തളിപ്പറമ്പ്: ഏഴോം ഗ്രാമപ്പഞ്ചായത്തിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കാൻ കോട്ടക്കീൽ പ്രദേശത്ത് ഒരുക്കങ്ങൾ തുടങ്ങി. പുഴയും, കൈപ്പാട്‌ കൃഷിയും തെങ്ങിൻതോപ്പും നിറഞ്ഞ, കണ്ടൽക്കാടുകൾ പ്രകൃതിരമണീയമാക്കിയ സ്ഥലമാണിത്.

ഏഴോം ഗ്രാമത്തിലെ പുഴയോരക്കാഴ്ചകൾ സഞ്ചാരികൾക്ക് ഏറെ ആഹ്ലാദകരമാണ്. കോട്ടക്കീൽ കടവിൽ പാലം പൂർത്തിയായതോടെയാണ് ഈ കൊച്ചു ദ്വീപ് ശ്രദ്ധയാകർഷിച്ചത്. പട്ടുവം പഞ്ചായത്തിലെ റോഡുകളുടെ വികസനവും കോട്ടക്കീലിലേക്കുള്ള സഞ്ചാരികളുടെ വരവിന് വഴിയൊരുക്കുന്നു.

ബോട്ടുകളിൽ കുപ്പം-ഏഴോം പുഴയിലൂടെ യാത്രചെയ്യാൻ ഇപ്പോൾ ഏറെ ആളുകളെത്തുന്നുണ്ട്. കാഴ്ചകൾ കാണാനിറങ്ങിയാൽ മണിക്കൂറോളം പുഴയിലൂടെ യാത്രചെയ്യാനാകും. ശാന്തമായൊഴുകുന്ന പുഴയാണിത്.

Kottakkeel 2
കോട്ടക്കീലിൽ നിർമിച്ച സൈക്കിൾ വേ  | ഫോട്ടോ: മാതൃഭൂമി

വരുന്നത് ഒട്ടേറെ പദ്ധതികൾ

തെങ്ങിൻ തടികളുപയോഗിച്ച് നിർമിക്കുന്ന നടപ്പാത സഞ്ചാരികൾക്ക് ഇനി പുതിയ അനുഭവമാകും. കോട്ടക്കീലിലെ ഫിഷ്‌ലാൻഡ് സെന്ററിൽനിന്നാണിതിന്റെ തുടക്കം.

നൂറ് മീറ്ററോളം നീളത്തിലാണ് നടപ്പാത. ബോട്ട് കടവിന് സമീപം എട്ടേക്കറോളം സ്ഥലത്ത് വിവിധ പദ്ധതികളൊരുക്കാനും വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടവർ ശ്രമിക്കുന്നുണ്ട്. ജൈവകൃഷി, കുട്ടികൾക്കുള്ള വിനോദകേന്ദ്രം, മത്സ്യബന്ധന പരിശീലനം തുടങ്ങിയവയെല്ലാം കോട്ടക്കീലിലെത്തുന്ന സഞ്ചാരികൾക്കായുള്ള ഭാവിപദ്ധതികളാണ്. ഈ കൊച്ചുദീപിലെ അമ്പതോളം വീടുകളെ ചുറ്റി സൈക്കിൾവേയും ഒരുക്കും. ഇതിനായി വഴിയൊരുക്കിക്കഴിഞ്ഞു. തിരക്കുകളൊഴിവാക്കി സൈക്കിൾ യാത്ര ആസ്വദിക്കാൻ ഈ വഴിയിലൂടെ സാധിക്കും.

പ്രകൃതിക്ക് കോട്ടംതട്ടാതെ സഞ്ചാരികളെ വരവേൽക്കാൻ കോട്ടക്കീൽ മാറിവരികയാണ്. നാടൻ തോണികളിലും വട്ടത്തോണികളിലും യാത്രചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.

Content Highlights: Kannur Tourism, Kottakkeel Island, Kerala Tourism, Travel News