നയ്‌റോബി:  ഇന്ത്യന്‍ സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി കെനിയ. ഇതിന്റെ ആദ്യ പടിയെന്നോണം അതിര്‍ത്തികള്‍ തുറന്നു. കെനിയ ടൂറിസം ബോര്‍ഡാണീ കാര്യം അറിയിച്ചത്. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അലയിടിച്ചപ്പോഴാണ് അതിര്‍ത്തികള്‍ അടച്ചത്.

ഇന്ത്യയില്‍ നിന്നും കെനിയിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ പുനരാരംഭിച്ചുകൊണ്ട് കെനിയ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഉത്തരവിറക്കി. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഇനി കെനിയുടെ വര്‍ണമനോഹര കാഴ്ചകള്‍ ആസ്വദിക്കാമെന്നത്  മാത്രമല്ല സന്തോഷവാര്‍ത്ത.

രാജ്യത്ത് നിന്നും കെനിയിലേക്ക് പോകുന്ന സഞ്ചാരികളുടെ കൈവശം യാത്രയ്ക്ക് 96 മണിക്കൂറിന് മുന്‍പെടുത്ത് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ അവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമാക്കില്ല. ചുരുങ്ങിയ സമയം കൊണ്ട് കെനിയയിലെ വന്യമനോഹര കാഴ്ചകള്‍ നുകരണമെന്നാഗ്രഹിക്കുന്നവര്‍ക്ക് ഇത് തത്വത്തില്‍ സന്താഷവാര്‍ത്തയാണ്.

ധാരാളം വന്യജീവി സങ്കേതങ്ങള്‍ കൊണ്ട് സമ്പന്നമാണ് കെനിയ. കെനിയയിലെ മാസായ് മാരാ നാഷണല്‍ റിസര്‍വ് ലോകപ്രസിദ്ധമാണ്. രാജ്യതലസ്ഥാനമായ നയ്‌റോബിയിലെ നയ്‌റോബി നാഷണല്‍ പാര്‍ക്കും സഞ്ചാരികളുടെ പറുദീസയാണ്.

കിളിമഞ്ചാരോയുടെ കീഴിലായി സ്ഥിതി ചെയ്യുന്ന  ആമ്പോസെലി നാഷണല്‍ പാര്‍ക്കില്‍ ഒരേ പോലെ വനഭംഗിയും കിളി മഞ്ചാരോ  എന്ന ഗിരിരാജന്റെ മായകാഴ്ചകളെയും ആസ്വദിക്കാന്‍ സഞ്ചാരികളെ സഹായിക്കും. ടൂറിസത്തെ പഴയ ട്രാക്കിലേക്ക് എത്തിക്കാന്‍ നിരവധി ക്യാംപയിനുകളാണ് കെനിയ നടപ്പാക്കിവരുന്നത്. 

Content Highlights; kenya to welcome indian tourists, as it reopens its borders