ശ്രീനഗര്‍: ഇന്ത്യയിലേറ്റവുമധികം സഞ്ചാരികളെ സ്വീകരിക്കുന്ന കേന്ദ്രങ്ങളിലൊന്നായ കശ്മീര്‍ ഇന്ന് ദുരിതത്തിലേക്ക് വീണിരിക്കുകയാണ്. കോവിഡ് രണ്ടാം തരംഗം ശക്തമായതോടെ കശ്മീര്‍ ടൂറിസം തകര്‍ന്നുതരിപ്പണമായി. ഇതോടെ ടൂറിസവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരുടെ സ്ഥിതി കൂടുതല്‍ മോശമായി. 

കോവിഡില്‍ നിന്നും മുക്തമായി സഞ്ചാരകേന്ദ്രങ്ങള്‍ പഴയ പ്രൗഢിയിലേക്ക് തിരിച്ചെത്തുന്ന സമയത്താണ് രോഗത്തിന്റെ രണ്ടാം തരംഗം ഇന്ത്യയില്‍ വ്യാപിച്ചത്. ഇതോടെ കശ്മീരിലേക്ക് സഞ്ചാരികളെത്താതായി. 

കഴിഞ്ഞ വര്‍ഷം ഭൂരിഭാഗം സമയവും കശ്മീര്‍ അടഞ്ഞുകിടക്കുകയായിരുന്നു. പിന്നീട് 2020 ഒക്‌ടോബറിലാണ് ഇവിടേക്ക് സഞ്ചാരികളെത്തിത്തുടങ്ങിയത്. ഇതോടെ ടൂറിസം മേഖല പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തി. എന്നാല്‍ വീണ്ടും ലോക്ഡൗണ്‍ വന്നതോടെ സഞ്ചാരകേന്ദ്രങ്ങള്‍ വീണ്ടും അടച്ചുപൂട്ടേണ്ട ഗതി വന്നു.

കശ്മീരിലെ പ്രധാന വരുമാന മാര്‍ഗം ടൂറിസം തന്നെയാണ്. എന്നാല്‍ ടൂറിസം തകിടം മറിഞ്ഞതോടെ ഹോട്ടലുടമകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ശിക്കാര തുഴയുന്നവര്‍, റസ്‌റ്റോറന്റില്‍ ജോലി ചെയ്യുന്നവര്‍, ട്രെക്ക് ഓപ്പറേറ്റര്‍മാര്‍, ഗൈഡുമാര്‍ തുടങ്ങിയവര്‍ക്കെല്ലാം ജോലി നഷ്ടപ്പെട്ടു.

Content Highlights: Kashmir tourism sector hit by COVID-19 second wave