ജഡായുപാറ
കൊല്ലത്തെ ജഡായുപാറ ടൂറിസം പദ്ധതിയില്‍ കോടികളുടെ അഴിമതിയാരോപിച്ച് നിക്ഷേപകരായ പ്രവാസികള്‍ വീണ്ടും രംഗത്ത്. അഴിമതിക്കേസില്‍ കോടതി ഉത്തരവുകള്‍ നിലനില്‍ക്കെ പദ്ധതി ഡയറക്ടര്‍ കൂടിയായ സംവിധായകന് രാജീവ് അഞ്ചല്‍ ഗള്‍ഫിലെത്തി പണം പിരിക്കുകയാണെന്ന് നിക്ഷേപകര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ജഡായുപാറ ടൂറിസം ബി.ഒ.ടി. പദ്ധതിയുടെ മറവില്‍ കോടികളുടെ വെട്ടിപ്പ് നടത്തി എന്നാരോപിച്ച് രണ്ടാം തവണയാണ് പ്രവാസികളായ നിക്ഷേപകര്‍ രംഗത്തുവരുന്നത്.
വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ നൂറിലേറെ വരുന്ന പ്രവാസി നിക്ഷേപകര്‍ സംഘടന രൂപവത്കരിച്ച് നാട്ടില്‍ നിയമപോരാട്ടം നടത്തുകയാണിപ്പോള്‍. പദ്ധതി വരുമാനത്തില്‍ ഇടപെടാന്‍ രാജീവ് അഞ്ചലിന് അധികാരമില്ല എന്ന കൊച്ചി നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെയും ചെന്നൈ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെയും ഉത്തരവ് നിലനില്‍ക്കെയാണ് ഗള്‍ഫില്‍ വീണ്ടും പിരിവ് നടത്തുന്നതെന്ന് നിക്ഷേപകര്‍ പറഞ്ഞു.
ഭൂരിപക്ഷം പ്രവാസികള്‍ ഉള്‍പ്പെടുന്ന നിക്ഷേപകരില്‍നിന്ന് 43 കോടി രൂപയിലേറെ പിരിച്ചെടുത്തിട്ടും പത്ത് കോടിയുടെ പോലും നിര്‍മാണം പദ്ധതി പ്രദേശത്ത് നടത്തിയിട്ടില്ല. ജഡായു പാറ ടൂറിസം സര്‍ക്കാരിന്റെ പദ്ധതിയാണെങ്കിലും പ്രവാസി നിക്ഷേപകരുടെ പരാതിയില്‍ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. കേസില്‍ കോടതി വിധി വരട്ടെ എന്ന നിലപാടിലാണ് സര്‍ക്കാര്‍ നിക്ഷേപകര്‍ പറഞ്ഞു.
പണം നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗവും പ്രവാസികളായതിനാല്‍ നാട്ടില്‍ പ്രക്ഷോഭത്തിന് ശ്രമിച്ചവരെ കേസില്‍ കുടുക്കി ഭീഷണിപ്പെടുത്തുകയാണെന്നും ഇവര്‍ പറഞ്ഞു. ദീപു ഉണ്ണിത്താന്, പ്രവിത്ത്, ബാബുവര്‍ഗീസ്, രഞ്ജി ചെറിയാന്, ഷിജി മാത്യൂ, അന്‍സാരി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Content Highlights: Jatayu Earth's Center Nature Park
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..