കൂരാച്ചുണ്ട്: മൂന്നരമാസത്തെ ഇടവേളയ്ക്കുശേഷം സഞ്ചാരികളെ സ്വീകരിക്കാനൊരുങ്ങി കക്കയം ഹൈഡല്‍ ടൂറിസം കേന്ദ്രം. കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് ഏപ്രില്‍ പകുതിയോടെ അടച്ച കേന്ദ്രം വെള്ളിയാഴ്ചയാണ് തുറന്നത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കേന്ദ്രങ്ങള്‍ തുറന്നെങ്കിലും കക്കയം ടൗണ്‍ കണ്‍ടെയ്ന്‍മെന്റ് സോണില്‍ പെടുന്നതിനാല്‍ സഞ്ചാരികള്‍ക്ക് താത്കാലികമായി പ്രവേശനം നിരോധിച്ചിരിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് വിലക്കുനീങ്ങി സഞ്ചാരികള്‍ എത്തിത്തുടങ്ങിയത്. അമ്പതോളംപേരാണ് ചൊവ്വാഴ്ച കക്കയത്ത് എത്തിയത്. ചൊവ്വാഴ്ച 10,000 രൂപയോളം കളക്ഷന്‍ ഉണ്ടായതായി ഹൈഡല്‍ ടൂറിസം മാനേജര്‍ കെ. ശിവദാസന്‍ അറിയിച്ചു.

കോവിഡ് കാരണം ഹൈഡല്‍ ടൂറിസത്തിനുണ്ടായത് ലക്ഷങ്ങളുടെ നഷ്ടമാണ്. രണ്ടുവര്‍ഷമായി കേന്ദ്രത്തിന് ഏകദേശം 75 ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നുണ്ടെന്ന് ഡാം സേഫ്റ്റി അസി. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ സി. അബ്ദുല്‍ റഹീം പറഞ്ഞു.

പ്രവേശനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്

കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും പ്രവേശനം അനുവദിക്കുക. പത്തുവയസ്സിനുതാഴെയുള്ള കുട്ടികള്‍ക്കും അറുപത്തിയഞ്ചിന് മുകളിലുള്ളവര്‍ക്കും പ്രവേശനമില്ല. കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ വിനോദസഞ്ചാരികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പാര്‍ക്കും അനുബന്ധ ഏരിയകളും വെള്ളിയാഴ്ച ഹൈഡല്‍ ടൂറിസം ജീവനക്കാര്‍ വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്തു.

Content highlights : kakkayam hydel tourism destination reopen after three and half months later