പശ്ചിമഘട്ടത്തിന്റെ തെക്കേമുനമ്പിലെ അഗസ്ത്യാർകൂടം മലയിൽ നിന്നും ഉത്ഭവിക്കുന്ന കരമനയാറ്റിന്റെ തീരത്ത് ജൈവവൈവിദ്ധ്യ ഉദ്യാനം ഒരുങ്ങുന്നു. പുതുവർഷത്തിന്റെ പകുതിയോടെ പണികൾ പൂർത്തിയായി ഉദ്യാനം ജനങ്ങൾക്ക് തുറന്നുകൊടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

പാർക്കിന്റെ ഒന്നാംഘട്ട പണികൾ പൂർത്തിയായി. നദിയുടെ ഓരങ്ങൾ സംരക്ഷിക്കാൻ ഈ വശത്ത് ഭിത്തി നിർമ്മിക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്തത്. നദീതീരത്തുള്ള മരങ്ങളേയും സസ്യങ്ങളേയും നിലനിർത്തിക്കൊണ്ട്  മൂന്ന് തട്ടുകളായിട്ടാണ് ഉദ്യാനത്തിന്റെ നിർമാണം. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ  കരമന-കിള്ളിയാർ ശാസ്ത്രീയ പരിപാലന മാതൃകാ പദ്ധതിയുടെ ഭാഗമായാണ് ബയോപാർക്ക് നിർമാണം. കരമന ഗണപതി ക്ഷേത്രത്തിനുസമീപത്തെ രണ്ടേക്കറോളം വരുന്ന  സർക്കാർ ഭൂമിയിലാണ് ഉദ്യാനത്തിന്റെ പണികൾ നടക്കുന്നത്.  പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത നിർമാണ പ്രവർത്തനങ്ങളാണ് നടത്തുന്നത്.

മരങ്ങൾ ഇടതൂർന്ന് തണൽ വിരിച്ചുനിൽക്കുന്ന ഈ നദിയോരത്ത് പെട്ടെന്ന് എത്തിപ്പെടുമ്പോൾ കാട്ടിലേക്ക്‌ പ്രവേശിച്ച പ്രതീതിയാണുണ്ടാവുക. ഇവിടത്തെ മരച്ചില്ലകളിൽ അപൂർവയിനം പക്ഷികൾ കൂടുകൂട്ടുന്നുണ്ട്. ഉദ്യാനത്തിന് നടുവിലൂടെ നടപ്പാതയും ഒരുക്കുന്നുണ്ട്. സന്ദർശകർക്ക്  ഇരിക്കുന്നതിനായി  ഇരിപ്പിടങ്ങളും തയ്യാറാക്കും.

വിവിധയിനം മുളകൾ, കാട്ടുപൂക്കൾ, നാട്ടുപൂക്കൾ തുടങ്ങിയവ നട്ടുപിടിപ്പിക്കാനും പദ്ധതിയുണ്ട്. ഇതുവഴി കാടിന്റെ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയാണ് ലക്ഷ്യം.  നദി മലിനപ്പെടുത്താതിരിക്കാനും ഉദ്യാനത്തിലെത്തുന്നവരുടെ സുരക്ഷയ്ക്കുമായി  ഇരുമ്പുകണ്ണികൾ കോർത്തിണക്കി കവചമൊരുക്കും.  പ്രവശേനകവാടം, നടപ്പാത, പടവുകൾ, കൈവരി എന്നിവയുടെ നിർമാണങ്ങൾ നാലുഘട്ടങ്ങളായി തിരിച്ചാണ് പൂർത്തിയാക്കുന്നത്. ഒരു കോടിയിലേറെ രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്.

ഉദ്യാനത്തിന്റെ നിർമാണത്തിൽ ഇറിഗേഷൻ വകുപ്പും ട്രിഡയും സംസ്ഥാന ജൈവവൈവിധ്യ ബോർഡും  സഹകരിക്കുന്നുണ്ട്.  പാർക്കിൽ ചെടികൾ വെച്ചു പിടിപ്പിക്കുന്നത് ജൈവവൈവിധ്യ ബോർഡിന്റെ  മേൽനോട്ടത്തിലാണ്. കരമന -കിള്ളിയാർ ശാസ്ത്രീയ പരിപാലന പദ്ധതിയുടെ ഭാഗമായി നദിതീരസംരക്ഷണം, ചെയിൻ ലിങ്ക്‌സ് ഫെൻസിങ്, അലക്കുകടവ് പുനരുദ്ധാരണം എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. പാർക്കിന്റെ വൈദ്യുതീകരണത്തിന് നഗരസഭയെ സമീപിച്ചിട്ടുണ്ട്.

ജൈവ പാർക്കിന്റെ നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക്  സമീപത്തെ ക്ഷേത്രങ്ങളുടെയും റസിഡന്റ്‌സ് അസോസിയേഷനുകളുടെയും   നാട്ടുകാരുടെയും സഹകരണത്തോടെ ജൈവ ഉദ്യാനത്തിനുള്ളിൽ  കുട്ടികൾക്ക് ഉല്ലസിക്കുന്നതിനായി  സംവിധാനങ്ങളൊരുക്കാൻ ശ്രമിക്കുമെന്ന് വാർഡ് കൗൺസിലർ കരമന അജിത് പറഞ്ഞു.