പ്രകൃതിയുടെ കളിപ്പൊയ്കയിൽ ഇനിയും പ്രതീക്ഷയുടെ നാളുകൾ. കർളാട് തടാകം വീണ്ടും സഞ്ചാരികൾക്കായി അണിഞ്ഞൊരുങ്ങുകയാണ്. ചിറയുടെ ചുറ്റിലുമായി പുതുതായി അഞ്ചുമണ്ഡപങ്ങൾ ഇനി സഞ്ചാരികളെ വരവേൽക്കും.

കർളാട് തടാകത്തിന് കാലങ്ങളായി അവഗണനയുടെ കഥകൾ മാത്രമായിരുന്നു പറയാനുണ്ടായിരുന്നത്. ഓരോതവണ മുഖംമിനുക്കിയപ്പോഴും ഒട്ടേറെ കാരണങ്ങളാൽ പിന്നിലേക്കുപോയ നാളുകൾ. കർളാട് തേടിയെത്തിയ സഞ്ചാരികൾക്കെല്ലാം നിരാശപകർന്ന കാലം. ഇതിനെ മറികടക്കാനാണ് കർളാടിന്റെ പരിശ്രമങ്ങൾ.

ആഭ്യന്തര വിനോദസഞ്ചാരികളുടെയും വരവ് ഈ തടാകത്തിന് പ്രതീക്ഷ നൽകുകയാണ്. സിപ്‌ലൈൻ, മുളംചങ്ങാട യാത്ര, ബോട്ടിങ് എന്നിങ്ങനെയാണ് ഇവിടെ ആകർഷണം. 500 മീറ്റർ ഉയരത്തിലുള്ള സിപ്‌ലൈനിൽ 250 മീറ്റർ തടാകത്തിനു കുറുകെയുള്ള സഞ്ചാരമാണ് കൂടുതൽ ആകർഷണം. 250 മീറ്ററിലാണ് തടാകത്തിന് കുറുകെയുള്ള റോപ്പ് വേ ഒരുക്കിയത്.

തടാകത്തിലുള്ള സഞ്ചാരത്തിനായി തുഴ ബോട്ടും പെഡൽ ബോട്ടും ഉണ്ടാവും. സഞ്ചാരികളുടെ താമസസൗകര്യം മെച്ചപ്പെടുത്തുന്നതിനായി നിലവിലെ കോട്ടേജുകൾ കൂടാതെ 10 സ്വിസ് കോട്ടേജുകളും ഇവിടെയുണ്ട്. പ്രദേശത്തിന്റെ പച്ചപ്പ് നിലനിർത്തി ഹരിതഭംഗി വർധിപ്പിക്കാനായി സൗന്ദര്യവത്കരണവും നടക്കുന്നുണ്ട്. കുട്ടികളുടെ പാർക്കും പൂന്തോട്ടവുമെല്ലാം കർളാടിന്റെ സൗന്ദര്യം കൂടുതൽ ആകർഷകമാക്കും.

സാഹസിക വിനോദകേന്ദ്രം

Karlad 2വയനാട്ടിലെ ആദ്യകാല ടൂറിസ്റ്റു കേന്ദ്രമാണെങ്കിലും കർളാട് പതിറ്റാണ്ടുകളായി അവഗണിക്കപ്പെടുകയായിരുന്നു. ലക്ഷങ്ങളുടെ വരുമാനം ഓരോ വർഷവും നഷ്ടമായി. മഴക്കാലത്തും വേനൽക്കാലത്തും ഒരുപോലെ വിനോദസഞ്ചാരം നടപ്പാക്കാൻ കഴിയുന്ന വയനാട്ടിലെ ചുരുക്കം ചില കേന്ദ്രങ്ങളിൽ ഒന്നാണിത്. പതിറ്റാണ്ടുകൾമുമ്പ് തുടങ്ങിയ വികസനപ്രവർത്തനങ്ങൾ ഓരോന്നായി ഇവിടെനിന്നു വഴിമാറിപ്പോയി.

ആദ്യഘട്ടത്തിൽ പൂക്കോടിന് സമാനമായ രീതിയിൽ കർളാടിനെ ഉയർത്തിക്കൊണ്ടുവരാനായിരുന്നു ശ്രമം. ഒരു വാച്ച് ടവറും ബോട്ടുയാത്രയുമായിരുന്നു ലക്ഷ്യം. വാച്ച് ടവർ പാതിവഴിയിൽ നിർമാണം നിലച്ചു. ബോട്ടുകളാവട്ടെ പായൽ മൂടിയ തടാകത്തിൽ ഓടിക്കാനും കഴിയാതായി. ഇതായിരുന്നു തുടക്കത്തിൽത്തന്നെ പാളിപ്പോയ പദ്ധതികൾ.

പിന്നീട് കർളാട് ഗോത്രപൈതൃക ഗ്രാമമാക്കി മാറ്റാനുള്ള ശ്രമമായി. ആദിവാസിജീവിത ചാരുതകളെ അടയാളപ്പെടുത്തുന്ന പരമ്പരാഗത മൺകുടിലുകളും മെഡിറ്റേഷൻ ഹാളുമെല്ലാം ഇതിന്റെ ഭാഗമായി പണികഴിപ്പിച്ചു. ഉദ്ഘാടനം നടന്നതല്ലാതെ പദ്ധതി മുന്നോട്ടുപോയില്ല. ലക്ഷങ്ങൾ മുടക്കി പണികഴിപ്പിച്ച കുടിലുകളും ഹാളുമെല്ലാം ഇപ്പോൾ നാശത്തിന്റെ വക്കിലായി.

ബോട്ടുയാത്രാ സൗകര്യങ്ങൾമാത്രം ഉള്ളപ്പോഴും കർണാടകയിൽ നിന്നുമൊക്കെ സഞ്ചാരികൾ ഇവിടെ എത്താറുണ്ടായിരുന്നു. സാഹസിക വിനോദകേന്ദ്രമായി കർളാട് മാറിതോടെ ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് വിനോദത്തിന് ഒരിടം കൂടിയായിരുന്നു. ഇനിയും മുഖംമിനുങ്ങുന്നതോടെ സഞ്ചാരികൾക്ക് ഈ തീരം പുതിയ പ്രതീക്ഷകൾ നിറയ്ക്കും.

Content Highlights: Karlad Lake, Karlad Lake location, Karlad lake Zipline