Kakkathuruth
Caption

അരൂര്‍: സഹകരണ സംഘത്തിന്റെ കാക്കത്തുരുത്ത് ടൂറിസം പദ്ധതിക്ക് ഉടന്‍ തുടക്കമാകും. പുരവഞ്ചികളുടെ നിര്‍മാണം അവസാനഘട്ടത്തിലെത്തി.

ഹോട്ടല്‍, ലോഡ്ജിങ്, ഹൗസ്ബോട്ട്, ആയുര്‍വേദ പഞ്ചകര്‍മ കേന്ദ്രം എന്നിവ ഉള്‍പ്പെടെയുള്ള ടൂറിസം പാക്കേജിനാണ് എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സര്‍വീസ് സഹകരണ സംഘം തുടക്കംകുറിക്കുന്നത്. ഒന്നരക്കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. സഹകരണവകുപ്പിന്റെ വിഹിതമായ ഇരുപത് ലക്ഷം രൂപ ആദ്യംതന്നെ അനുവദിച്ചിരുന്നു. ഈ തുകയുപയോഗിച്ച് 'ശിക്കാര്‍' വഞ്ചികളുടെ പണികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

കാക്കത്തുരുത്തിലെ വികസനസാധ്യതകള്‍ പരിശോധിക്കാന്‍ വിനോദസഞ്ചാര വകുപ്പ് സമയം അനുവദിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സന്ദര്‍ശനം മാറ്റുകയായിരുന്നു. ഉടന്‍തന്നെ കാക്കത്തുരുത്തിലേക്ക് വിനോദസഞ്ചാര വകുപ്പ് അധികൃതര്‍ എത്തുമെന്നാണ് പ്രതീക്ഷ. ജൂണ്‍ 15-ന് മുമ്പ് ശിക്കാര്‍ വഞ്ചികള്‍ നീറ്റിലിറക്കാനാകുമെന്ന് സംഘം പ്രസിഡന്റ് കല്ലുങ്കല്‍ ദിവാകരന്‍, സെക്രട്ടറി കെ.എന്‍. കുഞ്ഞുമോന്‍ എന്നിവര്‍ പറഞ്ഞു. 

കുമ്പളങ്ങി മാതൃകാ ടൂറിസം ഗ്രാമത്തിന് സമീപം ഏഴ് ഏക്കറോളം സ്ഥലം സംഘത്തിന് സ്വന്തമായുണ്ട്. ഇവിടെ ഹോട്ടല്‍, ലോഡ്ജിങ്ഹട്ടുകള്‍ എന്നിവ നിര്‍മിക്കാനും സംഘം പദ്ധതിയിട്ടിട്ടുണ്ട്. ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കാക്കത്തുരുത്തിലും സമീപപ്രദേശങ്ങളിലും കുടിവെള്ളം, വൈദ്യുത സൗകര്യങ്ങള്‍, ഗതാഗതസംവിധാനങ്ങള്‍ എന്നിവ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.

Content Highlights: Kakkathuruth, Kakkathuruth Island Tourism, Tousrim Spots in Kochi