ആലപ്പുഴ: ജില്ലയിലെത്തുന്ന സഞ്ചാരികൾക്കും കലാപ്രേമികൾക്കുമായി വിനോദസഞ്ചാരവകുപ്പിന്റെ കലാഉത്സവം. നാടൻ കലാരൂപങ്ങൾ കോർത്തിണക്കിയുള്ള കലാസന്ധ്യ ജില്ലയിലെ രണ്ടു കേന്ദ്രങ്ങളിലായി ശനിയാഴ്ചമുതൽ 26 വരെ നടക്കും. കൃഷ്ണപുരം സാംസ്‌കാരിക നിലയം, ആലപ്പുഴ ബീച്ച് എന്നിവിടങ്ങളിലാണ് തനത് കലാരൂപങ്ങൾ അരങ്ങേറുന്നത്.

വിനോദസഞ്ചാരവകുപ്പ് എല്ലാ ജില്ലകളിലും ഉത്സവമെന്ന പേരിൽ തനത്കലകളുടെ അവതരണം സംഘടിപ്പിക്കുന്നുണ്ട്. ആചാരാനുഷ്ഠാനങ്ങളും സംസ്‌കാരവും പൈതൃകവുമായി ബന്ധപ്പെട്ടിട്ടുള്ള കേരളത്തിന്റെ തനത് കലകളുടെ വിരുന്നായിരിക്കും കലാസ്വാദകരെ കാത്തിരിക്കുന്നത്.

ഉത്സവത്തിലെ വിഭവങ്ങൾ

പൊറാട്ടുനാടകം, പൂപ്പടതുള്ളൽ, നിണബലി, മുടിയേറ്റ്, വാമൊഴിത്താളം നാടൻപാട്ട്, തിറയാട്ടം, വിൽപ്പാട്ട്, ഗരുഡൻതൂക്കം, തോൽപ്പാവക്കൂത്ത്, തിറ, മാർഗംകളി, പൂരക്കളി, പടയണി, ചോഴികളി എന്നീ കലാരൂപങ്ങൾ കൃഷ്ണപുരം സാംസ്‌കാരിക നിലയത്തിൽ നടക്കും. നാടൻപാട്ട്, പാക്കനാർതുള്ളൽ, അറബനമുട്ട്, കാളകളി, ആദിവാസിനൃത്തം, ഓട്ടൻതുള്ളൽ, കഥാപ്രസംഗം, അയ്യപ്പൻ തിയ്യാട്ട്, സോപാനസംഗീതം, ചവിട്ടുനാടകം, നങ്ങ്യാർകുത്ത്, കളരിപ്പയറ്റ്, കാക്കാരിശ്ശി നാടകം എന്നിവ ആലപ്പുഴ ബീച്ചിലും അരങ്ങേറും. എല്ലാദിവസവും വൈകീട്ട് ആറിനു ശേഷമായിരിക്കും ഇവ അവതരിപ്പിക്കുന്നത്.

Content Highlights: Kerala Tourism, Alappuzha Tourism, Kerala Traditional Art Forms, Travel News