തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരള സ്‌റ്റേറ്റ് എനര്‍ജി കണ്‍സര്‍വേഷന്‍ അവാര്‍ഡ് കേരള വിനോദ സഞ്ചാര വികസന കോര്‍പ്പറേഷന്. ചെറുകിട ഊര്‍ജ ഉപഭോക്താക്കളുടെ വിഭാഗത്തില്‍ ഊര്‍ജ വകുപ്പും എനര്‍ജി മാനേജ്‌മെന്റ് സെന്ററും സംയുക്തമായി ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് കെ.ടി.ഡി.എഫ്.സി.ക്ക്  ലഭിച്ചത്. 

തിരുവനന്തപുരത്തെ എനര്‍ജി മാനേജ്‌മെന്റ് സെന്ററില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി മന്ത്രി എംഎം മണിയിൽ നിന്ന് കെടിഡിസി ചീഫ് എന്‍ജിനീയര്‍ കെ. ഷാജഹാൻ അവാർഡ് ഏറ്റുവാങ്ങി. അമ്പതിനായിരം രൂപയും പ്രശസ്തിഫലകവും അടങ്ങുയതാണ് അവാര്‍ഡ്. ചടങ്ങില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും പങ്കെടുത്തു. 

ഊര്‍ജ സംരക്ഷണ യത്‌നവും പ്രകൃതി സൗഹാര്‍ദ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്. കെടിഡിസിയുടെ ഹോട്ടലുകളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 0.21 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംരക്ഷിക്കാന്‍ കെ.ടി.ഡി.സിക്ക് സാധിച്ചിരുന്നു.