തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ബി.ഒ.ടി. മോഡല്‍ ഇക്കോ ടൂറിസം സംരംഭമായ ജഡായു എര്‍ത്ത് സെന്ററിലെ അഡ്വഞ്ചര്‍ റോക്ക് ഹില്‍ സഞ്ചാരികള്‍ക്കായി തുറന്നു. കൊല്ലം ജില്ലയിലെ ചടയമംഗലത്തുള്ള ജഡായു എര്‍ത്ത് സെന്റര്‍ എന്നു പുനര്‍നാമകരണം ചെയ്ത ജഡായു നേച്ചര്‍ പാര്‍ക്കിലാണ് സഞ്ചാരികളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന പടുകൂറ്റന്‍ പക്ഷിശില്‍പ്പമുള്ളത്. ചടയമംഗലത്തെ നാലു കുന്നുകള്‍ ഉള്‍പ്പെടുത്തിയുള്ള നേച്ചര്‍ പാര്‍ക്കില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന കൂടുതല്‍ പദ്ധതികള്‍ ഏപ്രില്‍ 2018 ഓടു കൂടി പ്രവര്‍ത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷ.

ഇപ്പോള്‍ 10 മുതല്‍ 100 പേരടങ്ങുന്ന സന്ദര്‍ശക സംഘങ്ങള്‍ക്ക് തുറന്നു കൊടുത്തിട്ടുള്ള അഡ്വെന്‍ഞ്ചര്‍ റോക്ക് ഹില്ലിലെത്താന്‍ ഒരാള്‍ക്ക് 3500 രൂപയാണ് ഫീസ്. 65 ഏക്കര്‍ പരന്നുകിടക്കുന്ന സ്ഥലത്ത് പരന്ന് കിടക്കുന്ന പ്രദേശത്ത് ക്യാമ്പിങ്, മല കയറ്റം, ട്രക്കിങ്ങ്, 6 ഡി തീയേറ്റര്‍, വെര്‍ച്വല്‍ റിയാലിറ്റി മ്യൂസിയം, സിദ്ധ-ആയുര്‍വേദ ഗുഹാ റിസോര്‍ട്ട് തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്.  ആകര്‍ഷകങ്ങളായ 15-ഓളം സാഹസിക പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യങ്ങള്‍ ടൂര്‍ പാക്കേജിലുണ്ട്. പെയിന്റ് ബോള്‍, അമ്പെയ്ത്ത്, ലേസര്‍ ടാഗ്, റൈഫിള്‍ ഷൂട്ടിംഗ്,റോക്ക് ക്ലൈമ്പിങ്, റപ്പെല്ലിങ് തുടങ്ങി 20-ഓളം വ്യത്യസ്ത വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള പ്രത്യേക അഡ്വെന്‍ഞ്ചര്‍ സോണ്‍ സെന്ററിലെ മറ്റൊരു സവിശേഷതയാണ്. 

ജടായു എര്‍ത്ത് സെന്ററിലെ ജടായു ശില്‍പത്തിന്റെ വിശേഷങ്ങള്‍ കാണാം

 

'ഇന്ത്യയിലെ സുസ്ഥിരവും പ്രകൃതി സൗഹൃദപരവുമായ ടൂറിസത്തിന്റെ ഏറ്റവും തിളക്കമുള്ള ഉദാഹരണമായി സെന്ററിനെ കണക്കാക്കാം. പത്തു വര്‍ഷത്തോളമുള്ള നിരന്തരമായ ആത്മാര്‍പ്പണത്തിന്റെ ഫലമാണ് ജഡായു എര്‍ത്ത് സെന്റര്‍. മനുഷ്യരോടൊപ്പം മറ്റ് ജീവജാലങ്ങളും പരസ്പര സഹവര്‍ത്തിത്വത്തോടെ കഴിഞ്ഞ പുരാതനമായ ഒരു കാലഘട്ടത്തെയാണ് ജഡായു പ്രതീകവത്ക്കരിക്കുന്നത്,' ജഡായു എര്‍ത്ത് സെന്ററിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറും കണ്‍സെപ്റ്റ് ഡിസൈനറുമായ രാജീവ് അഞ്ചല്‍ സെന്ററിനെ പറ്റി വിശദീകരിച്ചു. 

'ലോകമെങ്ങുമുള്ള സാഹസിക ടൂറിസത്തില്‍ തല്‍പ്പരരായ വിനോദ സഞ്ചാരികളെ കേരളത്തിലേയ്ക്ക് ആകര്‍ഷിക്കാന്‍ നിരന്തരമായി പരിശ്രമിച്ചു പോരുകയാണ് കേരള ടൂറിസം വകുപ്പ്. ടൂറിസം മേഖലയുടെ വളര്‍ച്ചയെ പരമാവധി ത്വരിതപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള വികസന പദ്ധതികള്‍ ടൂറിസം വകുപ്പ് തുടര്‍ന്നും ഏറ്റെടുത്തു നടത്തും,' കേരള ടൂറിസത്തിന്റെ പ്രവര്‍ത്തന പദ്ധതികളെ പറ്റി സഹകരണം, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ വിശദമാക്കി. സഞ്ചാരികളുടെ മാറിമറിയുന്ന അഭിരുചികളെയും മുന്‍ഗണനകളെയും കണക്കിലെടുത്ത് കേരളത്തിലുടനീളം അഡ്വെന്‍ഞ്ചര്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുവാനും സംസ്ഥാനത്തെ സാഹസികതയുടെ നാട് എന്ന നിലയിലേയ്ക്ക് ഉയര്‍ത്തുവാനുമാണ് കേരള ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്. 

ജടായു എര്‍ത്ത് സെന്ററിലെ അഡ്വഞ്ചര്‍ പാര്‍ക്കിലെ വിശേഷങ്ങള്‍ കാണാം

ഉത്തരവാദിത്ത ടൂറിസം എന്ന അനന്യമായ ആശയത്തെ മുന്‍നിര്‍ത്തി നവീകരിക്കാവുന്ന സ്‌ത്രോതസ്സുകളും മഴവെള്ള സംഭരണവും ഇവിടെയുണ്ട്. കൂടാതെ തദ്ദേശീയ ജനതയുടെ ജീവനോപാധികളെ പിന്തുണയ്ക്കുകയുമാണ് സെന്ററിന്റെ ലക്ഷ്യം. 

ബി.ഒ.ടി മാതൃകയില്‍ പൊതു സ്വകാര്യ സംരംഭമായാണ് സെന്റര്‍ നിര്‍മ്മിച്ചിട്ടുള്ളത്. പുരാണങ്ങളില്‍ പറയുന്ന ജടായു എന്ന ഐതിഹാസിക പക്ഷിയെയാണ് പ്രമുഖ ചലച്ചിത്ര സംവിധായകനും ശില്പിയുമായ രാജീവ് അഞ്ചല്‍ ശില്‍പ്പ രൂപത്തില്‍ കൊത്തി വച്ചിട്ടുള്ളത്. 

സീതയെ രക്ഷിക്കാന്‍ രാവണനുമായി നടത്തിയ യുദ്ധത്തില്‍ ജഡായുവിന് ജീവനാശം വരുന്ന സ്ഥലമായാണ് ഈ പ്രദേശം അറിയപ്പെടുന്നത്. സാഹസികത താല്പര്യമുള്ള സഞ്ചാരികള്‍ മുതല്‍ കുടുംബങ്ങള്‍ക്കു വരെ, യുവജനങ്ങള്‍ക്കും ദമ്പതികള്‍ക്കും എന്നുവേണ്ട വിശാലമായ ജനവിഭാഗത്തെ വളരെയേറെ ആകര്‍ഷിക്കുന്ന വിനോദ സഞ്ചാര കേന്ദ്രമായി ഇത് മാറും. 

'പ്രകൃതിസൗന്ദര്യം കനിഞ്ഞനുഗ്രഹിച്ചിട്ടുള്ള അതിമനോഹരമായ ഈ സ്ഥലത്ത് സമയം ചിലവഴിക്കുന്നത് വഴി സഞ്ചാരികള്‍ക്ക് പുത്തനുണര്‍വും നവോന്മേഷവും കൈവരും. രണ്ട് വിഭാഗങ്ങളിലായി ഈ സെന്ററിനെ വേര്‍തിരിച്ചിട്ടുണ്ട്.  ആദ്യത്തെ വിഭാഗം പൂര്‍ണ്ണമായും മലകയറ്റത്തിനും മറ്റുമുള്ള സൗകര്യമൊരുക്കുമ്പോള്‍ രണ്ടാമത്തെ വിഭാഗം ബര്‍മ്മ ബ്രിഡ്ജ് ക്രോസ്സിങ്, വാലി ക്രോസിന്, പെയിന്റ് ബോള്‍ തുടങ്ങിയ പ്രവര്‍ത്തങ്ങള്‍ക്കായി മാറ്റി വച്ചിരിക്കുന്നു,' കേരളീയര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന ടൂറിസ്റ്റ് കേന്ദ്രത്തെ കുറിച്ച് കേരളം ടൂറിസം ഡയറക്റ്ററും കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മാനേജിങ് ഡയറക്റ്ററുമായ ശ്രീ ബാലകിരണ്‍ ഐ എ എസ് വിശദീകരിച്ചു.  

200 അടി നീളവും 150 അടി വീതിയും 70 അടി ഉയരവുമുള്ള ശില്‍പ്പം ലോകത്തിലെ ഏറ്റവും വലിയ പ്രവര്‍ത്തന യോഗ്യമായ ശില്‍പ്പമെന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിട്ടുമുണ്ട് എന്നത് ശ്രദ്ധേയമാണ്. ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദര്‍ശിക്കുക: http://www.jatayuearthscenter.com/