ഓളങ്ങളില്ലാതെ തടാകസമാനമായ അഷ്ടമുടിക്കായലിന്റെ കൈതാകോടിഭാഗം
കുണ്ടറ: വിനോദസഞ്ചാരികളുടെയും വിവാഹ ഫോട്ടോഗ്രാഫര്‍മാരുടെയും ഇഷ്ടകേന്ദ്രമായിരിക്കുകയാണ് ഇളമ്പള്ളൂരിനുസമീപം കൈതാകോടിയിലെ അഷ്ടമുടിക്കായലിന്റെ തീരം. കായലിന്റെ എട്ടുമുടികളിലൊന്നായ കൈതാകോടി തടാകംപോലെ നിശ്ചലമാണ്.
കായലിനോടുചേര്‍ന്ന റോഡും റോഡിലേക്കുപടര്ന്ന് തണല്‍വീശിനില്‍ക്കുന്ന വലിയ ആല്‍മരവും ആരെയും ആകര്‍ഷിക്കും. കൊല്ലം-തേനി പാതയില്‍ നാന്തിരിക്കല്‍ ജങ്ഷനില്‍നിന്ന് കായല്ക്കരയിലേക്കെത്താം. ഇവിടെനിന്ന് കൈതാകോടി കടത്തുകടവിലേക്കുള്ള റോഡ് പൂര്‍ത്തിയായതോടെയാണ് സഞ്ചാരികളുടെ വരവ് ആരംഭിച്ചത്.
സ്കേറ്റിങ്ങിനും ചൂണ്ടയിടുന്നതിനും സായാഹ്നസവാരിക്കുമെല്ലാം നിരവധിപേരാണ് ഇവിടെയെത്തുന്നത്. പെരിനാട് സ്വദേശിയും സി.പി.എം. ഏരിയ സെക്രട്ടറിയുമായ എസ്.എല്‍.സജികുമാര്‍ ഇവിടം വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിക്കുന്നതിന് പദ്ധതികള്‍ തയ്യാറാക്കിയിരുന്നു. സജികുമാറിന്റെ അഭ്യര്‍ത്ഥനയില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇവിടം സന്ദര്‍ശിച്ചു. സഞ്ചാരികള്‍ക്കായി ഇരിപ്പിടങ്ങളും കഫെറ്റീരിയയും ഓളങ്ങളില്ലാത്ത കായലില്‍ കുട്ടവഞ്ചിസവാരിയുമടക്കം സൗകര്യങ്ങളൊരുക്കുന്നതിനുള്ള രൂപകല്പന തയ്യാറാക്കിയിട്ടുണ്ട്. ഹാബിറ്റാറ്റിലെ ശങ്കറാണ് രൂപകല്പന തയ്യാറാക്കിയത്.
അഷ്ടമുടിക്കായലിന്റെ തീരത്തുകൂടി പെരിനാടുമുതല് മണ്റോത്തുരുത്തുവരെ കായലിന്റെ നാലുമുടികള് ചുറ്റിവരുന്ന വലിയ വിനോദയാത്രാപദ്ധതിയും വിഭാവനം ചെയ്യുന്നുണ്ട്. ഇതിന്റെ ആദ്യപടിയായാണ് കൈതാകോടിയിലെ വികസനം. അഷ്ടമുടിക്കായലിന്റെ കരയില്‍ക്കൂടി 35 കിലോമീറ്ററോളം സഞ്ചരിക്കുന്നതിന് റോഡുകള്‍ നിര്‍മിച്ചുവരുന്നു. കായല്ക്കരയില്ക്കൂടി ഒന്‍പത് റോഡുകള്‍ നിര്‍മിച്ചുകഴിഞ്ഞെങ്കിലും ഇവ പരസ്പരം ബന്ധിപ്പിക്കാനായിട്ടില്ല. മാമ്പുഴക്കടവിലെ വറ്റാത്ത നീരുറവയും പുലിക്കുഴി കായലോരത്തെ കന്യാകുമാരിയെ വെല്ലുന്ന അസ്തമയക്കാഴ്ചയും കൈതാകോടിയിലെ തടാകസമാനമായ കായല്‍പ്പരപ്പിലെ ജലകേളീകേന്ദ്രവും ആസ്വദിച്ച് കാഞ്ഞിരകോട്, കുതിരമുനമ്പുവഴി മണ്റോത്തുരുത്തിലെത്തി യാത്ര അവസാനിക്കും.
Content Highlights: kaithakodi lake in new look with skating facility to welcome the tourists
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..