കരിമ്പുഴ വന്യജീവി സങ്കേതം
കാടിന്റെ വശ്യതയും കരിമ്പുഴയുടെ കുളിരും സഞ്ചാരികള്‍ക്ക് പകര്‍ന്നുനല്‍കിയ പശ്ചിമഘട്ടത്തിന്റെ താഴ്വാരം സഞ്ചാരികളെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങുന്നു.
മലപ്പുറത്തെ കരുളായി വനത്തിനകത്തെ പാരിസ്ഥിതിക വിനോദസഞ്ചാരകേന്ദ്രവും, ജില്ലയിലെ ഏക വന്യജീവി സങ്കേതവും കരിമ്പുഴ വന്യജീവി സങ്കേതത്തിന്റെ പ്രവേശന കവാടവുമായ നെടുങ്കയമാണ് കൂടുതല്‍ സുന്ദരിയാകുന്നത്. ഏതാണ്ട് ഒന്നേകാല്‍ കോടി രൂപയുടെ ഇക്കോ ടൂറിസം വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ അവസാന ഘട്ടത്തിലെത്തിനില്ക്കുന്നത്.
ചെറുപുഴയിലെ ഇരുമ്പുപാലം കടന്ന് വനത്തിലേക്ക് പ്രവേശിക്കുന്ന വനം ചെക്ക്പോസ്റ്റിനോടുചേര്ന്നാണ് കരിമ്പുഴ വന്യജീവി സങ്കേതത്തിന്റെ പ്രവേശനകവാടം പണിയുന്നത്.
പാറയിലൂടെ വെള്ളമൊഴുകുന്ന പ്രതീതി ജനിപ്പിക്കുന്ന ഈ കവാടമാണ് നെടുങ്കയത്തേക്കുവരുന്ന സഞ്ചാരികളെ സ്വാഗതംചെയ്യുന്നത്.
ഇതിനുപുറമേ നെടുങ്കയത്ത് കുട്ടികള്‍ക്കായി പാര്‍ക്ക് നിര്‍മാണം, ഡോര്‍മെറ്ററികള്‍, അമിനിറ്റി സെന്റര്‍, പാത്ത്വേ, ഇരിപ്പിടം, പുഴയോരം മോടി കൂട്ടല്‍, സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കല്‍ തുടങ്ങിയവയും നടന്നുവരുന്നു.
കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ചോലനായ്ക്കനായ കരിമ്പുഴ മാതന്, ഭാര്യ കരിക്കാ ഇവരുടെ വളര്‍ത്തുനായ എന്നിവരുടെ പ്രതിമ നെടുങ്കയത്ത് സ്ഥാപിക്കും, നെടുങ്കയത്തിന്റെ ശില്പിയായ ഡോസന് സായിപ്പിന്റെ പ്രതിമ പ്രവേശനകവാടത്തിനോടുചേര്ന്നും സ്ഥാപിക്കും. പദ്ധതിയില്‍പ്പെടുത്തി ബ്രിട്ടീഷ് എന്‍ജിനിയര്‍ ഡോസണ് സായിപ്പിന്റെ ശവകുടീരം കൂടുതല്‍ ആകര്‍ഷകമാക്കി പുതുക്കിപ്പണിതിട്ടുണ്ട്.
കൂടാതെ സഞ്ചാരികള്‍ക്ക് ഇരുന്ന് വിശ്രമിക്കാനുള്ള സൗകര്യവുമൊരുക്കിയിട്ടുണ്ടിവിടെ. നെടുങ്കയത്തെ ഇരുമ്പു പാലത്തിനും, റെസ്റ്റ് ഹൗസിനുമിടയിലുള്ള പാറക്കെട്ടില്‍ പുഴയോരത്തോടുചേര്‍ന്ന് കൈവരികള്‍ സ്ഥാപിച്ചിട്ടുണ്ട്. പണികള്‍ തീര്‍ന്നാല്‍ പുതുവര്‍ഷത്തോടെ ഉദ്ഘാടനമുണ്ടാകും.
Content Highlights: karimpuzha wildlife sanctuary eco tourism projects
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..