പ്രതീകാത്മക ചിത്രം
മറവന്തുരുത്തില് കയാക്കിങ്ങോ...? സംഭവം സത്യമാണ്. കുറഞ്ഞ ചെലവില്‍ മൂവാറ്റുപുഴയാറിലൂടെ കയാക്കിങ് നടത്താനുള്ള സൗകര്യം മറവന്‍തുരുത്തിലുണ്ട്. ഒപ്പം മുവാറ്റുപുഴയാറിന്റെ മനോഹാരിതയും മറവന്തുരുത്തിന്റെ ഗ്രാമീണക്കാഴ്ചകളും ആസ്വദിക്കാന്‍ സാധിക്കും. ടൂറിസം വകുപ്പ് ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ നടപ്പാക്കുന്ന സ്ട്രീറ്റ് പദ്ധതിയില്‍ ഉള്‍പ്പെട്ട 10 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൊന്നാണ് മറവന്തുരുത്ത്. വാട്ടര്‍ സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി മുവാറ്റുപുഴയാറിന്റെ കൈവഴികളായ പുഴകളും 18 കനാലുകളുമാണ് ഇവിടെയുള്ളത്. ഉത്തരവാദിത്വ ടൂറിസം മിഷന് സംസ്ഥാന കോഓര്‍ഡിനേറ്റര്‍ കെ.രൂപേഷ് കുമാറിന്റെ നേതൃത്വത്തിലാണ് മറവന്തുരുത്തില് വാട്ടര്‍ സ്ട്രീറ്റ്, ആര്‍ട്ട് സ്ട്രീറ്റ് പദ്ധതികള്‍ സജ്ജമായത്.
കയാക്കിങ് എവിടെനിന്ന്
മൂഴിക്കലും പഞ്ഞിപ്പാലത്തുംനിന്ന് ആരംഭിക്കുന്ന കയാക്കിങ് അരിവാള്‍ തോടിലൂടെ ചുറ്റി മൂവാറ്റുപുഴയാറിലൂടെ സഞ്ചരിക്കും. 3.5 കിലോമീറ്ററോളം ദൂരം കയാക്കിങ് ചെയ്യാന്‍ സൗകര്യമുണ്ട്. വൈകീട്ടാണെങ്കില്‍ സൂര്യാസ്തമയം കണ്ട് മനസ്സുനിറയ്ക്കാം. മൂന്നുമണിക്കൂര്‍ നീളുന്നതാണ് ട്രിപ്പ്.
സമയം
രാവിലെ ആറിന് ആരംഭിച്ച് വെയിലിന്റെ കാഠിന്യം അനുസരിച്ച് ഒന്പതുവരെ തുടരും. സൂര്യോദയമാണ് ഈ ട്രിപ്പിന്റെ ആകര്‍ഷണം. ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ 6.30 വരെ. സൂര്യാസ്തമയമാണ് ഈ സമയത്തെ ആകര്‍ഷണം.
പ്രത്യേകതകള്‍
ഒരാള്‍ക്കും, രണ്ടുപേര്‍ക്കും നിന്നുതുഴയുന്ന എസ്.യു.പി. തരത്തിലുള്ള മൂന്ന് കയാക്കുകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കയാക്കിങ് ചെയ്യുന്ന അഞ്ചുപേര്‍ക്ക് ഒരാള്‍ എന്നുള്ള രീതിയില്‍ സേഫ്റ്റി ഗാര്‍ഡ്, ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ് സൗകര്യം.
ഓരോ ദിവസത്തെയും തിരക്കനുസരിച്ച് ഒരാള്‍ കണക്കില്‍ 500 മുതല്‍ 1000 വരെ രൂപ നല്‍കേണ്ടിവരും. ഗ്രൂപ്പായി വരുന്നവര്‍ക്ക് ഇളവും ഉണ്ടാകും. സഞ്ചാരികള്‍ക്ക് ശൗചാലയം, ലഘുഭക്ഷണം, വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. മുന്‍കൂട്ടിപ്പറഞ്ഞാല്‍ ഉച്ചയ്ക്ക് നല്ല നാടന്‍ ഊണും റെഡിയാണ്.
എത്തിച്ചേരാന്‍
വൈക്കം-എറണാകുളം റൂട്ടില്‍ ടോള്‍ ജങ്ഷനില്‍നിന്ന് പാലാംകടവ് റൂട്ടിലേക്ക് അരക്കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പഞ്ഞിപ്പാലത്തെത്താം. കുലശേഖരമംഗലം ക്ഷേത്രത്തിന് സമീപം ആറ്റുവേലക്കടവ് റോഡിലേക്ക് കയറി അരക്കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മൂഴിക്കല്‍ വായനശാലയുടെ മുന്‍പിലെത്താം. ഈ രണ്ട് സ്ഥലങ്ങളിലാണ് കയാക്കിങ് സ്റ്റാര്‍ട്ടിങ് പോയിന്റുകള്‍. തലയോലപ്പറമ്പില്‍നിന്ന് വരുകയാണെങ്കില്‍ പാലാംകടവ് ടോള്‍ റോഡില്‍ മൂന്ന് കിലോമീറ്ററോളം പിന്നിട്ടാല്‍ പഞ്ഞിപ്പാലത്ത് എത്താം. ഫോണ്‍: 9746167994
Content Highlights: kayaking maravanthuruthu kottayam tourist destination
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..