പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി
ന്യൂഡൽഹി: ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളെ വർഷംമുഴുവനും വരവേൽക്കാൻ നൂതനപദ്ധതികളുമായി കേരള ടൂറിസം വകുപ്പ്. കോവിഡിനുശേഷം ഉണർവിലായിക്കഴിഞ്ഞ ടൂറിസം മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് കാരവൻ സ്റ്റേ ഉൾപ്പെടെയുള്ള പദ്ധതികളാണ് ഒരുക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച പ്രചാരണത്തിനായി സംസ്ഥാന ടൂറിസം വകുപ്പ് ഡൽഹിയിൽ ഈമേഖലയിലുള്ളവരുടെ പാർട്ണർഷിപ്പ് മീറ്റ് നടത്തി.
ഈയിടെ ഒരുക്കിയ കാരവൻ സ്റ്റേ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംസ്ഥാന ടൂറിസം ഡയറക്ടർ വി.ആർ. കൃഷ്ണതേജ ‘മാതൃഭൂമി’യോട് പറഞ്ഞു. സഞ്ചാരികളെ കൂടുതൽദിവസം കേരളത്തിൽ തങ്ങാൻ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. എന്നാൽ, മാത്രമേ ടൂറിസം മേഖലയിൽ വരുമാനം വർധിക്കൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹൗസ്‌ബോട്ട് യാത്ര, കാരവൻ സ്റ്റേ, വനങ്ങളിലെ താമസം, പ്ലാന്റേഷൻ സന്ദർശനം, ഹോംസ്റ്റേ, ആയുർവേദ ചികിത്സ, ട്രക്കിങ് തുടങ്ങി വ്യത്യസ്ത അനുഭവങ്ങളിലൂടെ വർഷം മുഴുവൻ സഞ്ചരിക്കാനുള്ള അവസരമാണ് കേരളം ഒരുക്കുന്നത്. 2022-നെ കേരള വിനോദസഞ്ചാരവർഷമാക്കും. മേയിൽ കേരള ട്രാവൽ മാർട്ട്, ഓഗസ്റ്റുമുതൽ നവംബർവരെ ചാമ്പ്യൻസ് ബോട്ട് ലീഗ്, ഡിസംബർമുതൽ മാർച്ചുവരെ കൊച്ചി മുസിരിസ് ബിനാലെ തുടങ്ങിയ പരിപാടികളിൽ പങ്കെടുത്ത് സഞ്ചാരികൾക്ക് വർഷംമുഴുവനും കേരളത്തിൽ ചെലവിടാനുള്ള സാധ്യതകളുണ്ടെന്ന് കൃഷ്ണതേജ പറഞ്ഞു.
ടൂറിസവുമായി ബന്ധപ്പെട്ട പ്രചാരണത്തിനായി ഇന്ത്യയ്ക്കകത്തും പുറത്തും ഒട്ടേറെ പരിപാടികളിൽ കേരളം പങ്കെടുക്കുന്നുണ്ട്. കൂടാതെ, ബിസിനസ് ടു ബിസിനസ് പാർട്ണർഷിപ്പ് മീറ്റ്, റോഡ് ഷോകൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുന്നുമുണ്ട്.
അടുത്തമാസം ഇസ്രയേലിലെ ടെൽഅവീവിൽ നടക്കുന്ന അന്താരാഷ്ട്ര മെഡിറ്ററേനിയൻ ടൂറിസം മാർക്കറ്റിലും ഇറ്റലിയിലെ മിലാനിൽ നടക്കുന്ന ബി.ഐ.ടി.യിലും കേരളം പങ്കെടുക്കും.
Content Highlights: Kerala Tourism, Kerala Tourism Packages, Caravan Stay, Travel News Latest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..