ആലപ്പുഴ: കെ.എസ്.ആർ.ടി.സി.ക്കു പിന്നാലെ വിനോദസഞ്ചാരികളെ ആകർഷിക്കാനൊരുങ്ങി ജലഗതാഗതവകുപ്പും. കൂടുതൽ പാസഞ്ചർ കം ടൂറിസ്റ്റ് സർവീസുകൾക്കു തുടങ്ങാൻ ജലഗതാഗതവകുപ്പ് നടപടി ആരംഭിച്ചു.

ജലഗതാഗതവകുപ്പ് ആലപ്പുഴയിൽനിന്ന് കുമരകത്തേക്ക് ആരംഭിച്ച വേഗ- രണ്ട് എന്ന വിനോദസഞ്ചാര സർവീസ് വൻവിജയമായിരുന്നു. കെ.എസ്.ആർ.ടി.സി.യുടെ വിനോദസഞ്ചാര സർവീസുകൾക്കു ലഭിക്കുന്ന സ്വീകാര്യതയും പ്രേരണയായിട്ടുണ്ട്. ഒരുവർഷത്തോളമായ വേഗ-രണ്ട് സർവീസിന് കോവിഡ് രണ്ടാം തരംഗത്തിനു തൊട്ടുമുൻപുവരെ നിറഞ്ഞു കവിഞ്ഞായിരുന്നു യാത്രക്കാർ. ഇതിനുശേഷം സർവീസ് പുനരാരംഭിച്ചപ്പോഴും ആളുകൾക്കു വലിയ കുറവില്ല. രാവിലെ പുറപ്പെട്ട് കുമരകംവരെയെത്തി മടങ്ങുന്ന തരത്തിലാണു സർവീസ്.

കണ്ണൂർ പറശ്ശിനിക്കടവിൽ ജലഗതാഗതവകുപ്പിന്റെ വാട്ടർ ടാക്സിക്ക് വൻസ്വീകാര്യതയുണ്ട്. ഇവിടെ പാസഞ്ചർ ബോട്ട് രൂപമാറ്റംവരുത്തി വിനോദസഞ്ചാര സർവീസ് ആരംഭിക്കാൻ ആലോചനയുണ്ട്. സമാനമായ സർവീസ് കൊല്ലത്തും ഉടൻ അവതരിപ്പിക്കും. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ജലഗതാഗതവകുപ്പിന്റെ സൗരോർജ ക്രൂയിസ് ഡിസംബറോടെ സർവീസ് ആരംഭിക്കും. നൂറോളംപേർക്ക് സഞ്ചരിക്കാനാകും.

സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇരുനില ബോട്ടാണ് ഒരുങ്ങുന്നത്. ശീതീകരണ സംവിധാനവും ഭക്ഷണശാലയുമടക്കമുള്ള സർവീസാണിത്.

Content Highlights: Kerala State Water Transport Corporation, Kerala Tourism, KSRTC Tour Service