കൈതേരിമുക്ക് ഭാഗത്തെ കുറ്റ്യാടിപ്പുഴയോരം | ഫോട്ടോ: മാതൃഭൂമി ഇ പേപ്പർ
പേരാമ്പ്ര: ഇവിടെ കുറ്റ്യാടിപ്പുഴ ഏറെ മനോഹരിയാണ്. കാറ്റിലാടുന്ന മുളങ്കൂട്ടത്തിനിടയിലൂടെ ഒഴുകിയെത്തുന്ന പുഴയ്ക്കരികെ വൈകുന്നേരങ്ങളിൽ കാറ്റേറ്റിരിക്കാം. തണൽ മരങ്ങൾക്കരികിലൂടെ നടന്ന് പ്രകൃതിയുടെ മനോഹാരിത ആസ്വദിക്കാം. കുറ്റ്യാടിപ്പുഴയുടെ തീരത്തുള്ള കൈതേരിമുക്കിന്റെ ഗ്രാമീണ ടൂറിസം വികസന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ വിശദമായ പദ്ധതി തയ്യാറാക്കുകയാണിപ്പോൾ ചങ്ങരോത്ത് പഞ്ചായത്ത്.
പാലേരി തോടത്താങ്കണ്ടിക്കും ചെറിയകുമ്പളത്തിനും സമീപത്തുള്ള പ്രദേശമാണ് കൈതേരിമുക്ക്. ജാനകിക്കാട് ഇക്കോടൂറിസം കേന്ദ്രവും ഇതിനടുത്താണ്. ഓരോ പഞ്ചായത്തിലും ഒരു സ്ഥലം വിനോദ സഞ്ചാരകേന്ദ്രമാക്കി വികസിപ്പിക്കാനുള്ള ടൂറിസം വകുപ്പിന്റെ നിർദേശപ്രകാരമാണ് കൈതേരിമുക്ക് ടൂറിസംകേന്ദ്രമാക്കാനുള്ള സാധ്യതകൾ പഠിച്ചുതുടങ്ങിയത്.
ടി.പി.രാമകൃഷ്ണൻ എം.എൽ.എ., ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിക്കൊപ്പം അടുത്തിടെ പ്രദേശം സന്ദർശിച്ചിരുന്നു. കൊല്ലംജില്ലയിൽ ജടായു നേച്ചർ പാർക്കിനുപിന്നിൽ പ്രവർത്തിച്ച സിനിമാസംവിധായകൻകൂടിയായ രാജീവ് അഞ്ചലും സ്ഥലം സന്ദർശിച്ച് വിനോദസഞ്ചാരസാധ്യതകൾ പരിശോധിച്ചു. ടൂറിസംമന്ത്രി പി.എ. മുഹമ്മദ് റിയാസ് നേരത്തേ പ്രദേശത്തുവന്നപ്പോൾ കൈതേരിമുക്ക് ടൂറിസം പദ്ധതിക്ക് എല്ലാ പിന്തുണയും വാഗ്ദാനംചെയ്തിട്ടുണ്ട്.

60 ഏക്കറോളം പൊതുസ്ഥലം പുഴയോരത്തുണ്ടെന്നതാണ് കൈതേരിമുക്കിലെ അനുകൂലഘടകങ്ങളിലൊന്ന്. ആയിരത്തോളം മരങ്ങൾ പുഴയോരത്തുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് വില്ലേജ് ടൂറിസംപദ്ധതിക്ക് രൂപംനൽകുക.
ഇരിങ്ങൽ സർഗാലയയുടെ സഹകരണവും തേടും. ബോട്ട് സർവീസ്, റോപ്പ് വേ, കുട്ടികൾക്കുള്ള വിനോദങ്ങൾ, ഏറുമാടം, മരത്തിലെ ഊഞ്ഞാലുകൾ, മൺവീടുകൾ, കുതിരസവാരി തുടങ്ങിയവയ്ക്കൊക്കെ സാധ്യതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. വിവിധ തൊഴിലവസരവും ലഭ്യമാക്കും. മീൻപിടിത്തത്തിന്റെയും അഗ്രോ ടൂറിസത്തിന്റെയും സാധ്യതയും പ്രയോജനപ്പെടുത്തും. നാടിന്റെ തനത് ഭക്ഷ്യവിഭവങ്ങൾ സഞ്ചാരികൾക്കായി ഒരുക്കും. പെരുവണ്ണാമൂഴിക്ക് സമീപപ്രദേശമെന്ന നിലയിൽ അവിടേയ്ക്കെത്തുന്ന സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനുമാകും. ടൂറിസം പദ്ധതിയുടെ പ്രാഥമിക രൂപരേഖ പഞ്ചായത്ത് ടൂറിസം അധികൃതർക്ക് നേരത്തേ സമർപ്പിച്ചിട്ടുണ്ട്. വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള നടപടിയിലാണിപ്പോൾ.

- ഉണ്ണി വേങ്ങേരി, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..