ഉപ്പുതറ : കായികവിനോദത്തിന് മുതല്‍കൂട്ടായി അയ്യപ്പന്‍കോവിലില്‍ കയാക്കിങ് ഫെസ്റ്റിന് തുടക്കമായി. ഇടുക്കി ജലാശയത്തിന്റെ  ദൃശ്യഭംഗി നുകര്‍ന്ന് അനവധി കായിക വിനോദസഞ്ചാരികളാണ് കയാക്കിങ്ങിന്റെ ഭാഗമാകാനായിയെത്തിയത്. ടൂറിസം വികസനത്തിന്റെ അനന്ത സാധ്യതകളിലേക്കാണ് ഇതോടെ അയ്യപ്പന്‍കോവില്‍ വാതില്‍ തുറക്കുന്നത് .

ഇടുക്കി ജലാശയത്തിനു കുറുകെയുള്ള കേരളത്തിലെ ഏറ്റവും നീളംകൂടിയ തൂക്കുപാലം അയ്യപ്പന്‍ കോവിലിലാണ്. തൂക്കുപാലത്തില്‍ കയറാനും, ജലാശയത്തിന്റെ ദൂരക്കാഴ്ച ആസ്വദിക്കാനും നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്.

ഇതുകൂടി കണക്കിലെടുത്താണ് അയ്യപ്പന്‍കോവിലില്‍ കയാക്കിങ് ഫെസ്റ്റ് സംഘടിപ്പിച്ചത്. കയാക്കിങ് അടക്കമുള്ള വിനോദസഞ്ചാര പദ്ധതികള്‍ തുടര്‍ന്നും നടക്കും.

ജില്ലാ ഭരണകൂടം, ഡി.ടി.പി.സി, അയ്യപ്പന്‍കോവില്‍-കാഞ്ചിയാര്‍ പഞ്ചായത്തുകള്‍, വനം-വന്യജീവി, വൈദ്യതി വകുപ്പുകള്‍ സംയുക്തമായാണ് ഫെസ്റ്റ് നടത്തുന്നത്. വയനാട് വൈറ്റല്‍ ഗ്രീന്‍സ് ഇന്റഗ്രേറ്റഡ് സര്‍വീസസ് ആണ് ഇതിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കിയത്.

ഞായറാഴ്ച വൈകീട്ട് ഫെസ്റ്റ് അവസാനിക്കും. അഡ്വഞ്ചര്‍ ടൂറിസം രംഗത്ത് അന്തര്‍ദേശീയ ശ്രദ്ധനേടാന്‍ കഴിയുന്ന വിനോദമാണ് കയാക്കിങ്. ഒറ്റയ്ക്കും രണ്ടാള്‍ വീതവും സാഹസിക യാത്രചെയ്യാന്‍ കഴിയുന്ന കയാക്കുകളാണ് അയ്യപ്പന്‍കോവിലില്‍ സജ്ജീകരിച്ചിരിക്കുന്നത്.

കയാക്കിങ്ങിന് ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഒരാള്‍ക്ക് ഒരു മണിക്കൂര്‍ നേരം കയാക്കിങ് വിനോദത്തില്‍ പങ്കെടുക്കാന്‍ 100 രൂപയാണ് തുക ഈടാക്കുന്നത്.

Content Highlights: kayaking fest kickstarted in ayappankovil