മൈസൂർ കൊട്ടാരം | ഫോട്ടോ: എസ്.എൽ. ആനന്ദ് മാതൃഭൂമി
മൈസൂരു: കേരളത്തിൽനിന്നുള്ളവർക്ക് ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പിൻവലിക്കാത്തതിനാൽ കർണാടകത്തിലെ വിനോദസഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്ന മലയാളികൾ പ്രതിസന്ധിയിൽ തുടരുന്നു. പ്രധാനമായും മലയാളി സന്ദർശകരെ ആശ്രയിച്ച് കഴിഞ്ഞിരുന്ന ഇവർ കടുത്ത ബുദ്ധിമുട്ടിലൂടെയാണ് കഴിഞ്ഞ ഒരുവർഷമായി കടന്നുപോകുന്നത്.
കേരളത്തിൽ കോവിഡ് കേസുകൾ കുറഞ്ഞിട്ടും മലയാളികളോട് കർണാടക സർക്കാർ അവഗണന തുടരുകയാണ്. സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയ്ക്ക് മികച്ച വരുമാനം നൽകുന്നവരാണ് മലയാളികളെന്ന വസ്തുത ബോധപൂർവം മറച്ചുവെച്ചുകൊണ്ടാണ് സർക്കാരിന്റെ ഈനടപടി.
ഇതുകാരണം വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്ന മലയാളികളുടെ ദുരിതം തുടരുകയാണ്. മലയാളികളുടെ റെസ്റ്റോറന്റുകൾ, ലോഡ്ജുകൾ, ഹോട്ടലുകൾ, ഹോംസ്റ്റേകൾ എന്നിവയ്ക്കൊന്നും കാര്യമായ ബിസിനസ് ഇപ്പോഴില്ല. പലതും അടച്ചിട്ടിരിക്കുകയുമാണ്.
കർണാടകത്തിലേക്ക് ഏറ്റവുമധികം വിനോദസഞ്ചാരികൾ വരുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എന്നാൽ, ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് നിബന്ധന ഏർപ്പെടുത്തിയതോടെ മലയാളി സന്ദർശകരുടെ എണ്ണം കുത്തനെ ഇടിഞ്ഞു.
കഴിഞ്ഞ ഒരുവർഷമായി നാമമാത്രമായ മലയാളി സന്ദർശകർ മാത്രമാണ് സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളിലെത്തിയത്. മൈസൂരു കൊട്ടാരം, മൃഗശാല, ചാമുണ്ഡിമല, ബൃന്ദാവൻ ഉദ്യാനം, നന്ദി ഹിൽസ്, ശ്രീരംഗപട്ടണ തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങളിലെല്ലാം കേരള രജിസ്‌ട്രേഷൻ വാഹനങ്ങൾ പതിവുകാഴ്ചയായിരുന്നു. എന്നാൽ, വിരലിലെണ്ണാവുന്ന കേരള രജിസ്‌ട്രേഷൻ വാഹനങ്ങൾ മാത്രമാണ് ഇപ്പോൾ കാണാൻ സാധിക്കുക.
മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരും സംസ്ഥാനത്തിനകത്തുനിന്നുള്ളവരും എത്തുന്നതിനാൽ വിനോദസഞ്ചാരകേന്ദ്രങ്ങൾക്ക് ഭേദപ്പെട്ട വരുമാനം ലഭിക്കുന്നുണ്ട്. അതിനാൽ, മലയാളികൾക്കുള്ള ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് നിബന്ധന പിൻവലിക്കണമെന്ന് വിനോദസഞ്ചാരകേന്ദ്രങ്ങളുടെ അധികൃതരും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നില്ല.
ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് നിബന്ധന വല്ലാതെ ബാധിച്ചു. ഇത് ഒഴിവാക്കിയാൽ മാത്രമേ പ്രശ്നപരിഹാരമുണ്ടാകുകയുള്ളൂ. ലോക്ഡൗണിനെത്തുടർന്ന് കുറേക്കാലം അടച്ചിട്ടശേഷം ഏറെ പ്രതീക്ഷയോടെയാണ് ഹോട്ടൽ വീണ്ടും തുറന്നത്. അപ്പോഴാണ് ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് നിബന്ധന ഏർപ്പെടുത്തിയത്. കേരളത്തിൽനിന്നുള്ള സന്ദർശകരാണ് ഹോട്ടലിലെത്തുന്നവരിൽ 70 ശതമാനവും. എന്നാൽ, ഇപ്പോൾ അതെല്ലാം നിലച്ചു. വളരെ പ്രയാസകരമാണ് കാര്യങ്ങൾ. എങ്ങനെ നടത്തിക്കൊണ്ടുപോകുമെന്നാണ് ആലോചിക്കുന്നത്.
- മുഹമ്മദ്, കൈരളി ഹോട്ടൽ ഉടമ, മൈസൂരു
കനത്ത നഷ്ടം
കർണാടകത്തിൽ ഏറ്റവും കൂടുതൽ ബിസിനസ് നടക്കുന്നത് കേരളത്തിൽനിന്നുള്ളവരെ ആശ്രയിച്ചാണ്. മലബാർ ഭാഗത്തുനിന്നുള്ളവരാണ് മൈസൂരു മേഖലയിലേക്ക് കൂടുതൽ എത്തുന്നത്. എന്നാൽ, ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റ് നിബന്ധന കാരണം ആളുകൾ വരാത്തതിനാൽ ഭയങ്കര നഷ്ടമാണ് ഉണ്ടാകുന്നത്. മുമ്പ് സന്ദർശകരുടെ ഒട്ടേറെ കേരള രജിസ്‌ട്രേഷൻ വാഹനങ്ങൾ കാണാമായിരുന്നു. എന്നാൽ, ഇപ്പോൾ അതൊന്നുമില്ല.
- മഗിപാൽ നായർ, ഗ്രൂപ്പ് ജനറൽ മാനേജർ, പ്രസിഡന്റ് ഹോട്ടൽ, മൈസൂരു)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..