പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി
മൈസൂരു: ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഹോം സ്റ്റേകളിലും താമസിക്കാന്‍ വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതോടെ കര്‍ണാടകയില്‍ ടൂറിസം മേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്ന് ആശങ്കയുയരുന്നു. കോവിഡ് കാലത്ത് ഈ മേഖലയിലുള്ളവര്‍ പിടിച്ചുനില്‍ക്കാന്‍ പെടാപ്പാട് പെടുന്നതിനിടെയാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിക്കൊണ്ട് പുതിയ നിയമം വരുന്നത്.
കഴിഞ്ഞദിവസം കുടകില്‍ നടന്ന കോവിഡ് അവലോകനയോഗത്തില്‍ സംസ്ഥാന ആരോഗ്യ വിദ്യാഭ്യാസമന്ത്രി ഡോ. കെ. സുധാകറാണ് സഞ്ചാരികള്‍ക്ക് കോവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയത്.
സഞ്ചാരികള്‍ താമസിക്കാനെത്തുമ്പോള്‍ 76 മണിക്കൂര്‍ മുമ്പു നടത്തിയ കോവിഡ് ടെസ്റ്റില്‍ നെഗറ്റീവ് ആയ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണിത്.
കുടക് ജില്ലാ ഭരണകൂടത്തിനാണ് നിര്‍ദേശം നല്‍കിയതെങ്കിലും ഇത് കര്‍ണാടകയിലെ മറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളെയും ബാധിക്കും.
ലോക്ഡൗണിനുശേഷം ഓഗസ്റ്റ് ഒന്നിനാണ് റിസോര്‍ട്ടുകളും മറ്റും സഞ്ചാരികള്‍ക്കായി തുറന്നത്. കോവിഡ് കാലത്തിനനുസൃതമായ പരിഷ്‌കാരങ്ങളോടെയാണ് റിസോര്‍ട്ടുകളും ഹോം സ്റ്റേകളും സന്ദര്‍ശകരെ സ്വീകരിക്കുന്നത്. വര്‍ക്ക് ഫ്രം ഹോം ആയി ജോലിചെയ്യാനും കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളൊരുക്കിയുള്ള പാക്കേജുകള്‍ മുന്നോട്ടുവെച്ച് സഞ്ചാരികളെ ആകര്‍ഷിച്ചുവരികയായിരുന്നു.
കുടകില്‍ മാത്രം 40-ലധികം റിസോര്‍ട്ടുകളുണ്ടെന്നാണ് ഏകദേശ കണക്ക്. ലോഡ്ജിങ് സൗകര്യമുള്ള 200-ഓളം ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നു. ലൈസന്‍സുള്ളതും ഇല്ലാത്തതുമായി 2000 ഹോം സ്റ്റേകളെങ്കിലും കുടകിലുണ്ടെന്നാണ് കണക്കാക്കുന്നത്. ഈ രംഗത്ത് നിരവധി മലയാളികളും പ്രവര്‍ത്തിക്കുന്നുണ്ട്.
- ആനീസ് കണ്‍മണി ജോയ്, ഡെപ്യൂട്ടി കമ്മിഷണര്‍, കുടക്
സഞ്ചാരികള്‍ക്ക് കോവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതോടെ കുടകിലേക്ക് വിനോദസഞ്ചാരികളാരും വരാതാകും. ഇപ്പോള്‍ത്തന്നെ ഈ മേഖല വലിയ തകര്‍ച്ചയെയാണ് നേരിടുന്നത്. ലോക്ഡൗണിനുശേഷം ഹോട്ടലുകള്‍ തുറന്നവര്‍ നഷ്ടം നേരിടുകയാണ്.
- കെ.കെ. ബാലകൃഷ്ണന്‍, അതിഥി കംഫര്‍ട്ട്, കുശാല്‍നഗര്‍ (ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍ കുടക് ജില്ലാ ട്രഷറര്‍)
കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകത്തില്‍നിന്നുള്ളവരാണ് കുറച്ചെങ്കിലും സഞ്ചാരികളായെത്തുന്നത്. കോവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാകുന്നതോടെ ഇവരുടെ വരവും നിലയ്ക്കും. വിനോദസഞ്ചാരമേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങാന്‍ ഇതിടയാക്കും.
- വി. ബഷീര്‍, ഗ്രീന്‍ലാന്‍ഡ് ഹോട്ടല്‍, കുശാല്‍നഗര്‍
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..