തീം പാർക്കിൽ പോവാനും അവിടെയുള്ള റൈഡുകളിൽ കയറാനും ആസ്വദിക്കാനുമെല്ലാം ഏവർക്കും ഇഷ്ടമാണ്. റോളർ കോസ്റ്റർ പോലെയുള്ളവയാണെങ്കിൽ പറയുകയും വേണ്ട. ആർപ്പുവിളിച്ച് ഉള്ള സമയം അങ്ങ് ആഘോഷമാക്കും. പക്ഷേ ഒരു രാജ്യത്ത് ഇതൊന്നും ഇപ്പോൾ നടപ്പില്ല. റോളർ കോസ്റ്ററിൽ കയറുമ്പോൾ ആർപ്പുവിളിക്കുന്നത് നിരോധിച്ചിരിക്കുകയാണ് ഒരു രാജ്യം.

ജപ്പാനാണ് ആ രാജ്യം. രാജ്യത്തെ 30 തീം പാർക്കുകൾ ഉൾപ്പെടുന്ന സംഘടനയായ ഈസ്റ്റ് ആൻഡ് വെസ്റ്റ് ജപ്പാൻ തീം പാർക്ക് അസോസിയേഷനാണ് ഇങ്ങനെയൊരു നടപടിക്ക് പിന്നിൽ. റോളർ കോസ്റ്റർ ഉൾപ്പെടെയുള്ളവയിൽ കയറുമ്പോൾ അലറിക്കരയുകയോ, ഉച്ചത്തിൽ ശബ്ദമുണ്ടാക്കുകയോ, കൂവുകയോ ഒന്നും പാടില്ലെന്നാണ് അധികൃതർ നൽകുന്ന നിർദേശം. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി അടച്ചിട്ട പാർക്കുകൾ വീണ്ടും തുറന്നുപ്രവർത്തിക്കുന്നതിന്റെ ഭാഗമായുള്ള സുരക്ഷാ മുൻകരുതലാണ് ഈ 'നിരോധനം'.

വായ് തുറന്ന് ഉച്ചത്തിൽ ശബ്ദമുണ്ടാക്കുമ്പോൾ പുറത്തേക്കുവരുന്ന തുപ്പലിന്റെ അംശം രോഗാണുകൾ വ്യാപിക്കാനിടയാക്കും എന്നതാണ് 'ആർപ്പുവിളി നിരോധന'ത്തിന് പിന്നിലെ വസ്തുത. ടോക്കിയോ ഡിസ്നി ലാൻഡ്, ഡിസ്നി സീ, ജപ്പാൻ യൂണിവേഴ്സിറ്റി സ്റ്റുഡിയോസ് തുടങ്ങിയവയാണ് തീം പാർക്ക് സംഘടനയിലുൾപ്പെടുന്ന പ്രധാന പാർക്കുകൾ.

Content Highlights:Japan Tourism, Japan Theme Park, Visitors Instructed no Screaming and Shouting in Roller Coasters