അയ്യപ്പന്‍കോവില്‍: ഇടുക്കിയുടെ ടൂറിസം മേഖലയിലേക്ക് ഒരു അടയാളപ്പെടുത്തല്‍ കൂടി. കയാക്കിങ് സാഹസികയാത്രയ്ക്ക് പെരിയാര്‍ നദിയിലെ അയ്യപ്പന്‍കോവിലില്‍ കളമൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ട്രയല്‍ റണ്‍ നടത്തി. ഒരാള്‍ക്ക് വീതവും രണ്ടാള്‍ക്കും ഒപ്പം തനിയെ തുഴഞ്ഞു സാഹസികയാത്രചെയ്യാന്‍ കഴിയുന്ന കയാക്കുകളാണ് ട്രയല്‍ റണ്ണില്‍ ഉപയോഗിച്ചത്. പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കിയ ട്രയല്‍ വിജയിച്ചതോടെ ഉടനടി പദ്ധതി നടപ്പാക്കാന്‍ സാധിക്കും.

ജില്ലാ ഭരണകൂടം, പഞ്ചായത്ത്, ഡി.ടി.പി.സി. എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് ഇവിടെ ടൂറിസം പദ്ധതി നടപ്പാക്കുന്നത്. കയാക്കിങ്ങിനോടൊപ്പം അമിനിറ്റി സെന്ററും അനുബന്ധ സൗകര്യങ്ങളും അയ്യപ്പന്‍ കോവില്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കും.

ഒരുദിവസംകൊണ്ട് ഇടുക്കി കാണാന്‍ എത്തുന്നവര്‍ക്ക് ഇടുക്കി ഡാം-അഞ്ചുരുളി-അയ്യപ്പന്‍കോവില്‍- വാഗമണ്‍ സന്ദര്‍ശിച്ച് മടങ്ങാനാകും. പെരിയാറില്‍ ഈ കായികവിനോദം പ്രാവര്‍ത്തികമാക്കുമ്പോള്‍ ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഇതൊരു മുതല്‍ക്കൂട്ടാകുമെന്ന് ജില്ലാ വികസന കമ്മിഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇതുപോലെയുള്ള ചെറിയ ടൂറിസം പദ്ധതികള്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് മിനിമോള്‍ നന്ദകുമാര്‍, ഡി.റ്റി.പി.സി. അധികൃതര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Content Highlights: kayaking trial run in ayyappankovil have been done