ബെംഗളൂരു: കര്‍ണാടകയിലെ പ്രശസ്തമായ ജോഗ് വെള്ളച്ചാട്ടവുമായി ബന്ധപ്പെട്ട് പുതിയ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാനൊരുങ്ങി സര്‍ക്കാര്‍. ബോട്ടിങ്ങും ആംഫി തീയേറ്ററുമെല്ലാം പദ്ധതിയിലുണ്ട്.

ജോഗ് വെള്ളച്ചാട്ടത്തില്‍ നിന്നും 400 മീറ്റര്‍ അകലെയായുള്ള പദ്മാവതി ക്ഷേത്രത്തിലേക്ക് റോപ് വേ തുടങ്ങാനാണ് സര്‍ക്കാര്‍ ആദ്യം ലക്ഷ്യം വെയ്ക്കുന്നത്. അതോടൊപ്പം വെള്ളച്ചാട്ടത്തിനുതാഴെ ബോട്ടിങ് സൗകര്യം ഒരുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. 

കര്‍ണാടക പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനാണ് പദ്ധതിയുടെ നിര്‍മാണച്ചുമതല. ജോ​ഗിനെ ലോകോത്തര നിലവാരമുള്ള സഞ്ചാരകേന്ദ്രമാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 

ആംഫി തീയേറ്ററിനെക്കുടാതെ സയന്‍സ് പാര്‍ക്കും ജംഗിള്‍ ലോഡ്ജും കഫറ്റീരിയയുമെല്ലാം തയ്യാറാക്കുന്നുണ്ട്. ശിവമോഗ എം.പി രാഘവേന്ദ്രയുടെ മേല്‍നോട്ടത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 2023-ഓടെ പദ്ധതി പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Content Highlights: Jog Falls all set to get a makeover to attract tourists