വിതുര: കോവിഡ് കാലത്തെ അടച്ചിടലിനു ശേഷം പൊന്മുടി ഉള്‍പ്പെടെയുള്ള സഞ്ചാരകേന്ദ്രങ്ങള്‍ വീണ്ടും തുറക്കുമ്പോള്‍ അവഗണനയില്‍ തന്നെ തുടരുന്ന സന്ദര്‍ശന സ്ഥലങ്ങള്‍ മലയോര മേഖലയില്‍ ഇപ്പോഴുമുണ്ട്. പൊന്മുടിയുടെ പ്രവേശനകവാടമായ വിതുരയിലാണ് ഇവ. സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് മതിയായ സൗകര്യങ്ങളോ സുരക്ഷാ സംവിധാനങ്ങളോ ഇവിടെയില്ല. അധികൃതരുടെ വര്‍ഷങ്ങളായുള്ള അനാസ്ഥയാണ് ഈ കേന്ദ്രങ്ങളുടെ അവസ്ഥയ്ക്ക് കാരണം. മികച്ച വരുമാനവും തൊഴില്‍ സാധ്യതകളും നല്‍കാന്‍ കഴിയുന്നവയാണ് ഇവയോരോന്നും. മലയോര വിനോദസഞ്ചാരത്തിന് പ്രാധാന്യം നല്‍കുന്ന പുതിയ ടൂറിസം നയം പ്രതീക്ഷയാകുന്നു. തെക്കന്‍ മീശപ്പുലിമല എന്ന് സന്ദര്‍ശകര്‍ വിശേഷിപ്പിക്കുന്ന മലയടി ചിറ്റിപ്പാറയാണ് അവഗണന നേരിടുന്ന സഞ്ചാരകേന്ദ്രം. പ്രകൃതിയൊരുക്കിയ മനോഹാരിത ഏറെ ആകര്‍ഷണീയമാണ്.

നഗരത്തില്‍നിന്ന് 34-കിലോമീറ്റര്‍ ദൂരമുണ്ട് ചിറ്റിപ്പാറയിലേക്ക്. നെടുമങ്ങാട്-വിതുര റോഡില്‍ ഇരുത്തലമുക്കില്‍നിന്നു തിരിഞ്ഞ് മലയടി വലിയകളം റോഡ് വഴിയോ തോട്ടുമുക്ക് തിരിഞ്ഞ് ചിറ്റിക്കോണം വഴിയോ ഇവിടെയെത്താം. വെള്ളിച്ചിലങ്ക കിലുക്കി പതഞ്ഞൊഴുകിയെത്തുന്ന മീന്‍മുട്ടി വെള്ളച്ചാട്ടവും സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണ്. കല്ലാറിനടുത്തുള്ള ഈ മനോഹര വെള്ളച്ചാട്ടം പ്രദേശവാസികളേയും സന്ദര്‍ശകരേയും ഒരുപോലെ ആകര്‍ഷിക്കുന്നു.

പൊന്മുടിപ്പാതയില്‍ കല്ലാര്‍ പാലത്തിനടുത്തു നിന്ന് രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മീന്‍മുട്ടിയിലെത്താം. സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന മറ്റൊരു സഞ്ചാരകേന്ദ്രമാണ് ചാത്തന്‍കോട്. ബോണക്കാടന്‍ മലനിരകളില്‍ നിന്നൊഴുകിയെത്തുന്ന കരമനയാറ്റില്‍ ഉരുളന്‍ പാറക്കൂട്ടങ്ങള്‍ നിറഞ്ഞ് മനോഹരമായ ഇവിടെ അവധി ദിവസങ്ങളില്‍ നിരവധിപേരാണ് എത്തുന്നത്.

പാറകളിലൂടെ പതഞ്ഞൊഴുകുന്ന കാട്ടാറിന് ഇവിടെയെത്തുമ്പോള്‍ സൗന്ദര്യം ഇരട്ടിയാകുന്നു. തിരുവനന്തപുരത്തു നിന്ന് 42 കിലോമീറ്ററാണ് ദൂരം. നെടുമങ്ങാട് വിതുര പൊന്മുടി റോഡില്‍ തേവിയോട് തിരിഞ്ഞ് ഐസര്‍ ബോണക്കാട് റോഡിലൂടെ 8-കിലോമീറ്റര്‍ യാത്ര ചെയ്യണം.

കാണിത്തടം ചെക്ക്‌പോസ്റ്റില്‍ നിന്നു വലത്തോട്ടു തിരിഞ്ഞ് ഇടറോഡിലൂടെ ഒരു കിലോമീറ്റര്‍ പോയാല്‍ ചാത്തന്‍കോടെത്താം. കാടിന്റെ ഉള്ളറകളിലൂടെ അരുവിയായി ഒഴുകിയെത്തി പാറക്കെട്ടിലൂടെ താഴേക്കു പതിക്കുന്ന ബോണക്കാട് വാഴുവാന്തോള്‍ വെള്ളച്ചാട്ടം മലയോരമേഖലയിലെത്തുന്ന സഞ്ചാരികളുടെ പറുദീസയാണ്.

ഔഷധസസ്യങ്ങള്‍ നിറഞ്ഞ ബോണക്കാടന്‍ മലകളിലൂടെ ഒഴുകിയെത്തുന്ന വാഴുവാന്തോള്‍ ശരീരത്തിനും മനസ്സിനും ഒരുപോലെ ഉന്മേഷം പകരുന്നു. വിതുര പൊന്‍മുടി പാതയില്‍ തേവിയോടു നിന്ന് വലത്തേക്കു തിരിഞ്ഞ് ബോണക്കാട്ടേക്കുള്ള റോഡിലൂടെ 9 കിലോമീറ്റര്‍ പോയാല്‍ വാഴുവാന്തോളിലെത്താം. കാണിത്തടം ചെക്ക്പോസ്റ്റില്‍നിന്ന് ഒരു കിലോമീറ്റര്‍ വാഹനത്തില്‍ പോകാം. പിന്നീട് 2.5 കിലോമീറ്റര്‍ വനത്തിലൂടെ കാല്‍നടയാത്ര. ഈ യാത്രയില്‍ കാനനസൗന്ദര്യം ആവോളം നുകരാം.

kallar
കല്ലാർ മീൻമുട്ടി വെള്ളച്ചാട്ടം

വേണ്ടത് പ്രത്യേക പദ്ധതി

പൊന്മുടി, പേപ്പാറ, കല്ലാര്‍ തുടങ്ങിയ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രത്യേക പദ്ധതിയാണ് മലയോര ടൂറിസം വികസനത്തിനാവശ്യം. പെരിങ്ങമ്മല പഞ്ചായത്തിലെ ഇടിഞ്ഞാര്‍, മങ്കയം വെള്ളച്ചാട്ടങ്ങളും മീന്‍മുട്ടി അണക്കെട്ടും ഇതിനോട് ചേര്‍ക്കുന്ന സമഗ്രപദ്ധതി ആവിഷ്‌കരിക്കണം. പ്രത്യേകം വാഹനങ്ങളും താമസസൗകര്യവും ഭക്ഷണശാലകളും ഈ പ്രത്യേക പാക്കേജിന്റെ ഭാഗമായി ഏര്‍പ്പെടുത്തണം.

Content highlights : kerala hill tourism destinations not secured and developed still continue