കൊച്ചി: കോവിഡ് ലോക്ഡൗൺ ഇളവുകളിൽ പ്രതീക്ഷയർപ്പിച്ച് മിക്ക മേഖലകളിലും പ്രവർത്തനം പുനരാരംഭിക്കുമ്പോൾ നഷ്ടക്കണക്കുകളിൽ മുഖം താഴ്ത്തിയിരിക്കുകയാണ് സംസ്ഥാനത്തെ ടൂറിസം മേഖല. കോവിഡ് ആദ്യ തരംഗം കഴിഞ്ഞ് പതുക്കെ പച്ചപിടിച്ചു തുടങ്ങിയപ്പോഴാണ് രണ്ടാം തരംഗത്തിന്റെ വരവ്. ഇതോടെ മേഖല പൂർണമായും സ്തംഭനാവസ്ഥയിലായി.

കോവിഡ് കാലത്ത് 35,000 കോടി രൂപയുടെ വരുമാന നഷ്ടമാണ് ടൂറിസം മേഖലയിൽ ഉണ്ടായിട്ടുള്ളത്. കോവിഡിനു മുൻപ് 45,000 കോടി രൂപയായിരുന്നു മേഖലയിലെ വരുമാനം. ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 90 ശതമാനത്തോളം ആളുകൾക്ക് തൊഴിൽ നഷ്ടമായതായും കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി (സി.കെ.ടി.ഐ.) പ്രസിഡന്റ് ഇ.എം. നജീബ് പറഞ്ഞു. ഈ സാഹചര്യത്തിൽ കോവിഡ് ഇളവുകളിൽ ടൂറിസം മേഖലയെ കൂടി ഉൾപ്പെടുത്തുകയും ഭാഗികമായി സംസ്ഥാനത്തിനകത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നുകൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്രാവൽസ് നടത്തുന്നവരും ടൂർ ഓപ്പറേറ്റർ ഏജൻസികളുമെല്ലാം വലിയ പ്രതിസന്ധി അഭിമുഖീകരിക്കുന്നതായും നജീബ് ചൂണ്ടിക്കാട്ടി.

വരാൻ പോകുന്നത് കർക്കടക മാസമാണ്. വെൽനസ് ടൂറിസത്തിന് കേരളത്തിൽ അനന്തസാധ്യതകളുള്ള സമയമാണിതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ബാങ്കുകൾ വായ്പ നൽകുന്നില്ല

: ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനായി വിവിധ വായ്പാ പാക്കേജുകളും പദ്ധതികളും ഗാരന്റി സ്കീമുകളും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും മതിയായ രീതിയിൽ സംരംഭകർക്ക് ഗുണം ചെയ്യുന്നില്ലെന്നാണ് ആരോപണം. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ വായ്പാ തിരിച്ചടവ് മുടങ്ങി മിക്ക അക്കൗണ്ടുകളും കിട്ടാക്കടം (എൻ.പി.എ.) ആയിട്ടുണ്ട്. സിബിൽ സ്കോറില്ലെന്നും മേഖലയിൽ വരുമാനമില്ലാതെ തിരിച്ചടവ് പ്രയാസമായിരിക്കുമെന്നുമുള്ള കാരണങ്ങൾ പറഞ്ഞ് ബാങ്കുകൾ വായ്പ നിഷേധിക്കുകയാണ്. അർഹതയുള്ള വായ്പകൾ പോലും ഇക്കാരണങ്ങളാൽ ബാങ്കുകൾ നിഷേധിക്കുന്നതായാണ് പരാതി.

ക്വാറന്റീൻ വാടകയിൽ കിട്ടാനുള്ളത് ലക്ഷങ്ങൾ

: കോവിഡ് ആദ്യ തരംഗത്തിൽ ക്വാറന്റീൻ സൗകര്യമൊരുക്കുന്നതിനായി സർക്കാർ ഏറ്റെടുത്ത വയനാട്ടിലെ സ്വകാര്യ റിസോർട്ടുകൾക്ക് വാടകയിനത്തിൽ കിട്ടാനുള്ളത് ലക്ഷങ്ങൾ.

2020 ജൂണിൽ സർക്കാർ ഇറക്കിയ ഉത്തരവ് പ്രകാരം ത്രീ സ്റ്റാറോ അതിനുമുകളിലോ കാറ്റഗറിയിലുള്ള ഹോട്ടലുകൾക്ക് ഒരാൾക്ക് ഒരു രാത്രി കണക്കിൽ 1,500 രൂപയും ടൂ സ്റ്റാർ കാറ്റഗറിയിലുള്ള ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും 1,000 രൂപയും നോൺ ക്ലാസിഫൈഡ് ഹോട്ടൽ/ ലോഡ്ജ്/ ടൂറിസ്റ്റ് ഹോം എന്നിവയ്ക്ക് 500 രൂപയുമാണ് വാടക നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇതിനു വിപരീതമായി വാടകയിനത്തിൽ പകുതി നിരക്ക് മാത്രം കണക്കാക്കി 40-50 ശതമാനം തുക മാത്രമാണ് ഇതുവരെ നൽകിയതെന്ന് റിസോർട്ട് ഉടമകൾ പറയുന്നു.

944 ക്വാറന്റീൻ ദിനങ്ങൾ അനുവദിച്ച കാരാപ്പുഴ വില്ലേജ് റിസോർട്ടിന് ഒരു രാത്രിക്ക് 1,000 രൂപ വാടക കണക്കാക്കേണ്ട സ്ഥാനത്ത് 500 രൂപ നിരക്കിട്ട് ആകെ നൽകേണ്ടിയിരുന്ന തുകയുടെ 50 ശതമാനം മാത്രമാണ് നൽകിയത്. അതായത്, 4,72,000 രൂപ നൽകേണ്ടിടത്ത് രണ്ട് ഗഡുക്കളായി 2,37,720 രൂപ മാത്രമാണ് ലഭിച്ചതെന്ന് റിസോർട്ട് ഉടമ മാധവദാസ് പറഞ്ഞു. 1,000 രൂപ വാടക കണക്കാക്കിയാൽ റിസോർട്ടിന് 9,44,000 രൂപ ലഭിക്കേണ്ട സ്ഥാനത്താണിത്. ജില്ലയിലെ മറ്റ് റിസോർട്ടുകൾക്കും ഇത്തരത്തിൽ വാടക കുടിശ്ശിക കിട്ടാനുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ആവശ്യങ്ങൾ
* തൊഴിൽ നഷ്ടപ്പെട്ട ജീവനക്കാരെ തിരിച്ചുകൊണ്ടുവരുന്നതിന് സർക്കാർ സാലറി പാക്കേജ് പ്രഖ്യാപിക്കണം. ജീവനക്കാരുടെ ശമ്പളത്തിന്റെ 50 ശതമാനം സർക്കാർ വഹിക്കണം.

* അടഞ്ഞുകിടക്കുന്ന റിസോർട്ടുകളിലും മറ്റുമുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനും ഇവയെ പുനരുജ്ജീവിപ്പിക്കുന്നതിനും സംരംഭകർക്ക് ഗ്രാന്റ് നൽകണം.

Content Highlights: Kerala Tourism LockDown Covid 19