സഞ്ചാരികൾ (ഫയൽ ചിത്രം)
കല്പറ്റ: പരമ്പരാഗത വിനോദസഞ്ചാരകേന്ദ്രങ്ങളില്നിന്ന് സഞ്ചാരികള്‍ പിന്‍വാങ്ങുമ്പോള്‍ പുത്തന്‍ പ്രതീക്ഷയാവുന്നത് ഗ്രാമീണാനുഭവങ്ങളിലേക്കും പരമ്പരാഗത കൈത്തൊഴിലുകളിലേക്കും കലാനുഭവങ്ങളിലേക്കും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഉത്തരവാദിത്വ ടൂറിസം പദ്ധതികള്‍. തദ്ദേശീയരെ വിനോദസഞ്ചാരമേഖലയില്‍ പങ്കാളികളാക്കുന്നതിനൊപ്പം അവര്‍ക്ക് അധിക വരുമാനവും ഒരുക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 14.88 കോടി രൂപയുടെ വരുമാനമാണ് ഉത്തരവാദിത്വ ടൂറിസം വഴി സാധാരണക്കാരന് ലഭിച്ചത്.
വീട്ടമ്മമാര്‍, പരമ്പരാഗത കലാകാരന്മാര്, കൈത്തൊഴില്‍ വിദഗ്ധര്‍, കര്‍ഷകര്‍ തുടങ്ങിയവരിലേക്കാണ് ഈ വരുമാനമെത്തുന്നത്. പാടത്ത് ഞാറു നടുന്നതും മണ്‍പാത്രം നിര്‍മിക്കുന്നതും നാടന്‍പാട്ട് ആസ്വദിക്കുന്നതും വിനോദസഞ്ചാരവുമായി ബന്ധിപ്പിക്കുകയാണ് ഇവിടെ. വീട്ടമ്മമാര്‍ക്ക് സഞ്ചാരികള്‍ക്കായി തനത് ഭക്ഷണങ്ങള്‍ ഒരുക്കിപ്പോലും ഇതില്‍ പങ്കാളിയാവാം.
റിസോര്‍ട്ടുകളിലേക്ക് കരകൗശല ഉപകരണങ്ങളും ഉത്പന്നങ്ങളും തദ്ദേശീയരില്‍ നിന്നുമെത്തിക്കും. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള പദ്ധതികളില്‍ പേപ്പര്‍ കപ്പ്, പാളപാത്രനിര്മാണ യൂണിറ്റുകള്‍ ഉത്പന്നങ്ങള്‍ നല്കി റിസോര്‍ട്ടുകളുമായി സഹകരിക്കും. വയനാട്ടില്‍ മാത്രം 1500 ഓളം വൈവിധ്യമാര്‍ന്ന യൂണിറ്റുകളാണ് ഉത്തരവാദിത്വ ടൂറിസത്തിന് കീഴിലുള്ളത്. ഇവര്‍ക്കെല്ലാം റിസോര്‍ട്ടുകളുമായി സഹകരിച്ചുകൊണ്ട് നിശ്ചിത അധിക വരുമാനം ലഭിക്കുന്നുണ്ട്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് വഴി ഉത്പന്നങ്ങള്‍ വിറ്റഴിച്ചും വരുമാനം ലഭിക്കുന്നുണ്ട്. ഇടനിലക്കാരില്ലാത്തതിനാല്‍ അത്തരം ചൂഷണങ്ങളും ഒഴിവാക്കാം.
വയനാട് പോലെ അതീവ ദുര്‍ബല പരിസ്ഥിതി മേഖലകളില്‍ ഭാവി ഉത്തരവാദിത്വ ടൂറിസത്തിന്റേതായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉത്തരവാദിത്വ ടൂറിസത്തില്‍ നിന്നുള്ള വരുമാനം കുത്തനെ ഉയരുന്നതും ഇതിന്റെ ശുഭസൂചനയാണെന്ന് കണക്കാക്കുന്നു.
എന്താണ് ഉത്തരവാദിത്വ ടൂറിസം?
പരിസ്ഥിതി, സാമൂഹിക, സാംസ്കാരിക ആഘാതങ്ങളെ പരമാവധി ലഘൂകരിച്ച് തദ്ദേശീയ ജനതയെക്കൂടി പങ്കുകൊള്ളിച്ചുള്ള വിനോദസഞ്ചാരമാണ് ഉത്തരവാദിത്വ ടൂറിസം. 2002-ലെ കേപ്ടൗണ്‍ ഉത്തരവാദിത്വ ടൂറിസം പ്രഖ്യാപനത്തോടെയാണ് പദ്ധതി ചര്‍ച്ചയാവുന്നത്. 2008-ല്‍ കേരളവും ഉത്തരവാദിത്വ ടൂറിസം പ്രഖ്യാപനം നടത്തി. 2017- ഓഗസ്റ്റ് മുതലാണ് സംസ്ഥാനത്ത് ഉത്തരവാദിത്വ ടൂറിസം മിഷന് സജീവമായി പ്രവര്‍ത്തിക്കുന്നത്. മൂന്ന് വര്‍ഷം കൊണ്ട് 24.01 കോടി രൂപയുടെ വരുമാനമാണ് സംസ്ഥാനത്ത് ഇതുവഴി ലഭിച്ചത്.
എങ്ങനെ പങ്കാളികളാവാം?
ജില്ലാ ടൂറിസം ഓഫീസുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്വ ടൂറിസം മിഷനില്‍നിന്ന് അപേക്ഷാഫോറം ലഭിക്കും.
ഫോമുകള്‍ ഓണ്‍ലൈനായി www.keralatourism.org എന്ന വെബ്സൈറ്റില്‍ നിന്ന് ലഭിക്കും. ഫോണ്‍: 04936 - 204441.
വരുമാനം ഇതുവരെ
• 2017 -18 (2017 ഓഗസ്റ്റ് മുതല്‍ 2018 മാര്‍ച്ച് വരെ): 4.51 കോടി
• 2018-19 :4.98 കോടി
• 2019 - 20 (2019 ഏപ്രില്‍ മുതല്‍ നവംബര്‍ 2019 വരെ): 14.88 കോടി

ടൂറിസത്തെ മറ്റൊരു വീക്ഷണകോണില്‍ കണ്ടാലേ ഇനി മുന്നോട്ടുപോകാനാവൂ. ഓക്സിജന്‍, ടൂറിസത്തിന്റെ സെല്ലിങ് പോയിന്റായി മാറും. ടൂറിസത്തിന്റെ പേരില്‍ ഒരു വരുമാനവും ലഭിക്കാതിരുന്ന സാധാരണക്കാരനെയാണ് ഉത്തരവാദിത്വ ടൂറിസം പദ്ധതിവഴി നമ്മള് പങ്കാളികളാക്കുന്നത്. ഇതിനകം 20 കോടി രൂപ സാധാരണക്കാരന്റെ കൈകളിലെത്തി.
- കെ. രൂപേഷ് കുമാര്‍, ഉത്തരവാദിത്വ ടൂറിസം സംസ്ഥാന മിഷന് കോ- ഓര്‍ഡിനേറ്റര്‍
വരുമാനം വര്‍ധിച്ചു
ഉത്തരവാദിത്വ ടൂറിസം മിഷന് കീഴില്‍ രജിസ്റ്റര്‍ ചെയ്തതോടെ വലിയ വരുമാന വര്‍ധനയാണ് ഉണ്ടായത്. റിസോര്‍ട്ടുകളിലും സര്‍ക്കാര്‍ പരിപാടികളിലും സ്ഥിരമായി വിളിക്കാന്‍ തുടങ്ങി. ഡിസംബറില്‍ എല്ലാ ദിവസങ്ങളിലും പരിപാടി അവതരിപ്പിക്കാനും കുരുത്തോല അലങ്കാരങ്ങള്‍ക്കും അവസരം ലഭിച്ചു. ഡിസംബറില്‍ മാത്രം കുരുത്തോല അലങ്കാരങ്ങള്‍ വഴി ഒരു ലക്ഷം രൂപയുടെ വരുമാനമുണ്ടായി. നാടന്‍പാട്ട്, നാടന്കലാവതരണങ്ങള് വഴി മൂന്ന് ലക്ഷം രൂപയുടെ വരുമാനവും ഉണ്ടായി.
- കെ.എ. രമേഷ്, കുരുത്തോല അലങ്കാര, നാടന്‍പാട്ട് കലാകാരന്. ഉണര്‍വ് കല്പറ്റ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..