പുനലൂർ: കൊല്ലം പന്തപ്ലാവിലെ പ്രകൃതിരമണീയമായ മലകളെയും പാറക്കൂട്ടങ്ങളെയും ബന്ധിപ്പിച്ചുള്ള കാട്ടാമല ടൂറിസം പദ്ധതി യാഥാർത്ഥ്യമായില്ല. ടൂറിസം പ്രൊമോഷൻ കൗൺസിലുമായി ചേർന്ന് പഞ്ചായത്ത് പ്രാരംഭനടപടികൾ സ്വീകരിച്ചെങ്കിലും തുടർനടപടികളായിട്ടില്ല.
കുളപ്പാറ, ഉളക്കപ്പാറ, അമ്പലപ്പാറ, പുലിച്ചാണിപ്പാറ, മൊട്ടപ്പാറ, പരുവപ്പാറ എന്നിവയാണ് രണ്ടു കിലോമീറ്റർ ചുറ്റളവിൽ തലയുയർത്തിനിൽക്കുന്ന കാട്ടാമലയിലെ പാറക്കൂട്ടങ്ങൾ. മലകയറി പാറക്കൂട്ടങ്ങൾക്ക് മുകളിലെത്തിയാൽ വിദൂരമായ കാഴ്ചകൾ കാണാം.
അപൂർവമായ സസ്യജാലങ്ങളുടെ കലവറയാണ് മലനിരകൾ. പരുവപ്പാറയിലെ വെള്ളച്ചാട്ടം മനോഹരമാണ്. പുലിച്ചാണിപ്പാറയിലെത്തിയാൽ പ്രാചീന ഗുഹയും വറ്റാത്ത കുളവും കാണാം. മൊട്ടപ്പാറയിലെത്തിയാൽ മലയടിവാരത്തെ കാഴ്ചകൾ ആസ്വദിക്കാം. അമ്പലപ്പാറയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കാണാം.
ആറു പാറക്കൂട്ടങ്ങളെയും ബന്ധിപ്പിച്ചുള്ള ടൂറിസം പാക്കേജിനാണ് പഞ്ചായത്ത് ശ്രമം നടത്തുന്നത്. റോപ്പ് വേ ഒരുക്കിയാൽ കാഴ്ചകൾ ഏറെ ഹൃദ്യമാവും. മലയടിവാരത്തിലെ പാറക്കുളങ്ങളിൽ ബോട്ടിങ്ങിനും സൗകര്യമുണ്ട്. ഖനനഭീഷണിയിലായ പാറക്കൂട്ടങ്ങളെ സംരക്ഷിക്കാൻ ടൂറിസം പദ്ധതി ഉടൻ യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.
Content Highlights: Kattamala tourism project, kattamala tourism package, Kollam Tourism