കൊച്ചി : കോവിഡ് പ്രതിസന്ധിയിൽ തകർന്ന പ്രാദേശിക ടൂറിസം തിരിച്ചുവരവിനൊരുങ്ങി. കേരളം തേടി ഉത്തരവാദിത്വ ടൂറിസ്റ്റുകൾ എത്താൻ തുടങ്ങിയതാണ് മേഖലയ്ക്ക് ആശ്വാസമാകുന്നത്. ടൂറിസത്തിന്റെ ഗുണഫലങ്ങൾ പ്രാദേശിക സമൂഹത്തിനു ലഭ്യമായി തുടങ്ങിയതോടെ പ്രതിസന്ധിയിൽ നഷ്ടമായ ബിസിനസ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണിവർ. ഇതിനായി വിവിധ പ്രവർത്തനങ്ങൾ ഉത്തരവാദിത്വ ടൂറിസം മിഷൻ ആവിഷ്കരിച്ചു വരികയാണ്.

ഇന്ത്യയുടെ പല ഭാഗങ്ങളിൽനിന്നായി രണ്ട് ടീമുകളിലായി 20 പേരാണ് പ്രാദേശിക ടൂർ പാക്കേജുകൾ തേടി കേരളത്തിൽ എത്തിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച ഇവരിൽ പലരും ആറു ദിവസത്തോളമാണ് കേരളത്തിൽ ചെലവഴിച്ചത്. സാധാരണ ഒരു ദിവസം കേരളത്തിലെ പ്രാദേശിക ടൂർ ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾ 3,000 രൂപ മുതൽ 5,000 രൂപ വരെ ചെലവഴിക്കുന്നുവെന്നാണ് കണക്ക്. അതിനാൽ കൂടുതൽ സഞ്ചാരികൾ എത്തുന്നതോടെ കേരളത്തിലെ മുഴുവൻ യൂണിറ്റുകൾക്കും മികച്ച വരുമാനം ലഭിച്ചു തുടങ്ങും.

20,019 യൂണിറ്റുകളാണ്‌ നിലവിൽ ഉത്തരവാദിത്വ ടൂറിസം മിഷന്റെ ഭാഗമായി കേരളത്തിൽ പ്രവർത്തിക്കുന്നത്. ഇവയിൽ 15,000-ഓളം യൂണിറ്റുകളിൽ ഇതിനോടകം ടൂറിസം പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ മറ്റ് യൂണിറ്റുകളും തുറന്നു പ്രവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് മിഷൻ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഓരോ യൂണിറ്റിലും പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. ഉത്തരവാദിത്വ മിഷൻ ടീം നേരിട്ടെത്തി പരിശോധിച്ചതിനു ശേഷം മാത്രമാണ് സഞ്ചാരികൾക്കായി തുറന്നു നൽകുന്നത്. യൂണിറ്റുകൾക്കായി കോവിഡനന്തരം എങ്ങനെ പ്രവർത്തിക്കണം തുടങ്ങിയ പരിശീലനങ്ങൾ മിഷൻ നൽകിയിരുന്നു.

മിഷന്റെ ദീർഘകാലം നീണ്ടുനിൽക്കുന്ന ലേണിങ് എക്സ്പീരിയൻസ് പാക്കേജുകൾക്കും അന്വേഷണങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. കൂടാതെ, വിദേശ സഞ്ചാരികളിൽനിന്ന്‌ അന്വേഷണങ്ങൾ എത്തിത്തുടങ്ങി. വിദേശ സഞ്ചാരികൾക്കായി കേരളം തുറന്നുകൊടുക്കുന്നതോടെ സഞ്ചാരികളുടെ വലിയ ഒഴുക്കാണ് പ്രതീക്ഷിക്കുന്നതെന്ന് ഉത്തരവാദിത്വ ടൂറിസം മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ പറഞ്ഞു. കഴിഞ്ഞ മൂന്നു വർഷം കൊണ്ട് 35 കോടി രൂപയുടെ വരുമാനമാണ് മിഷനു കീഴിലുള്ള യൂണിറ്റുകൾ നേടിയത്. കൂടാതെ മിഷന്റെ പദ്ധതികളായ പെപ്പർ, മോഡൽ ആർ.ടി. വില്ലേജ് എന്നിവയിലൂടെ 48 പുതിയ ടൂറിസം കേന്ദ്രങ്ങളാണ് ഉയർന്നു വന്നത്.

Content Highlights: Kerala Responsible Tourism, Responsible Tourism Mission, Kerala Tourism, Travel News