കണ്ണൂർ: സെയ്‌ന്റ് ആഞ്ചലോ കോട്ടയിലേക്ക് വീണ്ടും സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങി. ഞായറാഴ്ച കോട്ടയും പരിസരവും സഞ്ചാരികളെക്കൊണ്ട് നിറഞ്ഞു. വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാഞ്ഞ് സമീപത്തെ റോഡിലേക്ക് നീണ്ടു. ആയിരത്തഞ്ഞൂറിലേറെപ്പേർ ഞായറാഴ്ച കോട്ട സന്ദർശിച്ചതായാണ് കണക്ക്. ഒറ്റദിവസത്തെ വരുമാനം 40,000 രൂപയ്ക്ക് മേലെയാണ്. കോവിഡിന് മുൻപുപോലും ഇത്രയും പേർ വന്നിരുന്നില്ലെന്ന് കോട്ട അധികൃതർ പറയുന്നു.

വൈകിട്ട് അഞ്ചരവരയെ ടിക്കറ്റ് നൽകൂ എന്നറിയാതെ നിരവധി പേർ അതിനുശേഷവുമെത്തി ടിക്കറ്റിന് ശ്രമിച്ച് കിട്ടാതെ നിരാശപ്പെട്ട് മടങ്ങി. ഓൺലൈൻ ടിക്കറ്റിന് ഒരാൾക്ക് 20 രൂപയും നേരിട്ട് എടുക്കുമ്പോൾ 25 രൂപയുമാണ് നിരക്ക്. വിദേശികൾക്ക് 300 രൂപയാണ്. പക്ഷേ, വിദേശികൾ കഴിഞ്ഞ 40 ദിവസത്തിനിടെ മൂന്നോ നാലോ പേർ മാത്രമേ വന്നുള്ളു.

‘വീട്ടിലിരുന്ന് മടുത്തു. കുറച്ച് ശുദ്ധവായു കിട്ടുമെന്ന് കരുതി ഇറങ്ങിയതാണ്-കോട്ട കാണാൻ സകുടുംബം എത്തിയ ഒരാൾ പറഞ്ഞു. നാലുമണിയോടെ പയ്യാമ്പലം ബീച്ചിലെത്തിയ അദ്ദേഹം കുടുംബവും അവിടത്തെ തിരക്ക് കാരണമാണ് കോട്ടയിലേക്ക് വന്നത്. അവിടെയെത്തിയപ്പോൾ അതിനേക്കാൾ തിരക്ക്. സാധാരണ ദിവസങ്ങളിൽ ഇപ്പോൾ 300-നും 500-നും ഇടയിൽ ആളുവരുന്നുണ്ട്. അവധി ദിവസങ്ങളിൽ ആയിരത്തിനുമേലെ പോകും. പത്താംക്ലാസ് വരെയുള്ള കുട്ടികൾക്ക് ടിക്കറ്റ് വേണ്ടാത്തതിനാൽ കൃത്യം കണക്ക് ലഭ്യമല്ല.

Kannur Fort
കോട്ടയിലെ പാർക്കിങ് സൗകര്യം പോരാഞ്ഞ് പുറത്ത് റോഡിൽ നിർത്തിയിട്ട വാഹനങ്ങൾ ​ഗതാ​ഗതക്കുരുക്കിന് ഇടയാക്കിയപ്പോൾ

ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ വക ലൈറ്റ് ആൻഡ്‌ സൗണ്ട് ഷോ കൂടി ഉടൻ തുടങ്ങുന്നുണ്ട്. നേരത്തെ തുടങ്ങാനിരുന്നതായിരുന്നു. കോവിഡ് കാരണം നീണ്ടു. അടുത്ത കാലത്ത് വീണ്ടും നോക്കിയപ്പോൾ കനത്ത മഴ വന്നു. കാലാവസ്ഥ മെച്ചപ്പെട്ടാൽ ഉടൻ തുടങ്ങാനാണ് പരിപാടി.

ബെംഗളൂരുവിലെ ഒരു കമ്പനിക്കാണ് ഇതിന്റെ കരാർ നൽകിയിരിക്കുന്നത്. നടത്തിപ്പ് ടൂറിസം പ്രൊമോഷൻ കൗൺസിലിനും. കോട്ടയുടെ ചുമതലക്കാരായ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് വരുമാനത്തിന്റെ നിശ്ചിത ശതമാനം നൽകും. ആദ്യ ഏതാനും ആഴ്ച ട്രയൽ അടിസ്ഥാനത്തിൽ ടിക്കറ്റില്ലാതെ നടത്താനാണ് പരിപാടി.

Content Highlights: Kannur fort, St. Angelo Fort visiting, Kannur travel destinations