2019-ല്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളേക്കുറിച്ച് സി.എന്‍.എന്‍ തയ്യാറാക്കിയ യാത്രാ പട്ടികയില്‍ ഇടംപിടിച്ച് കേരളവും. മനോഹരമായ 19 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിലാണ് കേരളം ഇടംപിടിച്ചത്. പ്രളയവും ഭൂചലനവും പോലുള്ള വിപത്തുകളെ അഭിമുഖീകരിച്ച് തിരിച്ചുവരവിന്റെ പാതയില്‍ സഞ്ചരിക്കുന്നവയും ലോകശ്രദ്ധ പിടിച്ചുപറ്റിയ സംഭവങ്ങളിലുള്‍പ്പെട്ടതുമാണ് ഭൂരിഭാഗം സ്ഥലങ്ങളും എന്നതാണ് ശ്രദ്ധേയമായ വസ്തുത.

പട്ടികയില്‍ ഒമ്പതാമതാണ് കേരളത്തിന്റെ സ്ഥാനം. 2018-ലുണ്ടായ പ്രളയത്തില്‍ കേരളത്തിലെ പല വിനോദസഞ്ചാര കേന്ദ്രങ്ങളും കോട്ടങ്ങളില്ലാതെയാണ് രക്ഷപ്പെട്ടതെന്ന് സി.എന്‍.എന്‍ വിലയിരുത്തുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സോളാര്‍ സംവിധാനത്തേക്കുറിച്ചും കൊച്ചിയേക്കുറിച്ചും  സി.എന്‍.എന്‍ ലിസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. കോവളം സര്‍ഫിങ്ങിന് മികച്ചതാണെന്നും മാനസിക പിരിമുറുക്കമൊഴിവാക്കാന്‍ പറ്റിയയിടം വര്‍ക്കല ബീച്ചാണെന്നുമാണ് അവര്‍ പറയുന്നത്. കായലുകളും കെട്ടുവള്ളത്തിലൂടെയുള്ള യാത്രയും മൂന്നാറിലെ ചായത്തോട്ടങ്ങളും പെരിയാര്‍ ദേശീയോദ്യാനവും കേരളത്തെ ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ച ചില ഘടകങ്ങള്‍ മാത്രം.

കേരളത്തിലെ ചെമ്മീന്‍ കറി രുചിക്കാന്‍ മറക്കരുതെന്നും ലിസ്റ്റില്‍ പറയുന്നുണ്ട്. ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചാണ് ലിസ്റ്റില്‍ ഒന്നാമത്. 2011 ലുണ്ടായ ഭൂകമ്പത്തില്‍ 185 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഈജിപ്റ്റ്, ജപ്പാനിലെ ഫുക്കുവോക്ക, ഘാന, അമേരിക്കയിലെ ഗ്രാന്‍ഡ് കാനിയന്‍, ഹവായ് ദ്വീപുകള്‍, സ്‌കോട്ട്‌ലന്‍ഡിലെ സ്റ്റാന്‍ഡിങ് സ്‌റ്റോണ്‍, ഇസ്രയേലിലെ ജാഫ, ലിച്ചെന്‍സ്റ്റീന്‍, പെറുവിലെ ലിമ, ന്യൂയോര്‍ക്ക് സിറ്റി, മെക്‌സിക്കോയിലെ ഓക്‌സാക, ഒമാന്‍, ബള്‍ഗേറിയയിലെ പ്ലോവ്ഡിവ്, ഫ്രഞ്ച് വെസ്റ്റിന്‍ഡീസിലെ സെന്റ് ബാര്‍ട്ടിസ്, ഫ്‌ളോറിഡയിലെ സ്‌പേസ് കോസ്റ്റ്, ജര്‍മനിയിലെ വെയ്മര്‍ എന്നിവയാണ് പട്ടികയില്‍ ഇടംനേടിയ മറ്റുസ്ഥലങ്ങള്‍.

പട്ടികയിലുള്‍പ്പെട്ട ഏക ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം. പ്രളയം ദുരിതം വിതച്ച കേരളത്തില്‍ ടൂറിസം മേഖലയ്ക്ക് പഴയ ഉണര്‍വിലേക്ക് തിരികെ വരാനായെന്നതിന് ലഭിക്കുന്ന അംഗീകാരം കൂടിയാണ് അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ സി.എന്‍.എന്‍ തയാറാക്കിയ ഈ പട്ടികയില്‍ കേരളത്തിന് സ്ഥാനം ലഭിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

Read More: CNN Travel's 19 places to visit in 2019

Content Highlights: Kerala Tourism, CNN Travel List, Kadakampally Surendran