കിളിമാനൂര്‍: കുന്നിന്‍മുകളില്‍നിന്ന് താഴ് വാര സൗന്ദര്യമാസ്വദിക്കാനും കാറ്റുകൊള്ളാനും ഒപ്പം തെളിഞ്ഞ ആകാശത്തിനൊപ്പം അറബിക്കടലും പൊന്മുടിക്കുന്നും കാണാനും കടലുകാണിയിലെത്തണം.

ഈ പ്രകൃതി സൗന്ദര്യമാസ്വദിക്കാന്‍ കുന്നിന്റെ മുകള്‍ത്തട്ടുവരെ വാഹനത്തില്‍ എത്താം. അതിനാല്‍ ഏതു പ്രായത്തിലുള്ളവര്‍ക്കും ഇവിടെയെത്തി കാഴ്ചകള്‍ ആസ്വദിക്കാം. മനോഹരമായ ഗുഹാക്ഷേത്രവും ഇവിടെ കാണാനുണ്ട്.

പുളിമാത്ത് ഗ്രാമപ്പഞ്ചായത്തിലാണ് പ്രകൃതിഭംഗി നിറഞ്ഞ കടലുകാണിപ്പാറ. കാരേറ്റ്-കല്ലറ റോഡില്‍ താളിക്കുഴിയില്‍നിന്നു അരകിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കടലുകാണിയിലെത്താം. സഞ്ചാരികള്‍ക്കായി ഇരിപ്പിടവും നടപ്പാതയും സുരക്ഷാവേലിയടക്കമുള്ള ക്രമീകരണങ്ങളും ടൂറിസം വകുപ്പ് ഒരുക്കിയിട്ടുണ്ട്.

അടുത്തഘട്ടമായി 1.87 കോടിയുടെ പദ്ധതികള്‍ക്കുള്ള നിര്‍മാണം ആരംഭിച്ചു. വാച്ച് ടവര്‍, കുട്ടികള്‍ക്കുള്ള കളിയിടവും കളിയുപകരണങ്ങളും, ഉദ്യാനം, പുല്‍ത്തകിടി, ലാന്‍ഡ് സ്‌കേപ്പിങ്, ദീപസംവിധാനങ്ങള്‍, ഇരിപ്പിടങ്ങള്‍ എന്നിവയും വാഹനങ്ങള്‍ നിര്‍ത്തിയിടാനുള്ള സ്ഥലവും ഒരുക്കും. നാലുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതോടെ സഞ്ചാരികള്‍ക്ക് വര്‍ക്കല- പൊന്മുടിയാത്രയുടെ ഇടയ്ക്ക് മനോഹരദൃശ്യമൊരുക്കുന്ന ഇടത്താവളമായി കടലുകാണിയെ കാണാം. ഇരു സ്ഥലങ്ങളിലേക്കും ഇവിടെനിന്ന് ഒരേ ദൂരമെന്നതും പ്രത്യേകതയാണ്.

Content Highlights: Kadalukani, Ponmudi, Thiruvananthapuram Tourism, Kerala Tourism, Travel News